ചെമ്പട്ട് | അവസാനം | ശിവ
"ആദിചേട്ടനു ഒന്നും പറ്റിയില്ല ചേച്ചി .....
"പിന്നെ എന്ത് കോപ്പാടി നീ പറയാൻ വന്നതെന്നും ചോദിച്ചു ഞാൻ അവളുടെ നേരെ ദേഷ്യപ്പെട്ടു..
"അതുപിന്നെ രാവിലെ കാവിലെ കുളം വൃത്തിയാക്കുന്ന കൂട്ടത്തിൽ ആദിയേട്ടൻ കുളത്തിനടിയിൽ മുങ്ങിയപ്പോൾ ആരുടെയോ അസ്ഥികൂടം കിട്ടി അത് പറയാൻ ആണ് ഞാൻ വന്നത്....
"ഹോ അതായിരുന്നോ ഞാൻ വെറുതെ പേടിച്ചു..
അല്ല നീ ഇതെങ്ങനെ അറിഞ്ഞു.....
"അതുപിന്നെ ചേച്ചി നല്ല ഉറക്കം ആയതു കൊണ്ട് ഞാൻ ഒറ്റക്ക് പുറത്തൊക്കെ ഒന്ന് ചുറ്റി അടിച്ചു വരും വഴി രമണിയേട്ടത്തിയെ കണ്ടു അവരാണ് ഇത് എന്നോട് പറഞ്ഞത്.....
"മ്മ്മം എന്നിട്ട് അത് ആരുടെ ആണെന്ന് മനസ്സിലായോ....
"ഇല്ല.. അതൊക്കെ പോട്ടെ ആദിയേട്ടൻ എന്ന് പറഞ്ഞതും ചേച്ചി എന്തിനാ ടെൻഷൻ ആയത്..
"ഹേയ് അതൊന്നുമില്ല..
"ഒന്നും ഇല്ലാഞ്ഞിട്ടാണോ എന്റെ നേരെ ചൂടായത്.. കൊച്ചു കള്ളി ചേച്ചിക്ക് അപ്പോൾ ആദിയേട്ടനെ ഇഷ്ടം ആണല്ലേ.....
"ഒന്നു പോടീ അവിടുന്നു ഇഷ്ടം മാങ്ങാത്തൊലിയാ.....
ഒരേ കോളേജിൽ പഠിക്കുന്ന ആളായത് കൊണ്ട് ആൾക്ക് എന്തെങ്കിലും പറ്റിയോ എന്നറിയാൻ വേണ്ടി ചോദിച്ചെന്നെ ഒള്ളു....
"മ്മ്മം മ്മം എനിക്കെല്ലാം മനസ്സിലാവുന്നുണ്ട് എന്നും പറഞ്ഞു എന്നെ നോക്കി ആക്കിയ പോലൊരു ചിരിയും ചിരിച്ചു കൊണ്ട് ലെച്ചു മുറിയിൽ നിന്നും പോയി....
അവൾ പോയി കഴിഞ്ഞാണ് ഞാനും അതേ കുറിച്ചു ചിന്തിച്ചത്....
എന്തിനാണ് ആദിയുടെ കാര്യത്തിൽ ഞാൻ ഇത്രയും ടെൻഷൻ അടിച്ചത്......
എനിക്കിപ്പോൾ അവനോടു പഴയ ദേഷ്യം ഒന്നുമില്ല .... അവനെയും അവന്റെ മുറപ്പെണ്ണിനെയും ഒരുമിച്ചു കണ്ടപ്പോൾ എനിക്ക് എന്തിനാണ് ദേഷ്യം വന്നത്....
അറിയില്ല ഒന്ന് മാത്രം മനസ്സിലാവുന്നുണ്ട് ഇതുവരെ തോന്നാത്ത എന്തോ ഒരടുപ്പം എനിക്ക് അവനോട് തോന്നി തുടങ്ങിയിരിക്കുന്നു.....
എനിക്ക് അവനെ കാണാൻ തോന്നുന്നു..
ഉടനെ തന്നെ ഞാൻ മുറിയിൽ നിന്നും ഇറങ്ങി ലെച്ചുവുമായി കാവിലേക്കു പോയി.....
അവിടെത്തിയതും അസ്ഥികൂടം എന്റെ മുന്നിലൂടെ കുറച്ചു ആളുകൾ ചേർന്ന് എടുത്തു കൊണ്ടു പോയി....
ആ അസ്ഥിക്കൂടം കണ്ടതും എന്റെ ഉള്ളൊന്നു പിടഞ്ഞു എന്തോ ഒരു വല്ലായ്മ എനിക്ക് ഫീൽ ചെയ്തു....
എനിക്ക് പരിചയമുള്ള ആരോ ആണ് അതെന്ന് ഒരു തോന്നൽ മനസ്സിൽ ഉണ്ടായി......
എന്തുകൊണ്ട് ആണ് ഇങ്ങനെ എന്ന് ചിന്തിച്ചപ്പോൾ വിഷ്ണു എന്ന് ഉള്ളിൽ ഇരുന്നു ആരോ മന്ത്രിക്കും പോലെ തോന്നി.....
ഈശ്വരാ അപ്പോൾ അത് വിഷ്ണുവിന്റെ അസ്ഥികൂടം ആയിരിക്കുമോ..
അങ്ങനെ ആണെങ്കിൽ അവനെ കൊന്നത് ഉറപ്പായും ആ വിജയേന്ദ്രൻ തന്നെ ആയിരിക്കും എന്ന് മനസ്സിൽ പറഞ്ഞതും അത് ശെരിയെന്നോണം മഹാദേവ ക്ഷേത്രത്തിൽ നിന്നും മണിയൊച്ച കേട്ടു.......
എന്നാലും എന്റെ നാഗമ്മേ നിന്റെ മുന്നിൽ വെച്ചു ഇത്രയും വലിയ അനർത്ഥം ഉണ്ടായിട്ടും അത് എന്തുകൊണ്ട് നീ തടഞ്ഞില്ല.. അഞ്ജനെയും വിഷ്ണുവിനെയും എന്തുകൊണ്ട് നീ ഒന്നാക്കിയില്ല....
പാവം അഞ്ജന അവൾ നിന്നെ എത്രയേറെ വിശ്വസിച്ചു....
എന്നിട്ടും എന്തിനാ ഈ വിധി നീ അവൾക്ക് കൊടുത്തത്....
ഇനിയൊരു ജന്മം ഉണ്ടെങ്കിൽ നീ അവരെ ഒരുമിപ്പിക്കണേ....
എന്ന് ഞാൻ കാവിനു മുന്നിൽ നിന്നു നാഗമ്മയോട് പറഞ്ഞു കൊണ്ട് തറവാട്ടിലേക്ക് നടന്നു.....
=============================
കാവിലെ കുളത്തിലെ അസ്ഥികൂടം ആരുടെ ആണെന്ന് ആർക്കും പിടികിട്ടിയില്ല..
പ്രശ്നം വെച്ചു നോക്കിയിട്ടും വെളിപ്പെട്ടില്ല....
എന്തായാലും എല്ലാരും കൂടി വേണ്ട പരിഹാര കർമ്മങ്ങൾ എല്ലാം ചെയ്തു വൈകാതെ തന്നെ കാവിൽ വിളക്ക് വെപ്പിനും പൂജക്കും ഉള്ള ഒരുക്കങ്ങൾ തുടങ്ങി....
അങ്ങനെ പൂജ തുടങ്ങിയ ദിവസം ഞങ്ങൾ എല്ലാം കാവിൽ എത്തി..
ചെമ്പട്ടിൽ പൊതിഞ്ഞു നാഗമ്മയുടെ വിഗ്രഹത്തിനു മുന്നിൽ വിളക്ക് വെച്ചു ഞാൻ പ്രാത്ഥിച്ചു തിരിയുമ്പോൾ എന്റെ മുന്നിലായി ആദി നിൽപ്പുണ്ടായിരുന്നു....
ദീപ പ്രഭയിൽ മുങ്ങി നിൽക്കുന്ന കാവിനുള്ളിൽ കത്തി ജ്വലിച്ചു നിൽക്കുന്ന വിളക്കുകളുടെ വെട്ടത്തിൽ അവന്റെ മുഖം ഞാൻ നോക്കി നിന്നു....
പെട്ടെന്ന് അവൻ കണ്ണുകൾ തുറന്നെന്നെ നോക്കി..... എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല ആദിയുടെ കണ്ണുകൾ പൂച്ച കണ്ണ് പോലെ തോന്നുന്നു.....
വിഷ്ണുവിന്റെ കണ്ണുകൾ പോലെ തന്നെ ഉണ്ട്.....
ഞാൻ ആ കണ്ണുകളിൽ തന്നെ തറപ്പിച്ചു നോക്കി കൊണ്ടിരുന്നു.....
"എന്താടി ഇങ്ങനെ നോക്കുന്നത്....
"ഹേയ് ഒന്നുമില്ല എന്നും പറഞ്ഞു ചിരിച്ചു കൊണ്ട് ഞാൻ മുന്നോട്ട് നടന്നു....
എന്റെ പിന്നാലെ ആദിയും വന്നു....
"അതേ കാന്തമ്മോ നാളെ കഴിഞ്ഞു സന്ധ്യക്കു നീ ഈ കാവിൽ വരണം എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്....
"എന്നോടോ എന്താ....
"അതൊക്കെ അപ്പോൾ പറയാം..
പിന്നെ വരുമ്പോൾ നീ ഇതും കൊണ്ട് വരണം എന്നും പറഞ്ഞു ആദി എന്റെ നേരെ ഒരു പൊതി സമ്മാനിച്ചു കൊണ്ട് അവിടെ നിന്നും പോയി....
അതിൽ എന്തായിരിക്കും എന്നറിയാനുള്ള ആകാംഷയിൽ ഞാൻ വേഗം തറവാട്ടിൽ എത്തി ആ പൊതി തുറന്നു നോക്കി.....
അതിമനോഹരമായൊരു ചെമ്പട്ട്....
അത് കണ്ടതും എനിക്ക് ആകെ അത്ഭുതമായി..
പണ്ട് വിഷ്ണു ഇതുപോലെ ഒരു ചെമ്പട്ട് അഞ്ജനക്ക് സമ്മാനിച്ചു കാവിൽ വരാൻ പറഞ്ഞ സംഭവം ആണെന്റെ മനസ്സിൽ ഓടിയെത്തിയത്......
ഇന്ന് കാവിൽ വെച്ച് ആദിയെ കണ്ടപ്പോൾ എനിക്ക് വിഷ്ണു ആയിട്ട് തോന്നിയിരുന്നു....
ഇപ്പോൾ ആദി ഈ ചെമ്പട്ട് സമ്മാനിച്ചു കൊണ്ട് രണ്ടു ദിവസം കഴിഞ്ഞു കാവിൽ വരാൻ വരാൻ പറഞ്ഞപ്പോൾ എല്ലാം ഒരു തനിയാവർത്തനം പോലെ തോന്നുന്നു.....
ആദിക്ക് പറയാൻ ഉള്ളത് എന്തായിരിക്കും എന്ന് ചിന്തിച്ചു ചിന്തിച്ചു അന്ന് കിടന്ന് ഉറങ്ങി....
പിന്നീടുള്ള രണ്ടു ദിവസവും ആദിയെ കുറിച്ചായിരുന്നു എന്റെ ചിന്തകൾ മുഴുവനും.....
അത് എന്താണെന്നു അറിയും വരെ എനിക്കൊരു സമാധാനവും കിട്ടില്ല അങ്ങനെ രണ്ടു ദിവസം തള്ളി നീക്കിയതിന്റെ സന്തോഷത്തിൽ കാവിൽ വിളക്ക് വെക്കാനെന്നും പറഞ്ഞു സന്ധ്യയോടെ തറവാട്ടിൽ നിന്നും ഇറങ്ങി....
ലെച്ചു കൂട്ടു വന്നെങ്കിലും അവളെ കാവിന് മുന്നിൽ നിർത്തി ഞാൻ തനിയെ കാവിലേക്ക് കേറി......
ഉള്ളിൽ എന്തൊക്കെയോ പ്രതീക്ഷകളുമായി കാവിനുള്ളിലൂടെ നടന്നു ഞാൻ നാഗമ്മയുടെ വിഗ്രഹത്തിന് മുന്നിൽ എത്തി.....
ചെമ്പട്ടും കൈയിൽ പിടിച്ചു നാഗമ്മയോട് പ്രാത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ പിന്നിൽ ഒരു കാൽപ്പെരുമാറ്റം കേട്ടു ഞാൻ ആദിയാവും എന്ന് കരുതി തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ആദിയുടെ മുറപ്പെണ്ണ് കാർത്തികയേ ആണ്.....
ആ ഒരു നിമിഷം അഞ്ജനയെയും നീതുവിനെയും ഞാൻ ഓർത്തു.....
ചരിത്രം ആവർത്തിക്കപ്പെടുമ്പോലെ എനിക്ക് തോന്നി.....
അവൾ എന്നെ ലക്ഷ്യമാക്കി നടന്നു വരികയാണ്.....
എന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂടി കൂടി വന്നു..
ഉള്ളിൽ എവിടെയോ ഒരൽപ്പം ഭയം എനിക്ക് തോന്നി തുടങ്ങി......
അവൾ എന്റെ അടുത്തെത്തിയതും എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.....
ഞാനും ചെറുതായി ഒന്നു പുഞ്ചിരിച്ചു......
എന്താവും നടക്കാൻ പോവുന്നത് എന്ന ആകാംഷയെ കീറി മുറിച്ചു കൊണ്ട് ആദി അവിടേക്ക് വന്നു.....
"ഹാ കാന്തമ്മോ നീ വന്നോ.....
"മ്മ്മ്മ്മ് അല്ല എന്താ ആദി എന്നെ കാണണം എന്ന് പറഞ്ഞത്.....
"പറയാം..... ഡി ഇവളെ നിനക്ക് അറിയില്ലേ... എന്റെ മുറപ്പെണ്ണ് കാർത്തിക....
കുട്ടിക്കാലം തൊട്ടു ഇവളെന്റെയും ഞാൻ ഇവളുടേതു എന്നും പറഞ്ഞാണ് ഞങ്ങളെ വീട്ടുകാർ വളർത്തിയത് അന്ന് തൊട്ടു സ്നേഹിച്ചു തുടങ്ങിയവർ ആണ് ഞങ്ങൾ.... പക്ഷേ അതിനിടയിൽ അമ്മാവനും അച്ഛനും തമ്മിൽ നടന്ന വാക്കേറ്റത്തിന്റെ പേരിൽ ഞങ്ങളുടെ കുടുംബ ബന്ധം ആകെ വഷളായി....... അതോടെ ഞങ്ങളുടെ പ്രണയത്തിനും പൂട്ടു വീണു....
ഇപ്പോൾ അമ്മാവൻ എന്റെ അച്ഛനോടുള്ള വാശിക്ക് ഇവളെ വേറെ ഒരാളെ കൊണ്ട് കെട്ടിക്കാൻ പോവാണ്.....
അതറിഞ്ഞപ്പോൾ മുതൽ ഏട്ടൻ ഇല്ലെങ്കിൽ ഞാൻ ജീവിച്ചിരിക്കില്ല നമുക്ക് എങ്ങോട്ടേലും പോവാം ഏട്ടാ എന്നും പറഞ്ഞു ഇവൾ ആകെ ബഹളമായി.....
ഒരു ജോലി പോലും ഇല്ലാതെ ഇവളെയും കൊണ്ട് ഞാൻ എങ്ങോട്ട് പോവുമെന്ന് ഓർത്തു ആകെ വിഷമിച്ചു ഇരിക്കുമ്പോൾ ആണ് കൂട്ടുകാരൻ വഴി ബാംഗ്ലൂർ ഒരു ജോലി ശെരി ആയത്, താമസ സൗകര്യവും അവൻ ഒരുക്കി അതുകൊണ്ട് പിന്നെ ഒന്നും നോക്കിയില്ല ഒളിച്ചോടാൻ തന്നെ തീരുമാനിച്ചു.....
അപ്പോഴാണ് ഇവളുടെ ഒടുക്കത്തെ ഒരു വാശി നാഗമ്മയുടെ മുന്നിൽ വെച്ചു ഞാൻ ഇവളുടെ കഴുത്തിൽ താലി കെട്ടിയാലേ കൂടെ വരുകയുള്ളു എന്ന് ......
ഇവൾ നാഗമ്മയുടെ വലിയ ഭക്തയാണ് കുട്ടിക്കാലം തൊട്ട് ആരും കാണാതെ ഇവിടെ വന്നു നാഗമ്മയെ കണ്ടു വിളക്ക് വെച്ചു പ്രാത്ഥിക്കാറുമുണ്ട് .....
എന്തായാലും ഇനി ഒരു തിരിച്ചു വരവ് എന്നാണെന്നു അറിയാത്തതു കൊണ്ട് ഇവളുടെ ആഗ്രഹം പോലെ എല്ലാം നടക്കട്ടെ എന്ന് ഞാൻ വിചാരിച്ചു......
പിന്നെ നീ എന്റെ ഫ്രണ്ട് ആയത് കൊണ്ട് എല്ലാം നിന്നോട് പറയണം എന്നും നീ എല്ലാത്തിനും സാക്ഷിയായി വേണമെന്നും ഇവൾ പറഞ്ഞപ്പോൾ എല്ലാത്തിനും കൂട്ടായി നീ ഇവിടെ ഉണ്ടാവുന്നത് നല്ലത് ആണെന്ന് എനിക്കും തോന്നി....
നിന്റെ അച്ഛനും അമ്മയും ഒളിച്ചോടി കല്യാണം കഴിച്ചവർ ആയത് കൊണ്ട് നിനക്ക് ഞങ്ങളെ മനസ്സിലാക്കാൻ ആവുമെന്ന് എനിക്ക് തോന്നി......
എല്ലാം കേട്ട് ആകെ ഞാൻ തകർന്നു പോയി.....
അതുവരെ ഞാൻ കെട്ടിയ മനക്കോട്ടകൾ എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു പോവുന്നതിന്റെ വേദനയിൽ ഒന്നും മിണ്ടാതെ ഞാൻ നിന്നു .....
ഞാൻ പോലും അറിയാതെന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി.....
"ഇതെന്താടി കണ്ണൊക്കെ നിറയുന്നത്....
"ഹേയ് ഒന്നുമില്ല എന്റെ കണ്ണിൽ പൊടി പോയതാണ് എന്നും പറഞ്ഞു ഞാൻ കണ്ണീർ തുടച്ചു.....
"ഇത് ഇവളുടെ കൈയിൽ കൊടുത്താൽ എല്ലാരുടെയും കണ്ണ് വെട്ടിച്ചു ഇതുമായി വരാൻ അവൾക്കു പാടായിരിക്കും അത് കൊണ്ടാണ് നിന്നെ ഏൽപ്പിച്ചത് എന്നും പറഞ്ഞു
ആദി എന്റെ കൈയിൽ നിന്നും ചെമ്പട്ട് വാങ്ങി കാർത്തികയുടെ കൈയിൽ കൊടുത്തു.....
അവളത് വാങ്ങി നാഗമ്മക്ക് സമർപ്പിച്ചു വിളക്ക് വെച്ചു പ്രാത്ഥിച്ചു....
അപ്പോഴേക്കും ആദി കൈയിൽ ഇരുന്ന താലി എടുത്തു കാർത്തികയുടെ കഴുത്തിൽ കെട്ടി......
ചെറിയൊരു കണ്ണീരിൽ കുതിർന്ന പുഞ്ചിരിയോടെ അവളെന്നെ നോക്കി.....
ആ ഒരു നിമിഷം എന്റെ മേലാകെ തരിച്ചു കേറി.....
ഒരു നിമിഷത്തേക്ക് അവളെ കൊല്ലാനുള്ള ദേഷ്യം എനിക്ക് തോന്നി പോയി....
ശെരിക്കും അപ്പോൾ ആദിയും കാർത്തികയും കൂടി വിഷ്ണുവും അഞ്ജനയുമായി എന്റെ കണ്മുന്നിൽ പുനർജനിക്കുക യായിരുന്നു...
എല്ലാം കഴിഞ്ഞു അവർ രണ്ടും എന്നോട് യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങുന്നത് ഒരിറ്റു കണ്ണീരിന്റെ നനവോടെ ഞാൻ നോക്കി നിന്നു.....
കണ്മുന്നിൽ നിന്നും അവർ മറഞ്ഞപ്പോൾ ഞാൻ നാഗമ്മയെ ഒന്ന് നോക്കി.....
"ഇവരായിരുന്നു ഒന്നിക്കേണ്ടത് എങ്കിൽ പിന്നെ എന്തിനാണ് നീ എന്റെ മനസ്സിൽ ഓരോന്ന് തോന്നിപ്പിച്ചത്.....
എന്തിനാണ് എന്നെ വെറും കോമാളി ആക്കിയത് എന്നും ചോദിച്ചു പൊട്ടി കരഞ്ഞു കൊണ്ട് ഞാൻ നാഗത്തറക്കു മുന്നിൽ ഇരുന്നു.....
പെട്ടെന്ന് പിന്നിൽ നിന്നും ഒരു കൈ എന്റെ തോളിൽ വന്നു പതിച്ചു....
തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് ചെമ്പട്ടണിഞ്ഞു പുഞ്ചിരിയോടെ നിൽക്കുന്ന നാഗമ്മയെ....
"മോളെ നീ എന്തിനാണ് കരയുന്നത്....
നിന്റെ പ്രാത്ഥന പോലെ തന്നെ ഞാൻ എല്ലാം നടത്തി തന്നില്ലേ പിന്നെന്തിനു കരയണം....
"എന്റെ ആഗ്രഹം പോലെ എന്നോ അമ്മ എന്തൊക്കെയാണ് ഈ പറയുന്നത്....
"മോളല്ലേ വിഷ്ണുവിനെയും അഞ്ജനയെയും ഒന്നിപ്പിച്ചു കൂടായിരുന്നോ എന്ന് ചോദിച്ചത് അതുകൊണ്ട് തന്നെ മോളുടെ ആഗ്രഹപ്രകാരം പോലെ ഈ ജന്മം അവരൊന്നായി.....
"അപ്പോൾ അവർ വിഷ്ണുവിന്റെയും അഞ്ജനയുടെയും പുനർജ്ജന്മങ്ങൾ ആയിരുന്നോ.....
"അതേ അവരുടെ പ്രണയം പൂർണ്ണതയിൽ എത്തിക്കാനായി അവർ വീണ്ടും പുനർജനിച്ചു.....
ആത്മാർത്ഥമായ പ്രണയത്തെ തോൽപ്പിക്കാൻ മരണത്തിനും ആവില്ല മോളെ....
ആ പ്രണയം തന്നെ അവർക്ക് പുതുജീവൻ നൽകും അതാണ് മോൾ ഇന്ന് കണ്ടത്..... പ്രണയം എന്നാൽ എന്താണെന്നുള്ള തിരിച്ചറിവ് മോൾക്ക് പകർന്നു തരുകയായിരുന്നു ഞാൻ.....
"അങ്ങനെ എങ്കിൽ അമ്മ അന്ന് എല്ലാവർക്കും ശിക്ഷ നൽകിയതായി കേട്ടു ...
അപ്പോൾ ഇതിനെല്ലാം കാരണക്കാരിയായ നീതുവിന് എന്ത് ശിക്ഷയാണ് അമ്മ നൽകിയത്.....
എന്റെ ചോദ്യം കേട്ട് നാഗമ്മ ഒന്ന് പുഞ്ചിരിച്ചു.....
"മോളെ മോളറിയാത്ത ഒരു കാര്യം ഉണ്ട്..... നീതുവും എന്റെ ഭക്തയായിരുന്നു.....
വിഷ്ണുവിനെ സ്വന്തമാക്കുവാൻ വേണ്ടി നിരവധി തവണ അവളെന്റെ മുന്നിൽ വിളക്ക് വെച്ച് പ്രാത്ഥിച്ചിട്ടും ഉണ്ട്....
പക്ഷേ അവളുടെ പ്രണയത്തേക്കാൾ ഒരുപിടി മുന്നിലായിരുന്നു അഞ്ജനയുടെയും വിഷ്ണുവിന്റെയും
പ്രണയം.....
ആത്മാർത്ഥമായി പ്രണയിക്കുന്നവർ അല്ലേ ഒന്നാകേണ്ടത്....
"അതേ അമ്മേ.. അമ്മ പറയുന്നത് ഒക്കെ ശെരിയാണ് പക്ഷേ അമ്മ എന്റെ ചോദ്യത്തിന് ഇപ്പോഴും ഉത്തരം പറഞ്ഞില്ല.....
"അതിനുള്ള ഉത്തരം അല്ലേ ഇപ്പോൾ ഇവിടെ നടന്നത് മോള് തന്നെ അവരുടെ കല്യാണം നടത്തി കൊടുത്തില്ലേ ..... അവരുടെ പ്രണയത്തിന്റെ ആഴം അന്ന് അറിയാതെ പോയ മോൾക്ക് ഇന്ന് അറിയാൻ ആയില്ലേ എന്നും പറഞ്ഞു അമ്മ പുഞ്ചിരിച്ചു......
പെട്ടെന്ന് നാഗമ്മക്ക് ചുറ്റും പുക കൊണ്ടു നിറഞ്ഞു.... ആ പുകയിൽ അമ്മ അലിഞ്ഞു ചേർന്ന് അപ്രത്യക്ഷയായി..
അമ്മ പറഞ്ഞ വാക്കുകളുടെ അർത്ഥം എനിക്ക് അപ്പോഴേക്കും മനസ്സിലായി കഴിഞ്ഞിരുന്നു.....
ഇനി വരുന്ന ജന്മത്തിൽ എങ്കിലും എനിക്ക് അവനെയും അവനിലെ പ്രണയത്തെയും സ്വന്തമാക്കാൻ എനിക്ക് കഴിയണേ എന്ന പ്രാത്ഥനയോടെ ഞാൻ കാവിൽ നിന്നു.....
============================
"അയ്യേ ഇതെന്ത് കോപ്പിലെ കഥയാടി ആദിയും വേദയും അല്ലെ ഒന്നിക്കേണ്ടത്.....
" അതെങ്ങനെ ശെരിയാവും ശ്രുതി.. അഞ്ജനയും വിഷ്ണുവും പുനർജനിച്ചത് തന്നെ ഒന്നാവാൻ വേണ്ടിയല്ലേ അപ്പോൾ അവർ തന്നെ അല്ലേ ഒന്നാവേണ്ടത്......
"ഓ മണ്ണാങ്കട്ട ഇതൊക്കെ വെറും കെട്ടുകഥകൾ ആണ്....
"അല്ലെടി ഇലഞ്ഞിക്കാവിനെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ട് എന്റെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും തറവാട് ആ ഗ്രാമത്തിൽ ആണ്.... നിന്റെ ഇവിടുന്നു അധികം ദൂരം ഇല്ലല്ലോ നമുക്ക് ഒന്നു അവിടം വരെ പോയാലോ.... എനിക്ക് മുത്തശ്ശനെയും മുത്തശ്ശിയെയും ഒന്ന് കാണുകയും ആവാം.....
"പിന്നെ എനിക്ക് വേറെ പണിയുണ്ട് പെണ്ണെ നീ തന്നെ അങ്ങ് പോയാൽ മതി.....
"ഓ നീ വന്നില്ലെങ്കിലും ഞാൻ പോവും എന്നും പറഞ്ഞു ഞാൻ കിടന്നു ഉറങ്ങി.....
പിറ്റേന്ന് പുലർച്ചെ തന്നെ ഞാൻ ഇലഞ്ഞികാവിലേക്ക് യാത്ര തിരിച്ചു അവിടെ അടുത്താണ് എന്റെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും തറവാട് എന്ന് പറഞ്ഞിരുന്നില്ലേ ....
പണ്ട് കുട്ടിക്കാലത്തു എന്നോ പോയതാണ് ഞാൻ പിന്നീട് ഇന്നാണ് അവിടേക്ക് പോവുന്നത്.....
തറവാട്ടിൽ എത്തി മുത്തശ്ശനെയും മുത്തശ്ശി യേയും കണ്ടു സന്ധ്യയോടെ കാവിനെ ലക്ഷ്യമാക്കി നടന്നു....
പഴങ്കഥകൾ ഉറങ്ങുന്ന മണ്ണിലൂടെ നടന്നു ഞാൻ കാവിനുള്ളിലേക്ക് കേറി.....
കാവിനുള്ളിലൂടെ ഓരോ അടിയും മുന്നോട്ട് വെച്ചു നടന്നപ്പോൾ എന്റെ ഉള്ളിലൂടെ ഇലഞ്ഞികാവിന്റെ കഥ ഓർമ്മയിൽ വന്നു....
കഥയിൽ പറഞ്ഞത് പോലെ തന്നെ എന്തൊരു മാസ്മരിക ഗന്ധമാണ് ഈ ഇലഞ്ഞി പൂക്കൾക്ക്....
ആ ഉന്മാദഗന്ധത്തിന്റെ ലഹരിയിൽ
അഞ്ജനയും വിഷ്‌ണുവും ആദിയും കാർത്തികയും വേദയും ഒക്കെ എന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു........
അതെല്ലാം ഓർത്തു നടന്നു നടന്നു ഞാൻ നാഗത്തറക്കു മുന്നിലെത്തി വിളക്കു വെച്ചു നാഗമ്മയോട് പ്രാത്ഥിച്ചു കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ ഒരു മുത്തശ്ശി വിളക്കുമായി കാവിലേക്കു നടന്നു വരുന്നത് ഞാൻ കണ്ടു....
കാവിലെ വിളക്കിന്റെ പ്രഭയിൽ ഞാൻ ആ മുഖം വ്യക്തമായി കണ്ടു വേദ മുത്തശ്ശി .....
ഇലഞ്ഞിക്കാവ് എഴുതിയ വേദ.....
ഞാൻ നോക്കി നിൽക്കെ അവർ നാഗത്തറയിൽ വിളക്ക് വെച്ചു പ്രാത്ഥിച്ചു കൊണ്ടിരുന്നു......
കുറച്ചു സമയം കഴിഞ്ഞതും പ്രാത്ഥന കഴിഞ്ഞു തിരികെ പോവാനായി അവർ ഒരുങ്ങിയതും ഞാൻ മുന്നിൽ ചെന്നു നിന്നു....
"മുത്തശ്ശി.... മുത്തശ്ശി അല്ലെ ഇലഞ്ഞിക്കാവ് എഴുതിയ വേദ....
ഞാൻ മുത്തശ്ശിയുടെ ഫാൻ ആണുട്ടോ.....
മുത്തശ്ശിയുടെ ഒരുപാട് കഥകൾ വായിച്ചിട്ട് ഉണ്ടെങ്കിലും ഇലഞ്ഞിക്കാവിനോട് എന്തോ ഒരു വല്ലാത്ത ഇഷ്ടം ആണ്.......
സത്യത്തിൽ അത് ശെരിക്കും നടന്ന കഥയാണോ മുത്തശ്ശി.....
എന്റെ ചോദ്യം കേട്ടു മുത്തശ്ശി ഒന്ന് പുഞ്ചിരിച്ചു..
"എന്താ മോളുടെ പേര്.....
"ശ്രീക്കുട്ടി....
"മോളെങ്ങനെ ഇവിടെത്തി....
"അതുപിന്നെ കഥ വായിച്ചപ്പോൾ തൊട്ടുള്ള ആഗ്രഹം ആണ് ഇവിടെ വരണം എന്ന്....
കുട്ടിക്കാലത്തു മുത്തശ്ശനെയും മുത്തശ്ശി യേയും കാണാൻ വേണ്ടി നാട്ടിൽ വന്നിരുന്നു പക്ഷേ അന്ന് കാവിൽ കേറാൻ ആയില്ല അത് കൊണ്ട് തന്നെ ഇത്തവണ വരണം എന്ന് തോന്നി....
അങ്ങനെ വന്നതാണ്.....
"മ്മ്മ്മം.... മോൾക്ക് എന്താണ് അറിയേണ്ടത് ഞാൻ എഴുതിയത് ഒക്കെ സത്യം ആണോന്നു ആണോ.....
"അതേ മുത്തശ്ശി ഈ പുനർജ്ജന്മം എന്നുള്ളത് ഒക്കെ സത്യമാണോ ശെരിക്കും ഈ അഞ്ജനയും വിഷ്ണുവും പുനർജനിച്ചിരുന്നോ...... അതിലെ വേദ മുത്തശ്ശി തന്നെ ആയിരുന്നോ അതോ വെറുതെ മുത്തശ്ശിയുടെ പേര് വെച്ചതാണോ.......
"മോൾക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടല്ലോ......
എല്ലാത്തിനും ഉള്ള ഉത്തരം ആണ് ദേ ആ വരുന്നവർ അവരാണ് അഞ്ജനയും വിഷ്ണുവും എന്നും പറഞ്ഞു മുത്തശ്ശി ദൂരേക്ക് വിരൽ ചൂണ്ടി.....
വിളക്കിന്റെ വെട്ടത്തിൽ ആ മുഖങ്ങൾ കണ്ടു ഞാൻ ഞെട്ടി...
അവർ മറ്റാരും ആയിരുന്നില്ല എന്റെ മുത്തശ്ശനും മുത്തശ്ശിയും ആയിരുന്നു......
"അതോ അതെന്റെ മുത്തശ്ശനും മുത്തശ്ശിയും ആണ്..... അവരായിരുന്നോ കഥയിലെ ആദിയും കാർത്തികയും.....
"അതേ മോളെ ആ വരുന്ന ആദിയും കാർത്തികയും തന്നെ ആണ് അഞ്ജനയും വിഷ്‌ണുവും......
ആത്മാർത്ഥ പ്രണയത്തിന്റെ സാക്ഷാൽക്കാരത്തിനായി വീണ്ടും പുനർജനിച്ചു വന്നവർ....
മോളുടെ ചോദ്യത്തിന് ഉള്ള ഉത്തരം അവരാണ് മോളെ എന്ന് വേദ മുത്തശ്ശി പറയുമ്പോളേക്കും എല്ലാം വിശ്വസിക്കണോ വേണ്ടയോ എന്നറിയാതെ എല്ലാം ഒരത്ഭുതത്തോടെ ഞാൻ നോക്കി നിൽക്കുകയായിരുന്നു.......
എല്ലാത്തിനും സാക്ഷിയായി പ്രണയിക്കുന്നവർക്ക് അനുഗ്രഹമേകി ഇലഞ്ഞി പൂമണം ഒഴുകി എത്തുന്ന കാറ്റിലും കെടാതെ ജ്വലിച്ചു നിൽക്കുന്ന വിളക്കുകൾക്ക് മുന്നിലായി ചെമ്പട്ടിൽ പൊതിഞ്ഞു നാഗമ്മയും ഉണ്ടായിരുന്നു.....
ശുഭം...

Comments
Post a Comment