മയിൽപ്പീലിക്കാവ് | ഭാഗം : 2 | ശിവ

"പെട്ടെന്ന് അമ്മ വിളിക്കുന്നത് കേട്ടു ആ നിമിഷം ആ പെണ്ണ് അപ്രത്യക്ഷമായി പോയി....

ഞാൻ ഞെട്ടി തരിച്ചു നിന്നു പോയി..... പെട്ടെന്ന് ഞാൻ എന്റെ കഴുത്തിൽ ഒക്കെ തൊട്ടു നോക്കി അവിടെങ്ങും മുറിവ് ഉണ്ടായിരുന്നില്

ല.... അപ്പോൾ എല്ലാം എനിക്ക് തോന്നിയതാണോ..? ഇന്ന് കമ്പനി കൂടി ഏതോ കൂതറ സാധനം ആണ് അടിച്ചത് അപ്പോൾ പിന്നെ ഇങ്ങനെ പലതും തോന്നും.. എന്തായാലും ഇനി ഇവിടെ കിടക്കുന്നത് പന്തി അല്ല എന്നും മനസ്സിലായത് കൊണ്ട് ഞാൻ നേരെ റൂമിൽ പോയി കിടന്നു ഉറങ്ങി......

പിറ്റേന്ന് നേരം പുലർന്നു അമ്മ വന്നു വിളിക്കുമ്പോൾ ആണ് ഞാൻ എഴുന്നേറ്റത്..... 

"ഡാ രുദ്രാ എഴുന്നേറ്റു പല്ല് തേച്ച് കുളിച്ചു റെഡിയായി വേഗം വാ നമുക്ക് നാട്ടിൽ പോവാനുള്ളതാണ്...... 

"നാട്ടിലോ.. അതിനു ഉത്സവത്തിന് ഇനിയും രണ്ടാഴ്ച്ച ഉണ്ടല്ലോ. പിന്നെ എന്തിനാണ് ഇന്നു പോകുന്നത്....? 

"ഡാ അത് ഇത്തവണത്തെ ഉത്സവത്തിന് ഒരു പ്രത്യേകതയുണ്ട്..... വർഷങ്ങൾ ആയി പൂജയൊന്നും ചെയ്യാതെ കാട് പിടിച്ചു കിടന്നിരുന്ന നാഗ കാവിൽ ഈ വർഷം മുതൽ പൂജയും 

വിളക്ക് വെക്കലും ഒക്കെ തുടങ്ങുകയാണ്..... മാത്രമല്ല കർമ്മങ്ങൾ ചെയ്തു നാഗ വിഗ്രഹം ഒന്നു കൂടി പുനഃപ്രതിഷ്ഠിക്കുവാണ് 

അതുകൊണ്ട് ഇത്തവണ എല്ലാവരും തറവാട്ടിൽ നേരത്തെ എത്തും.... അതുകൊണ്ടു തന്നെ ഇത്തവണത്തെ ഉത്സവം വലിയൊരു ആഘോഷം ആക്കാൻ തന്നെയാണ് എല്ലാവരുടെയും തീരുമാനം.... 

കൂട്ടത്തിൽ നിങ്ങളുടെ കല്യാണക്കാര്യത്തിൽ ഒരു തീരുമാനവും എടുക്കാമല്ലോ..... 

"ഓഹോ അപ്പോൾ എല്ലാം പ്ലാൻ ചെയ്തു വെച്ചേക്കുവായിരുന്നല്ലേ...... 

"അതേ എന്റെ മോൻ പോയി വേഗം കുളിച്ചു റെഡി ആവാൻ നോക്ക്.... 

"ഓ ആയിക്കോട്ടെ..... 

======================

ഞങ്ങൾ റെഡിയായി റെയിൽവേ സ്റ്റേഷനിൽ എത്തി. ലോകാവസാനം സംഭവിക്കാൻ പോവുകയാണോ എന്നു പോലും സംശയം തോന്നത്തക്ക വിധം ട്രെയിൻ കൃത്യ സമയത്തെത്തി..... സാധാരണ അങ്ങനെ ഒരു പതിവില്ലാത്തതു ആണ് എന്തുപറ്റിയോ എന്തോ..... 

എന്തായാലും നാട്ടിലേക്കു ഇനി ആറേഴു മണിക്കൂർ യാത്രയുണ്ട് ....... 

ആ സമയം കൊണ്ടു എന്നെയും എന്റെ നാടിനെയും അവിടുള്ളവരെ പറ്റിയുമൊക്കെ പറയാം...  

എന്റെ അച്ഛൻ ദേവൻ അമ്മ ദേവകി .... അവർ പ്രണയിച്ചു വിവാഹം കഴിച്ചതാണ്...... 

അച്ഛൻ അനാഥൻ ആയതു കൊണ്ടു അമ്മയെ അച്ഛന് കെട്ടിച്ചു തരില്ലെന്ന് അമ്മയുടെ വീട്ടുകാർ വാശിപിടിച്ചു.... അവസാനം അമ്മയും അച്ഛനും കൂടി ഒളിച്ചോടി വിവാഹം കഴിച്ചു..... 

പിന്നെ അതിന്റെ പേരിൽ ഉണ്ടായ പ്രശ്നങ്ങൾ ഒക്കെ മാറിയത് എന്റെ ജനനത്തോടെയാണ്..... 

ആ സമയത്ത് അച്ഛന് വിദേശത്തു ജോലി കിട്ടി പോവേണ്ടി വന്നു..... അതോടെ 

പിന്നീട് ഞാനും അമ്മയും അമ്മയുടെ തറവാട്ടിൽ ആയിരുന്നു താമസിച്ചത് .... 

കുറച്ചു വർഷം കഴിഞ്ഞു അച്ഛൻ ജോലി നിർത്തി തിരിച്ചു വന്നു.... പിന്നെ അച്ഛന്റെ ബിസിനെസ്സ് ഒക്കെ ആയി ബന്ധപ്പെട്ട് മറ്റൊരിടത്തേക്ക് ഞങ്ങൾക്ക് മാറി താമസിക്കേണ്ടി വന്നു.... പിന്നെ വർഷാവർഷം ഉത്സവത്തിന് മാത്രമാണ് നാട്ടിൽ എത്താറുള്ളത്.... 

ഉത്സവത്തിന് എന്ത് തിരക്കുണ്ടാ യാലും അതെല്ലാം മാറ്റി വെച്ച് ഞങ്ങൾ വരും കാരണം ഒരുപാട് നേർച്ച നേർന്നു ഇവിടത്തെ മഹാദേവന്റെ അനുഗ്രഹത്താൽ ആണ് ഞാൻ ഉണ്ടായതെന്ന് അമ്മ പറയാറുണ്ട്..... അതുകൊണ്ടാണത്രെ എനിക്കു രുദ്രൻ എന്നു പേരിട്ടത്.....

ഇനി എന്റെ നാടിനെ കുറിച്ചു പറയാം.... 

കാവും കുളവും പുഴകളും വയലുകളും അമ്പലങ്ങളും ഒക്കെ ചേർന്ന പ്രകൃതിരമണീയമായ രാമമംഗലം ആണെന്റെ നാട്.... 

വിശ്വാസങ്ങളും അന്ധവിശ്വാസ ങ്ങളും ഇഴ ചേർന്നു പോവുന്നനൊരു നാട്..... 

ഇവിടുള്ള എല്ലാവരും സാധാരണക്കാരാണ്..... 

ഗ്രാമത്തിന്റെ നിഷ്കളങ്കതയുള്ള ഇവർക്കിടയിലും ചില പാഷാണത്തിൽ കൃമികൾ ഉണ്ട്........... 

ഗ്രാമത്തിലെ സകല വാർത്തകളുടെയും ഉറവിടം നാരായണേട്ടന്റെ ചായക്കടയാണ്...... 

രാവിലെയും വൈകുന്നേരവും നല്ല ചൂട് ചായയോടും വടയോടും ഒപ്പം ചൂടുള്ള വാർത്തകളും അവിടെ പോയാൽ അറിയാം..... 

 എന്തറിഞ്ഞാലും അൽപ്പം എരിവ് കൂട്ടി പറയുന്ന ശങ്കരേട്ടൻ ആണ് അവിടത്തെ താരം..... പാഷാണം ശങ്കരൻ എന്നൊരു പേരും പുള്ളിക്ക് ഉണ്ട്.... 

പിന്നെ ഞങ്ങളുടെ നാടിന്റെ സർവശൈര്യങ്ങൾക്കും കാരണം ആയൊരു ക്ഷേത്രം ഉണ്ട് ഇവിടത്തെ മഹാദേവ ക്ഷേത്രം ആണത് .... വിളിച്ചാൽ വിളിപ്പുറത്താണ് ഇവിടത്തെ മഹാദേവൻ എന്നാണ് പറയാറുള്ളത്..... അവിടത്തെ കൂവളത്തിലകളിൽ പോലും മഹാദേവന്റെ സാന്നിദ്ധ്യം ഉണ്ടത്രേ ..... ക്ഷേത്രത്തിൽ നിന്നും കുറച്ചു മാറി ഒരു കാവുണ്ട്...." മയിൽപ്പീലിക്കാവ് .... ഞങ്ങളുടെ തറവാട്ട് കാവാണത്.... 

അമ്പലത്തിൽ ഉത്സവം കൊടിയേറുമ്പോൾ എവിടെ നിന്നോ ധാരാളം മയിലുകൾ കാവിലെത്തി പീലിവിരിച്ചു ആടുന്ന കാഴ്ച്ച ഒന്ന് കാണേണ്ടത് തന്നെയാണ്..... അവിടാകെ പീലികൾ ചിതറി വീണു കിടക്കുന്നതും കാണാം.. അങ്ങനെ ആണ് ആ കാവിനു മയിൽപ്പീലി കാവെന്ന് പേര് വന്നത് തന്നെ... വർഷങ്ങൾക്കു മുൻപേ പൂജക്കും വിളക്കെടു പ്പിനും ഒക്കെയായി ധാരാളം ആളുകൾ എത്തിയിരുന്ന കാവായിരുന്നു ..... പക്ഷേ ഇപ്പോൾ അവിടെ ഒരു പരിപാടിയും നടത്താറില്ല......

ആ കാവിൽ ഏതോ ഗന്ധർവനേയും യക്ഷിയെയുമൊക്കെ ബന്ധിച്ചെന്നോ അവിടേക്കു ആരും പ്രവേശിക്കരുതെന്നോ ഒക്കെ പണ്ടെങ്ങോ ഒരു ഭട്ടതിരി പറഞ്ഞതായി മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട് അതോടെയാണ് ആ കാവ് കാട് കേറി നശിച്ചത്...... 

കഴിഞ്ഞ വർഷം ഉത്സവത്തിന്റെ ഭാഗമായി ദേവപ്രശ്നം വെപ്പിച്ചപ്പോൾ ആ കാവ് പുനരുദ്ധീകരണം നടത്തണം എന്നു പറഞ്ഞിരുന്നു.... അതാവും ഈ കൊല്ലം മുതൽ അവിടെ പഴയത് പോലെ പൂജയും വിളക്കെടുപ്പും നടത്താൻ തീരുമാനിച്ചത്..... 

ഇനിയെന്റെ അമ്മയുടെ തറവാടിനെ കുറിച്ചു പറഞ്ഞാൽ....... 

ആ നാട്ടിലെ തന്നെ ഏറ്റവും പ്രശസ്തമായ തറവാട് ആണ് എന്റെ അമ്മയുടെ തറവാടായ ആലഞ്ചേരി തറവാട്....... നാലുകെട്ടുള്ള ഒരു പഴയ തറവാട്.... മുറ്റത്തൊരു തുളസിത്തറ..... ചുറ്റും നിരവധി മരങ്ങളും ചെടികളും.... ഞങ്ങളുടെ തറവാടിന്റെ അടുത്താണ് കാവും കുളവുമൊക്കെ.... 

തറവാട്ടിലിപ്പോൾ മുത്തശ്ശിയും വാസുദേവൻ അമ്മാവനും അമ്മാവന്റെ ഭാര്യ സുമംഗലി അമ്മായിയും അവരുടെ മകൾ അതായത് എന്റെ മുറപ്പെണ്ണായ ദക്ഷയും പിന്നെ എല്ലായിടത്തെയും പോലെ ജാനു എന്ന പേരുള്ളൊരു വേലക്കാരിയും മാത്രമാണ്.......

വിശേഷ ദിവസങ്ങൾ വരുമ്പോൾ ബന്ധുക്കൾ എല്ലാം ഒത്തു ചേരും പിന്നെ അങ്ങോട്ട്‌ പൊടി പൂരമാണ്......

അതിലും വലിയ പൂരം നടക്കുന്നത് ഞാനും ദക്ഷയും തമ്മിൽ ആണ്....... 

കഴിഞ്ഞ ജന്മത്തിൽ കീരിയും പാമ്പും ആയിരുന്നോ ഞങ്ങൾ എന്നു പോലും സംശയിച്ചു പോയിട്ടുണ്ട്..... കാരണം നേരിൽ കണ്ടാൽ അപ്പോൾ തുടങ്ങും വഴക്ക്.... അത്രക്കും നല്ല സ്വഭാവമാണ് ഞങ്ങളുടെ രണ്ടുപേരുടെയും......

പക്ഷേ ഈ വഴക്കുകൾക്ക് ഇടയിലും ഞാൻ പോലും അറിയാതെ എപ്പോളോ ഞാൻ അവളെ പ്രണയിച്ചു തുടങ്ങിയിരുന്നു....

പക്ഷേ ഇതുവരെ അത് അവളോട്‌ പറയാൻ ആയിട്ടില്ല.... ഇത്തവണ അത് പറയും എന്നുറപ്പിച്ചിട്ട് ആണ് എന്റെ ഈ യാത്ര..... 

ഒരു പിടി ആഗ്രഹങ്ങളും സ്വപ്നങ്ങളും നെഞ്ചിലേറ്റി 

 ഞാൻ എന്റെ നാട്ടിൽ എത്താൻ പോവുന്നു.... ട്രെയിനിൽ നിന്നും ഇറങ്ങി ഞങ്ങൾ ബസ്സിൽ നാട്ടിലേക്ക് തിരിച്ചു..... 

ബസ്സിന്റെ സൈഡ് സീറ്റിൽ തന്നെ ഇരുന്നു.. പുറത്തെ കാഴ്ചകൾ ആസ്വദിച്ചു കൊണ്ടിരിക്കുമ്പോളും എന്റെ മനസ്സിൽ നിറയെ ദക്ഷ ആയിരുന്നു .... 

അങ്ങനെ എന്റെ നാടെത്തി ബസ്സിൽ നിന്നും ഇറങ്ങി .... പച്ച പുതച്ചു നിന്ന ഗ്രാമത്തിന്റെ മണ്ണിട്ട വഴിയിലൂടെ ഞങ്ങൾ തറവാടിനെ ലക്ഷ്യം വെച്ചു നടന്നു ...... 

കാവിനു മുന്നിലൂടെ തറവാട്ടിൽ എത്തിയതും ഇതുവരെ തോന്നാത്ത എന്തോ ഒരു അനുഭൂതി എന്റെ ഉള്ളിൽ തോന്നി..... എന്റെ ഈ വരവ് പ്രതീക്ഷിച്ചു ആരോ കാത്തിരുപ്പുണ്ടെന്നു ഒരു തോന്നൽ.... 

പെട്ടെന്ന് എവിടെ നിന്നോ പാലപ്പൂ മണമുള്ളൊരു കാറ്റെന്നെ തഴുകി കടന്നു പോയി....... അതിന്റെ സുഗന്ധം ആസ്വദിച്ചു ഞാൻ നിന്നു..... 

ഞങ്ങളെ കണ്ടതും അവിടുള്ളവർ എല്ലാം ഒന്നു അമ്പരുന്നു.... കാരണം സാധാരണ വരും മുൻപ് വിളിച്ചു പറയാറുണ്ട് പക്ഷേ ഇത്തവണ പറഞ്ഞില്ല എന്നു മാത്രമല്ല ഇത്രയും നേരത്തെ ഞങ്ങൾ എത്തുകയും ചെയ്തു...... 

ഉമ്മറത്തു ചാരു കസേരയിൽ കാലിന്മേൽ കാലു വെച്ചു അമ്മാവൻ ഇരിപ്പുണ്ടായിരുന്നു..... 

"ഇതെന്താടി ദേവകി നിങ്ങൾ ഒരു മുന്നറിയിപ്പും ഇല്ലാതെ വന്നത് ..?? 

"ഓ ഇങ്ങോട്ട് വരാൻ മുന്നറിയിപ്പ് ഒക്കെ വേണോ ഏട്ടാ..... എപ്പോൾ വേണമെങ്കിലും ഞങ്ങൾക്ക് ഇങ്ങോട്ടു വന്നു കൂടെ....? 

"എന്റെ പൊന്നോ ഞാൻ വെറുതെ ചോദിച്ചതാടി.... എന്തായാലും വന്ന കാലിൽ നിൽക്കാതെ നിങ്ങൾ അകത്തേക്ക് ചെല്ല്.... 

ഞങ്ങളെ കണ്ട സന്തോഷത്തിൽ എല്ലാവരും സംസാരിച്ചു നിന്നപ്പോൾ എന്റെ കണ്ണുകൾ തിരഞ്ഞത് ദക്ഷയെ ആയിരുന്നു.... അവളെ അവിടെങ്ങും കണ്ടില്ല.... 

"ശ്ശെടാ.. ഈ പിശാശ് ഇതെവിടെ പോയി കിടക്കുവാണോ എന്തോ....

"അമ്മാവാ അവളെന്തിയെ..? 

"അവൾ അപ്പുറത്തെങ്ങാണ്ട് ഉണ്ട്..... നിങ്ങൾ വന്ന കാര്യം അറിഞ്ഞു കാണില്ല. അറിഞ്ഞിരുന്നെങ്കിൽ ഇപ്പോൾ ഇവിടെ കണ്ടേനെ..... 

"ഞാൻ ഇപ്പോൾ വരാമെന്നും പറഞ്ഞു 

 നൈസ് ആയി അവിടെ നിന്നും ഇറങ്ങി വീടിന്റെ പുറകു വശത്തേക്ക് ചെന്നു ഞാൻ നോക്കുമ്പോൾ അയൽവക്കത്തെ കുട്ടികളുമായി മണ്ണപ്പം ചുട്ടു കളിക്കുന്ന ദക്ഷയെ ആണ് കണ്ടത്..... അതിനിടയിൽ എന്തോ പറഞ്ഞു പിള്ളേരുമായി അവൾ വഴക്കിടുന്നുണ്ട്..... ഓ ഇവളെ ഒക്കെ എന്ത് ചെയ്യാനാണ്... 

ബി.കോമിനാണ് പടിക്കുന്നത്.... എങ്കിലും ഇപ്പോളും അവളുടെ കുട്ടിക്കളി വിട്ടു മാറിയിട്ടില്ല.... 

എന്നെ കണ്ടതും രുദ്രേട്ടൻ എന്നും പറഞ്ഞു കുട്ടികൾ ചാടി എഴുന്നേറ്റു....

അതു കേട്ടവൾ ഒന്ന്‌ തിരിഞ്ഞു നോക്കി.... 

എന്നിട്ട് അവൾ മണ്ണപ്പം ഉണ്ടാക്കി കളിച്ചു കൊണ്ടിരുന്നു..... 

എന്നെ കണ്ടിട്ട് ഒരു പരിചയഭാവം പോലും അവൾ കാണിച്ചില്ല..... 

അതു കണ്ടപ്പോൾ അങ്ങോട്ട് ചെന്നു കാലു മടക്കി അവൾക്കിട്ടു ഒരെണ്ണം കൊടുക്കാൻ ആണ് എനിക്ക് തോന്നിയത് ......

"ഡി മരംകേറി നിനക്കു നാണമില്ലേടി ഈ കൊച്ചു പിള്ളേരോടൊപ്പം കിടന്നു വഴക്കിടാൻ.... 

അതുകേട്ടു അവളെന്നെ രൂക്ഷ ഭാവത്തിൽ ഒന്നു നോക്കി.... 

"നോക്കി പേടിപ്പിക്കുന്നോടി ഉണ്ടക്കണ്ണി.....

പെട്ടെന്ന് അവൾ എഴുന്നേറ്റു എന്നെ തുറിച്ചു നോക്കിയിട്ട് ഒന്നും മിണ്ടാതെ ദേഷ്യത്തിൽ ഭൂമി ചവിട്ടി മെതിച്ചു നടന്നു പോയി..... 


ഇവൾക്കിത് എന്തുപറ്റി.... സാധാരണ ഞാൻ ഒന്നു പറഞ്ഞാൽ തിരിച്ചു പത്തു പറയുന്നവളാണ് ഇതിപ്പോൾ ഒന്നും മിണ്ടാതെ പോവുന്നു..... ഇനിയിപ്പോൾ ഞങ്ങൾ പറയാതെ വന്നതിന്റെ ദേഷ്യം ആയിരിക്കുമോ..... 

എന്തായാലും ഞാൻ വന്നതല്ലേ ഒള്ളൂ.... ശെരിയാക്കി എടുക്കാം എന്നു മനസ്സിൽ ഓർത്തു കൊണ്ടു നിൽകുമ്പോൾ പിന്നെയും പാലപ്പൂ മണമുള്ളൊരു കാറ്റ് എന്നെ തഴുകി കടന്നു പോയി ........ 

"ആഹാ എന്തൊരു മണം ഏതോ ഒരു ഉന്മാദ അവസ്ഥയിൽ എത്തുമ്പോലെ തോന്നുന്നു..... 

പാലപ്പൂവിന് ഇത്രയും നല്ല സുഗന്ധമുണ്ടോ......ഇതുവരെ ഇങ്ങനെ ഒരു മണം അനുഭവിക്കാൻ ആയിട്ടില്ല..... കാവിലെ പാലയിൽ നിന്നാവും ഈ മണം വരുന്നത്..... എന്തായാലും അതൊന്നു കണ്ടു കളയാം.... 

 ചുറ്റും മരങ്ങളാൽ നിറഞ്ഞ ഇരുൾ വീണ ഇടവഴിയിലൂടെ ഞാൻ നേരെ കാവിലേക്കു നടന്നു..... 

സന്ധ്യക്ക്‌ ഒറ്റക്കു കാവിൽ പോവരുതെന്നു പണ്ടു മുതൽ പറഞ്ഞു കേട്ടിട്ടുണ്ട്.... 

ഇവിടെ എന്തൊക്കെയോ ദോഷങ്ങൾ ഉണ്ടത്രേ.... അതുകൊണ്ട് തന്നെ ആരും ഇങ്ങോട്ട് കയറാറില്ല.. അതാവും കാവാകെ കാട് പിടിച്ചു കിടക്കുകയാണ്..... 

പക്ഷേ ഈ വർഷം മുതൽ ഇവിടെല്ലാം വൃത്തിയാക്കി വിളക്ക് കത്തിക്കലും പൂജയുമൊക്ക നടത്താൻ പോവാണ്..... 

കൂടുതൽ പറഞ്ഞു നിൽക്കാൻ നേരമില്ല ആരെങ്കിലും വരും മുൻപ് കാവിനകത്തേക്കു ഞാൻ കയറട്ടെ..... 

കാവിനകത്തേക്കു വലതുകാൽ വെച്ചു ഞാൻ കയറിയതും പൊടുന്നനെ പക്ഷികൾ കൂട്ടത്തോടെ ചിറകടിച്ചു പറന്നു..... ചുറ്റും ഏതൊക്കെയോ പക്ഷികൾ ഭീതിയുണർത്തുന്ന ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു....  

നേരം നന്നായി ഇരുട്ടി തുടങ്ങിയിരിക്കുന്നു....  

ഞാൻ പാലമരത്തെ ലക്ഷ്യം വെച്ചു പതിയെ നടന്നു.... എന്റെ ഓരോ കാൽ വെയ്പ്പിലും നിലത്തു കിടന്ന കരയിലകൾ ഞെരിഞ്ഞു അമരുന്ന ശബ്ദം അവിടാകെ നിറഞ്ഞു നിന്നു.... ഇടക്ക് എപ്പോഴോ പിന്നിൽ ആരോ ഉള്ളത് പോലെ ഒരു തോന്നൽ.... തിരിഞ്ഞു നോക്കിയിട്ട് ആരെയും കണ്ടില്ല...... 

കടവാവലുകൾ എന്റെ മുഖത്തിനു നേരെ ചീറി പാഞ്ഞു വന്നു കൊണ്ടിരുന്നു...... ഞാൻ ഒഴിഞ്ഞു മാറിയാണ് നടക്കുന്നത്.... പാവങ്ങൾ എന്റെ കാൽ പെരുമാറ്റം കേട്ട് പേടിച്ചു പറക്കുന്നതാണ്..... 

നടന്നു നടന്നു ഒടുവിലിതാ ഞാൻ പാലമരചുവട്ടിൽ എത്തിയിരിക്കുന്നു.... ഒരു പടുകൂറ്റൻ പാലമരം.... വർഷങ്ങൾ പഴക്കമുണ്ട് അതിനു..... അതിൽ നിറയെ പൂക്കൾ കൊണ്ട് നിറഞ്ഞിരിക്കുന്നു..... 

പാലപ്പൂവിന്റെ മത്തു പിടിപ്പിക്കുന്ന സുഗന്ധം അവിടാകെ നിറഞ്ഞു നിൽക്കുന്നു..... 

ആകാശത്തു മേഘങ്ങൾ മാറി മറിയുന്നതിനു അനുസരിച്ചു നേരിയ ചന്ദ്രപ്രകാശം ഇരുളിൽ വെളിച്ചമേകുന്നുണ്ട്.... 

ഞാൻ താഴേക്ക് നോക്കിയപ്പോൾ പാലമരത്തിനു ചുറ്റും പാലപ്പൂക്കൾ ആരോ വാരി വിതറിയ പോലെ ചിതറി കിടക്കുന്നു.... കുറച്ചു മാറി നാഗത്തറ പൊളിഞ്ഞു കിടക്കുന്നു.... 

അപ്പോഴാണ് കുറെ ചരടുകളാൽ ബന്ധിച്ച ഒരു കല്ല് മരത്തിന്റെ ചുവട്ടിൽ ഇരിക്കുന്നത് ഞാൻ കണ്ടത് .... 

ഇനി ഇതാവുമോ മുത്തശ്ശി പറയാറുള്ള ഗന്ധർവനേ ബന്ധിച്ച കല്ല്..... 

 എന്തായാലും ഒന്നു നോക്കാമെന്നു കരുതി 

ഞാനതു കൈയിൽ എടുക്കാൻ തുനിഞ്ഞതും പൊടുന്നനെ ഒരു കാൽ പെരുമാറ്റം കേട്ടു...... 

കരിയിലകൾ ചവിട്ടി മെതിച്ചു ആരോ ഇങ്ങോട്ടു വരുന്നുണ്ട്..... ആരാവും അത്....? ഇനി ഇവിടെ നിൽക്കുന്നത് അത്ര പന്തിയല്ല.. 

ഞാൻ വേഗം അവിടെ നിന്നും പോകാൻ തുടങ്ങിയതും മുന്നിൽ പെട്ടെന്ന് ഒരു രൂപം....... വെളിച്ചം തീരെ ഇല്ല.... അതുകൊണ്ട് തന്നെ ഇരുളിൽ ആ മുഖം കണ്ടിട്ട് ആരാണെന്നു തിരിച്ചറിയാൻ കഴിയുന്നില്ല..... ഞാൻ മെല്ലെ അടുത്തോട്ടു ചെന്നതും ആ രൂപം അപ്രത്യക്ഷമായി പോയി.... ഒരു നിമിഷം ഒന്ന് ഞെട്ടി എങ്കിലും ഒരു പക്ഷേ ഇനി 

 എനിക്കു തോന്നിയതായിരിക്കാം എന്നു വിചാരിച്ചു നിൽകുമ്പോൾ പെട്ടെന്ന് പിന്നിൽ നിന്നും ഒരു കൈ എന്റെ തോളിൽ പതിച്ചു..... 

 ഒരു ഞെട്ടലോടെ ഞാൻ തിരിഞ്ഞു നോക്കി.....

തുടരും... 

Comments

Popular posts from this blog

ചെമ്പട്ട് | ഭാഗം : 1 | ശിവ

മയിൽപ്പീലിക്കാവ് | ഭാഗം : 1 | ശിവ