ചെമ്പട്ട് | ഭാഗം : 1 | ശിവ

ശരീരത്തിൽ അങ്ങ് ഇങ്ങായി മുറിവുകളുമായി കീറി പറിഞ്ഞ വസ്ത്രങ്ങളോടെ ഒരു പെൺശരീരം എന്റെ മുന്നിൽ കിടക്കുന്നത് കൈയിൽ ഇരുന്ന വിളക്കിന്റെ വെട്ടത്തിൽ കണ്ടു ഞാൻ ഭയന്നു വിറച്ചു നിൽക്കുകയാണ്..... 

കാഴ്ച്ചയിൽ പതിനെട്ടു ഇരുപത് വയസ്സ് തോന്നിക്കുന്ന ശരീരപ്രകൃതിയുള്ള അവളുടെ മുഖം ഒരു ചെമ്പട്ടിനാൽ മറച്ചിരിക്കുന്നു.... 

ഞാൻ ചുറ്റും ഒന്ന് നോക്കി.. 

വിളക്കിന്റെ നേരിയ വെട്ടം ഒഴിച്ചാൽ പിന്നെ ചുറ്റും കുറ്റാ കുറ്റിരുട്ട് തന്നെ ആണ്....

അതുകൊണ്ട് തന്നെ ഒരൽപ്പം ഭയത്തോടെ ആണെങ്കിലും വിളക്കിന്റെ നേരിയ വെട്ടത്തിൽ അവളുടെ മുഖത്തു വീണു കിടന്ന ചെമ്പട്ട് എടുത്തു മാറ്റാൻ ഞാൻ ഒരുങ്ങിയതും പെട്ടെന്ന് പിന്നിൽ നിന്നും ഒരു കൈവന്നെന്റെ തോളിൽ പതിച്ചതും ഒരലർച്ചയോടെ ഞെട്ടി എഴുന്നേറ്റു ഞാൻ ചുറ്റും നോക്കി..

"വേദേ.... മോളെ വേദേ.. 

എന്താടി എന്തുപറ്റി....

"ഹേയ് ഒന്നുമില്ലമ്മേ ..

"നീ വല്ലാതെ പേടിച്ച മട്ടുണ്ടല്ലോ എന്താടി ഇന്നും ആ സ്വപ്നം കണ്ടോ..

"മ്മം.. കണ്ടു..

"ഈശ്വരാ.. എന്താ ഇപ്പോൾ ഇങ്ങനെ.. 

 ഇതിപ്പോൾ കുറച്ചു ദിവസമായില്ലേ നീ ഈ സ്വപ്നം തന്നെ കാണുന്നത്..

"അതാണമ്മേ എനിക്കും മനസ്സിലാവാത്തത്.. എത്ര ആലോചിച്ചിട്ടും എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ല....

"മ്മം.. അതെങ്ങനെയാ കഥയെഴുത്തു മാങ്ങാത്തൊലി എന്നൊക്കെ പറഞ്ഞു കണ്ട കാവിന്റെയും പറമ്പിന്റെയും ഒക്കെ ഐതിഹ്യം തേടി നടക്കുമ്പോൾ ഓർക്കണം ഇങ്ങനെ ഓരോന്ന് വരുമെന്ന്..

"ഓ എന്റെ പൊന്ന് അമ്മേ ഒന്ന് നിർത്തുവോ ഇത് അത് കൊണ്ടൊന്നും അല്ല..

"പിന്നെ എന്തുകൊണ്ടാ.. നീ കൂടുതൽ ഒന്നും ഇങ്ങോട്ട് പറയേണ്ട.. എല്ലാം ഇന്നത്തോടെ നിർത്തിക്കോണം എന്നിട്ട് നാളെ എന്റെ കൂടെ അമ്പലത്തിൽ വന്നോണം.. 

 നമുക്ക് പൂജാരിയെ കണ്ടു ഒരു രക്ഷ പൂജിച്ചു കെട്ടണം..

"എന്റെ പൊന്ന് അമ്മേ അതിനു ഇത് വെറും സ്വപ്നം ആണ് അല്ലാതെ പ്രേതോം ഭൂതോം ഒന്നും അല്ല....

"അതേയ് നീ ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി നമുക്ക് നാളെ തന്നെ പോണം അമ്പലത്തിൽ..

"ഓ ആയിക്കോട്ടെ.. അമ്മ ഇപ്പോൾ കിടന്നു ഉറങ്ങാൻ നോക്ക് എന്നും പറഞ്ഞു ഞാൻ ഉറങ്ങാൻ കിടന്നു..

=============================

"എന്റെ പേര് വേദ.. തനയന്നൂർ തറവാട്ടിലെ ദേവരാജന്റെയും പദ്മിനിയുടെയും ഏക മകൾ..

ബാംഗ്ലൂരിൽ ഡിഗ്രി സെക്കന്റ് ഇയർ പഠിക്കുന്നു..

ഞാൻ ജനിച്ചതും വളർന്നതും എല്ലാം പൂന്തോട്ട ങ്ങളുടെ നഗരമായ ബാംഗ്ലൂർ ആണ്..

ബാംഗ്ലൂർ സിറ്റിയിൽ ആണ് ജനിച്ചു വളർന്നതെങ്കിലും മനസ്സ് കൊണ്ടു ഞാൻ ഒരു നാട്ടിൻപുറത്തുകാരി പെണ്ണ് തന്നെ ആണ്..

കാരണം

എന്റെ അച്ഛന്റെ നാട് തേവലക്കര എന്ന ഗ്രാമപ്രദേശം ആണ്.. അവിടത്തെ പ്രശസ്തമായ തനയന്നൂർ തറവാട്ടിലെ രാമവർമയുടെയും സീതയുടെയും ഏകമകനാണ് എന്റെ അച്ഛൻ ദേവരാജൻ..

താഴ്ന്ന ജാതിക്കാരിയായ പെണ്ണിനെ വിവാഹം കഴിച്ചതിന്റെ പേരിൽ അച്ഛനെ മുത്തശ്ശൻ തറവാട്ടിൽ നിന്നും പുറത്താക്കി....

അങ്ങനെ അന്ന് അച്ഛൻ അമ്മയുമായി ബാംഗ്ലൂർ വന്നു താമസം തുടങ്ങി..

ചെറിയ ജോലികൾ ചെയ്തു തുടങ്ങി ഇപ്പോൾ സ്വന്തമായി ബിസിനസ് ചെയ്യുന്നു.. അതിനിടയിൽ ആണ് എന്റെ ജനനം..

പേരക്കുട്ടി ഉണ്ടായി എന്നറിയുമ്പോൾ എങ്കിലും മുത്തശ്ശന്റെ വാശി മാറി തിരിച്ചു വിളിക്കും എന്നു കരുതിയ അച്ഛന്റെ കണക്കു കൂട്ടലുകൾ തെറ്റി.. ഒരിക്കൽ പോലും എന്നെ കാണാൻ മുത്തശ്ശനും മുത്തശ്ശിയും കൂട്ടാക്കിയില്ല..

അച്ഛന് ആണെങ്കിൽ അങ്ങോട്ട് പോവാനും പേടി..

അതുകൊണ്ട് തന്നെ ഇന്നോളം അച്ഛന്റെ നാട് ഞാൻ കണ്ടിട്ടില്ല. പക്ഷേ ആ നാടിനെയും നാട്ടുകാരെയും എന്റെ കുട്ടിക്കാലം തൊട്ടു അച്ഛൻ പറഞ്ഞു തന്ന കഥകളിലൂടെ എനിക്കറിയാം.... 

പ്രകൃതി തന്റെ മടിത്തട്ടിൽ കൊണ്ടു നടക്കുന്ന കൊച്ചു ഗ്രാമമാണ് തേവലക്കര.....

ഗ്രാമാതിർത്തിയിൽ ഒരു പുഴയുണ്ട് .. കരയെ പുൽകി ശാന്തമായി ഒഴുകുന്ന പൊന്തൻ പുഴ....

വള്ളത്തിൽ ആ പുഴയുടെ കടത്തു കടന്നാലേ ഗ്രാമത്തിലേക്ക് എത്താനാവൂ..

കടത്തു കടന്നു മൺപാതയിലൂടെ നടന്ന് ചെല്ലുമ്പോൾ ആദ്യം കാണുന്നത് വലതു വശത്തുള്ള പടുകൂറ്റൻ ആൽമരവും ആൽത്തറയും ഒരു കൽവിളക്കുമാണ് .... 

അതിന് പുറകിലായി മഹാദേവ ക്ഷേത്രമാണ്....

ശ്രീപാർവ്വതി സമേതനായി ഭക്തർക്ക് സദാ അനുഗ്രഹം ചൊരിയുന്ന ദേവാദി ദേവനായ സാക്ഷാൽ മഹാദേവന്റെ ചൈതന്യം നിറഞ്ഞു തുളുമ്പി നിൽക്കുന്ന ക്ഷേത്രം..

ആ മഹാദേവനെയും വണങ്ങി കുറച്ചു ദൂരം മുന്നോട്ടു നടന്നാൽ വലത്തോട്ട് ഒരു ഇടവഴി ഉണ്ട് അതിലെ പോയാൽ ഒരു കാലത്ത് ഗ്രാമത്തിന്റെ മുഴുവൻ ഐശ്വര്യമായിരുന്ന ഒരു കാവിന് മുന്നിലാണ് എത്തിച്ചേരുന്നതു.. അതാണ് ഇലഞ്ഞിക്കാവ്..

ആ കാവിന് അടുത്ത് എത്തുമ്പോൾ തന്നെ ഇലഞ്ഞി പൂക്കളുടെ വശ്യമായ ഗന്ധം നമ്മളെ ലഹരിയുടെ മറ്റേതോ ലോകത്തിൽ എത്തിക്കുമ്പോലെ തോന്നും....

നിറയെ ഇലഞ്ഞി മരങ്ങൾ ഉള്ളത് കൊണ്ടു ആ കാവിന് നാട്ടുകാരിട്ട പേരാണ് ഇലഞ്ഞിക്കാവെന്ന്..

ഇലഞ്ഞി പൂക്കളുടെ വശ്യമായ ഗന്ധം ആസ്വദിച്ചു കാവിനുള്ളിലൂടെ കുറെ ദൂരം മുന്നോട്ട് നടന്നാൽ ചെന്നെത്തുന്നത് നാഗദേവത നാഗമ്മയായി കുടിയിരിക്കുന്ന നാഗ വിഗ്രഹത്തിനു മുന്നിലായാണ്....

വിഗ്രഹത്തിനു മുന്നിലെ നാഗത്തറയിൽ വിളക്ക് കൊളുത്തി മഞ്ഞൾ പൊടികൊണ്ട് നാഗമ്മയെ അഭിഷേകം ചെയ്തു ചെമ്പട്ട് സമർപ്പിച്ചു പ്രാത്ഥിച്ചാൽ നമ്മുടെ ഏത് ആഗ്രഹവും സാധിക്കും എന്നാണ് വിശ്വാസം അത്രക്ക് ശക്തിയേറിയ നാഗചൈത്യന്യം ഉള്ള വിഗ്രഹം ആണത്രേ അത്..

അങ്ങനെ ഒരു ഗ്രാമത്തിന്റെ മുഴുവൻ വിശ്വാസമായ ആ കാവ് പിന്നീട് പൂജകളും വിളക്ക് കൊളുത്തലും ഒന്നുമില്ലാതെ കിടക്കുകയാണെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്....

 അതിന്റെ കാരണം എന്താണെന്ന് പലവട്ടം ചോദിച്ചിട്ടും അച്ഛൻ പറഞ്ഞിട്ടില്ല..

കുട്ടിക്കാലം തൊട്ടു ആ കാവിനെ പറ്റിയിട്ടു അച്ഛൻ പറഞ്ഞു കേട്ടപ്പോൾ മുതൽ ഒരിക്കൽ എങ്കിലും അവിടെ പോവണം എന്നൊരാഗ്രഹം എന്റെ മനസ്സിൽ തോന്നിയിട്ടുണ്ട്.... 

കാറ്റിൽ പാറി നടക്കുന്ന അപ്പൂപ്പൻ താടിയെ പോലെ ഇലഞ്ഞി പൂക്കളുടെ മാസ്മരിക ഗന്ധം നുകർന്നു കാവിനുള്ളിലൂടെ നടന്നു നാഗമ്മയെ തൊഴുതു കാവിന്റെ വടക്ക് വശത്തുള്ള ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന കുളത്തിന്റെ കൽപ്പടവുകളിൽ സ്വയം മറന്നിരിക്കണം എനിക്ക്..

അതെന്റെ വലിയൊരു ആഗ്രഹം ആണ്.... 

പിന്നെ നമ്മുടെ ഈ ഇലഞ്ഞി കാവിൽ നിന്നും ഇടവഴിയിലൂടെ പിന്നോട്ട് പോന്നു പ്രധാന വഴിയിൽ എത്തി കുറച്ചു ദൂരം മുന്നോട്ടു നടന്നു ചെന്നാൽ ഇടതു വശത്തു വെട്ടുകല്ലിൽ തീർത്ത പടവുകളോടെ ഒരു പടിപ്പുര കാണാം..

അതിലുടെ അകത്തേക്ക് കേറി ചെല്ലുമ്പോൾ കാണാം പ്രൗഡഗംഭീരമായ തനയന്നൂർ തറവാട്....

തടിയിൽ തീർത്ത തറവാടിന് വർഷങ്ങൾ പഴക്കം ഉണ്ടെന്നാണ് അച്ഛൻ പറഞ്ഞിട്ടുള്ളത്.... 

പടിപ്പുരയിൽ നിന്നു നോക്കിയാൽ ആദ്യം കാണുക നടുമുറ്റത്തുള്ള തുളസിത്തറയാണ് .... 

അത് കടന്നു ചെന്നാൽ നരവീണ മുടികൾ ചീകിയൊതുക്കി കൊമ്പൻ മീശയും പിരിച്ചു വെച്ചു ഉമ്മറത്തുള്ള ചാരു കസേരയിൽ ഇരിക്കുന്ന മുത്തശ്ശനെ കാണാം.... 

ആളൊരു ഗൗരവക്കാരൻ ആണെന്നാണ് അച്ഛൻ പറഞ്ഞിട്ടുള്ളത്.... 

ഗ്രാമത്തിൽ ഉള്ളവർക്കെല്ലാം മുത്തശ്ശനോട്‌ പേടിയും ബഹുമാനവും ഒക്കെ ആണത്രേ ...

പിന്നെ എന്റെ മുത്തശ്ശനെ പോലെയെ അല്ല മുത്തശ്ശി.... ആളൊരു പാവം ആണ്..

മുത്തശ്ശിക്ക് അച്ഛനെന്നു വെച്ചാൽ ജീവനായിരുന്നു പക്ഷേ ഈ മുത്തശ്ശനെ പേടിച്ചു ആണ് മുത്തശ്ശി നമ്മളെ ഒന്ന് കാണാൻ പോലും കൂട്ടാക്കാത്തത് എന്നാണ് അച്ഛൻ പറയാറുള്ളത് ..


 കുട്ടിക്കാലം തൊട്ടേ അച്ഛൻ പറഞ്ഞു തന്ന കഥകൾ കേട്ടായിരിക്കണം പൊന്തൻ പുഴയും പുലരിയിൽ ഭക്തിയുടെ കുളിരേകുന്ന ഉണർത്തു പാട്ടുമായി നാടിനെ ഉണർത്തുന്ന മഹാദേവ ക്ഷേത്രവും അവിടത്തെ ആൽത്തറയും.. വശ്യമായ ഗന്ധം പൊഴിക്കുന്ന ഇലഞ്ഞിപൂക്കൾ പൂവിടുന്ന ഇലഞ്ഞി കാവും.. 

അവിടത്തെ നാഗമ്മയും ചെമ്മൺ പാതകളും നിറയെ ചെടികൾ പൂവിടുന്ന ഇടവഴികളും ഒക്കെ എന്റെ മനസ്സിൽ സ്ഥാനം പിടിച്ചിരുന്നു..

മാത്രമല്ല അമ്മ ആണെങ്കിൽ എന്നെ ഒരു നാട്ടിൻപുറത്തുകാരി പെണ്ണായിട്ടാണ് വളർത്തിയതും..

കാച്ചെണ്ണയുടെ മണമുള്ള ഇടതൂർന്ന മുട്ടോളം നീണ്ട മുടിയും  

 ത്രിസന്ധ്യയിൽ വെള്ളി വെളിച്ചമേകുന്ന നിലവിളക്കിനു മുന്നിൽ സന്ധ്യാനാമം ചൊല്ലലും ഒക്കെ ഉള്ളൊരു നാട്ടിൻപുറത്തുകാരി പെണ്ണ്..... 

പിന്നെ എനിക്ക് ഇവിടൊരു ബെസ്റ്റ് ഫ്രണ്ട് ഉണ്ട്..

പേര്

സ്വാതി..

കുട്ടിക്കാലം തൊട്ടു ഒരേ ക്ലാസ്സിൽ പഠിച്ചു വളർന്നു ഇപ്പോൾ കോളേജിലും ഞങ്ങൾ ഒരുമിച്ചാണ്..

പിന്നെ എനിക്കു ഇവിടൊരു ശത്രു കൂടി ഉണ്ട് പേര് ആദിത്യൻ ..

ചില സമയം വില്ലൻ ആണെന്നും ചില സമയം നായകൻ നമുക്ക് തോന്നി പോവുന്ന ഒരുത്തൻ.... 

കോളേജിൽ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും ഒടുവിൽ അതു പരിഹരിക്കുന്നതും അവനായിരിക്കും.... 

ഇന്ന് എങ്ങനെ അലമ്പുണ്ടാക്കും എന്ന് കരുതിയാണ് ഓരോ ദിവസവും അവൻ കോളേജിലേക്ക് വരുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്..... 

കാര്യം ഇങ്ങനൊക്കെ അലമ്പ് ആണെങ്കിലും ആളൊരു കവിത എഴുത്തുകാരൻ ആണ്..

എന്റെ ഭാഷയിൽ പറഞ്ഞാൽ അക്ഷരം കൊണ്ടു മായാജാലം തീർക്കുന്നവൻ....

അതുകൊണ്ട് തന്നെ തെമ്മാടി ആണെങ്കിലും മിക്കവർക്കും അവനെ ഇഷ്ടമാണ്.... 

 അവരൊക്കെ അവന്റെ ഫാൻസ് ആണെന്നും പറയാം.... 

 അവനോട് ദേഷ്യം ഉണ്ടെങ്കിലും ഞാനും അവന്റെ കവിതകളുടെ ഫാൻ ആണ്..... 

അവൻ എഴുതുന്ന പ്രണയം നിറഞ്ഞു തുളുമ്പുന്ന ഓരോ വരികളും എന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങാറുണ്ട്....


അതുകൊണ്ട് തന്നെ അവന്റെ കവിതകളോട് എനിക്ക് ഒരു തരം ഭ്രാന്തമായ ഇഷ്ടം ആണ്..

ചിലപ്പോൾ തോന്നും എനിക്ക് വേണ്ടിയാണ് അവൻ എഴുതുന്നതെന്ന്.... 

പക്ഷേ ഈ കാര്യം ഒന്നും ഞാൻ ആരോടും പറഞ്ഞിട്ടില്ല.. 

സ്വാതിയോട് പോലും..

കാരണം അവൾക്കു അവനോട് ചെറിയൊരു താത്പര്യം ഉണ്ടോ എനിക്കൊരു സംശയം ഉണ്ട്.... 

അവനെ സപ്പോർട്ട് ചെയ്താണ് അവൾ പലപ്പോഴും സംസാരിക്കാറുള്ളത്.... 

അവനോടു പ്രേമം ആണെന്ന് ഒന്നും അവൾ പറഞ്ഞിട്ടില്ല എങ്കിലും അഥവാ ഇനി 

അതൊരു പ്രണയം എങ്ങാനും ആണെങ്കിൽ അതിനിടയിൽ കേറി ഞാൻ ഒരു തടസ്സം ആവേണ്ട കാര്യം ഒന്നും ഇല്ലല്ലോ..

പിന്നെ എന്നെക്കുറിച്ചു പറഞ്ഞാൽ പഠിത്തത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ കഥ എഴുതുന്ന ആള് കൂടിയാണ് ഞാൻ..

ആദ്യമാദ്യം തമാശക്ക് എഴുതി തുടങ്ങിയ എനിക്ക്

എന്റെ കഥകളിലൂടെ ഒരുപാട് ആരാധകരെ കിട്ടിയതോടെ പിന്നെ ഞാൻ 

എഴുത്തിനെ സീരിയസ് ആയി കാണാൻ തുടങ്ങി ..

ഓരോ കഥയും ഒരുപാട് ചിന്തിച്ചു കൂട്ടി ആണ് എഴുതാറുള്ളത്.... പലപ്പോഴും അതൊക്കെ ഒരു ചിത്രം പോലെ എന്റെ മനസ്സിലേക്ക് കടന്നു വരാറുണ്ട്....

ഒരുപക്ഷേ അതുകൊണ്ട് ആണോ അതോ വേറെന്തെങ്കിലും കൊണ്ടാണോ എന്നറിയില്ല ഒരു സ്വപ്നം കുറച്ചു ദിവസമായി എന്റെ ഉറക്കം കെടുത്തുകയാണ്....

അതിനെ കുറിച്ചാണ് അമ്മ നേരത്തെ പറഞ്ഞത്....

അച്ഛൻ ബിസിനസ് സംബന്ധമായ ആവശ്യങ്ങൾക്കായി ഗൾഫിൽ ആയത് കൊണ്ടു അമ്മ ഇപ്പോൾ എന്റെ കൂടെ ആണ് കിടക്കുന്നത്.. അതുകൊണ്ട് തന്നെ 

എന്റെ ഈ സ്വപ്നം കാഴ്ച്ച കാരണം പാവം അമ്മയുടെ ഉറക്കവും പോവുന്നുണ്ട്..

ആ സ്വപ്നത്തെ കുറിച്ച് ഞാൻ വിശദീകരിക്കാം.... 

"കറുപ്പിന്റെ മൂടുപടം അണിഞ്ഞ അമാവാസി നാളിൽ കൈയിൽ ഇരിക്കുന്ന വിളക്കിലെ ചെറുതിരി വെട്ടത്തിൽ ഇരുളിനെ കീറി മുറിച്ചു കൊണ്ടു ഞാൻ ഏതോ ഒരു സ്ഥലത്തു കൂടി മുന്നോട്ടു നടക്കുവാണ്....

അതിന് ഇടയിൽ എന്തിലോ തട്ടി തടഞ്ഞു വീണു.... 

കൈയിൽ ഇരുന്ന വിളക്ക് അണയും മുൻപ് എടുത്തു 

എന്തിലാണ് തട്ടിയെതെന്നു അറിയാനായി വിളക്ക് നീട്ടി പിടിച്ചു നോക്കിയതും ഒരു നിമിഷം ഞാൻ ഞെട്ടി തരിച്ചു ഇരുന്നു പോയി..

ഒരു പെണ്ണിന്റെ മൃതശരീരം..

അവളുടെ വസ്ത്രം കീറി പറിഞ്ഞു ശരീരത്തിൽ അങ്ങിങ്ങായി മുറിവുകൾ കാണാം.... മുഖം ആണെങ്കിൽ ചെമ്പട്ടിനാൽ മറഞ്ഞു കിടക്കുകയാണ്.... 

 അതുകൊണ്ട് അതാരാണെന്ന് അറിയാനായി ഞാൻ അവളുടെ മുഖത്തിനു മേൽ വീണു കിടക്കുന്ന ചെമ്പട്ട് എടുത്തു മാറ്റാനായി ഒരുങ്ങുമ്പോൾ പിന്നിൽ നിന്നും ഒരു കൈ വന്നെന്റെ തോളിൽ പതിക്കും അതോടെ ഒരു ഞെട്ടലോടെ ഞാൻ സ്വപ്നത്തിൽ നിന്നും ഉണരും.. 

ആ പെണ്ണ് ഏതാണെന്നോ..

ആ സ്ഥലം ഏതാണെന്നോ.. എന്തുകൊണ്ടാണ് ഞാൻ ഈ സ്വപ്നം എന്നും കാണുന്നത് എന്നോ ഒന്നും എനിക്ക് വ്യക്തമായി മനസ്സിലാവുന്നില്ല....

ഓരോ കഥയും എഴുതുന്നതിന് മുൻപ് തോന്നാറുള്ളത് പോലെയല്ല ഇത്തവണ

ഏതോ ഒരു അജ്ഞാതശക്തി എന്നോട് എന്തൊക്കെയോ പറയാൻ ആഗ്രഹിക്കുന്നത് പോലൊരു തോന്നൽ ....

അതെന്തായിരിക്കും എന്ന ചിന്തയോടെ കിടന്നതു കൊണ്ടാണോ എന്നറിയില്ല 

ഉറക്കം വരുന്നുണ്ടാ യിരുന്നില്ല അതു കൊണ്ടു തന്നെ ഞാൻ പതിയെ കട്ടിലിൽ നിന്നും എഴുന്നേറ്റു ജനലരികിൽ ചെന്നു നിന്നു പുറത്തേക്ക് നോക്കി.... 

സിറ്റി ആയത് കൊണ്ടാവും ഈ സമയത്തും വണ്ടികൾ ചീറി പാഞ്ഞു പോവുന്നു....

സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടം ഇരുളിനെ കീറി മുറിച്ചു കൊണ്ടു ചുറ്റും പ്രകാശമയം ആക്കിയിരിക്കുന്നു.....

രാത്രി ഏറെ വൈകിയിട്ടും നഗരത്തിന്റെ ബഹളം കെട്ടടങ്ങി യിട്ടില്ല..

എന്റെ മനസ്സ് പതിയെ ഗ്രാമത്തിലേക്ക് സഞ്ചരിച്ചു കൊണ്ടിരുന്നു.... 

ഒരു പക്ഷേ ഗ്രാമത്തിൽ ആയിരുന്നു എങ്കിൽ ഈ സമയം രാത്രിയുടെ നിശബ്ദതയിൽ ലയിച്ചു ആകാശത്തു വിരിഞ്ഞു നിൽക്കുന്ന നക്ഷത്രങ്ങളെ സാക്ഷിയാക്കി ഇലഞ്ഞി പൂമണമുള്ള കാറ്റിൽ വയലിൽ കൂടി പാറി പറക്കുന്ന മിന്നാമിനുങ്ങുകളെയും കണ്ടു കവികൾ പറഞ്ഞിട്ടുള്ള രാത്രിയുടെ മനോഹാരിത ആസ്വദിച്ചു കൊണ്ടു മുത്തശ്ശിയുടെ മടിയിൽ കിടന്ന് കഥകൾ കേട്ട് ഉറങ്ങാമായിരുന്നു..... 

പക്ഷേ അതിനുള്ള യോഗം ഈ നൂറ്റാണ്ടിൽ എങ്ങും എനിക്കു ഉണ്ടാവുമെന്ന് തോന്നുന്നില്ല..

ഒരിക്കൽ എങ്കിലും മുത്തശ്ശനും മുത്തശ്ശിയും പിണക്കം മാറ്റി നാട്ടിലേക്ക് ഞങ്ങളെ ഒന്നു വിളിച്ചിരുന്നെങ്കിലെന്നു ഒരുപാട് ഞാൻ ആഗ്രഹിച്ചിട്ടുണ്ട് പക്ഷേ അത് ഇന്നോളം ആഗ്രഹം മാത്രമായ് നിൽക്കുകയാണ്..

അതു ഓർത്തു നിന്നപ്പോ ളേക്കും കാറ്റിൽ എവിടെ നിന്നോ ഇലഞ്ഞി പൂമണം ഒഴുകിയെത്തി.... 

ആ സുഗന്ധത്തിൽ സ്വയം മറന്നു നിന്നുകൊണ്ട് ഞാൻ മുറ്റത്തേക്ക് നോക്കിയപ്പോൾ മുറ്റത്തെ മാവിൻ ചുവട്ടിൽ നിന്നും ചെമ്പട്ടണിഞ്ഞു ഒരു സ്ത്രീ പുഞ്ചിരിയോടെ എന്റെ നേർക്ക് നടന്നു വരുന്നു.... 

കാറ്റിൽ അവളുടെ മുടിയിഴകൾ പാറി പറക്കുന്നുണ്ട്.... 

(തുടരും... )

Comments

Popular posts from this blog

മയിൽപ്പീലിക്കാവ് | ഭാഗം : 1 | ശിവ

മയിൽപ്പീലിക്കാവ് | ഭാഗം : 2 | ശിവ