മയിൽപ്പീലിക്കാവ് | അവസാനഭാഗം | ശിവ

ചുറ്റും മരങ്ങൾ തിങ്ങി നിറഞ്ഞ സ്ഥലം..... ഇതുവഴി ഇപ്പോൾ അങ്ങനെ ആരും പോവാറില്ല എന്നു തോന്നുന്നു കാരണം നടവഴിയിൽ നിറയെ കരി ഇലകൾ വീണു കിടക്കുന്നു.... ആരും നടന്നു പോയതിന്റെ ലക്ഷണങ്ങൾ ഇല്ല.... ഇരുൾ വീഴും മുൻപ് ഇവിടം കടക്കണം..... കരിയിലകൾ ചവിട്ടി മെതിച്ചു കൊണ്ടു ഞാൻ വേഗം നടന്നു.... 

പെട്ടന്ന് എന്റെ പിന്നിൽ ആരോ ഉള്ളത് പോലെ ഒരു തോന്നൽ ഞാൻ തിരിഞ്ഞു നോക്കിയിട്ട് ആരെയും കണ്ടില്ല.... 

തോന്നിയതാവും എന്നു കരുതി വീണ്ടും മുന്നോട്ടു നടന്നതും പിന്നിൽ കരിയിലകൾ ഞെരിഞ്ഞു അമരുന്ന ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി.... 

എന്റെ പിന്നിൽ ആരും ഉണ്ടായിരുന്നില്ല...... ഉള്ളിൽ ചെറിയൊരു ഭയം തോന്നി...... ഞാൻ പതിയെ ശിവ മന്ത്രം മനസ്സിൽ ഉരുവിട്ട് നടന്നു തുടങ്ങി.... അതോടെ പിന്നെ യാതൊരു വിധ പ്രശ്നങ്ങളും ഉണ്ടായില്ല.... ഒടുവിൽ നടന്നു നടന്നു ഞാൻ ഗ്രാമത്തിന്റെ അതിർത്തിയിൽ എത്തി..... രാത്രി വൈകും മുൻപ് തിരിച്ചെത്തണം എന്ന ഉദ്ദേശത്തോടെ ഞാൻ വേഗം നടന്നു ഭട്ടതിരിയുടെ ഇല്ലത്തെത്തി........

ഇല്ലത്തെ കാര്യസ്ഥൻ അവിടെ ഉണ്ടായിരുന്നു.... അയാളോട് ഭട്ടതിരിയെ കാണാൻ വന്നതാണെന്ന് പറഞ്ഞതും ഞാൻ അദ്ദേഹത്തോട് പറയാമെന്നു പറഞ്ഞു കാര്യസ്ഥൻ അകത്തേക്ക് കയറി പോയി.... 

അൽപ്പം സമയം കഴിഞ്ഞു താടി വെച്ചു മുടി നീട്ടി വളർത്തി കഴുത്തിൽ രുദ്രാക്ഷ മാലയും നെറ്റിയിൽ കുംങ്കുമ കുറിയും ചാർത്തി ചുവന്ന പട്ടണിഞ്ഞു സൂര്യ തേജസ്സോടെ ഒരു മനുഷ്യൻ അകത്തു നിന്നും ഇറങ്ങി വന്നു.. സൂര്യ നാരായണ ഭട്ടതിരി....... അദ്ദേഹത്തിന്റെ ഒരു നോട്ടം മതി അറിയാതെ നമ്മൾ തൊഴുതു നിന്നു പോവും.... 

എന്നെ കണ്ടതും അദ്ദേഹം കാര്യങ്ങൾ ഒക്കെ ഇങ്ങോട്ട് പറഞ്ഞു തുടങ്ങി...... 

ശെരിക്കും ഞാൻ അത്ഭുതപ്പെട്ടു പോയി.... 

അന്തം വിട്ടു നിന്ന എന്നോട് ഉടനെ തന്നെ നമുക്ക് നാട്ടിലേക്കു പുറപ്പെടാം എന്ന് പറഞ്ഞു സാധങ്ങൾ ഒക്കെ എടുത്തു അദ്ദേഹം എന്റെ ഒപ്പം നടന്നു.......

 പുറമെ ദേഷ്യക്കാരൻ എന്നു തോന്നുമെങ്കിലും അദ്ദേഹം വളരെ സൗമ്യതയോടെ ആണ് സംസാരിച്ചത്....

ഞങ്ങൾ നടന്നു നടന്നു രാത്രിയോടെ ഗ്രാമത്തിൽ എത്തി......  

അദ്ദേഹം ഗ്രാമത്തിലേക്ക് കാൽ എടുത്തു വെച്ചതും അവിടമാകെ പ്രകമ്പനം കൊണ്ടു...... എവിടെ നിന്നോ ശക്തമായ കാറ്റ് വീശി തുടങ്ങി..... ഞങ്ങൾ പറന്നു പോകുമോ എന്ന് പോലും എനിക്ക് തോന്നി... ആകാശത്തു കാർമേഘങ്ങൾ ഇരുണ്ടു കൂടി..... മിന്നലുകൾ ഭൂമിയെ പുൽകി തുടങ്ങി...... ആകെപ്പാടെ ഭയാനകമായ അന്തരീക്ഷം...... 

പേടിച്ചു ഞാൻ ഭട്ടതിരിയെ നോക്കുമ്പോൾ അദ്ദേഹം ചെറു പുഞ്ചിരിയോടെ നിൽക്കുകയാണ്.... 

"എന്താ രുദ്രാ പേടി തോന്നുന്നുണ്ടോ...... പേടിക്കണ്ട ഞാൻ വന്നത് അറിഞ്ഞത് കൊണ്ടു അവൾ എനിക്കൊരു സ്വീകരണം ഒരുക്കിയതാണ് .... 

 ഇതിപ്പോൾ ശെരിയാവും എന്നു പറഞ്ഞു അദ്ദേഹം കയ്യിലെ ഭാണ്ഡകെട്ടിൽ നിന്നും ഒരു ചെപ്പെടുത്തു തുറന്നു അതിൽ നിന്നും അൽപ്പം ഭസ്മം എടുത്ത് എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിട്ട് വായുവിലേക്ക് ഊതി.... പെട്ടെന്ന് തന്നെ കാറ്റും മിന്നലും എല്ലാം എങ്ങോട്ടോ പോയി മറഞ്ഞു.... അവിടം ആകെ ശാന്തമായി...... 

അതോടെ എനിക്ക് ധൈര്യമായി 

ഞങ്ങൾ വീണ്ടും മുന്നോട്ട് നടന്നു തറവാട്ടിലെത്തി.... 

ഞങ്ങളെ കണ്ടതും എല്ലാവർക്കും സമാധാനമായി....... പാവങ്ങൾ എന്നെ കാണാതെ ഒരുപാടു വിഷമിച്ചു.... 

അമ്മാവൻ ചാരു കസേരയിൽ നിന്നും എഴുന്നേറ്റു ഭട്ടതിരിയുടെ അടുത്തേക്ക് വന്നു..... 

"ഞാൻ വാസുദേവൻ ഇവന്റെ അമ്മാവൻ ആണ്..... കാര്യങ്ങൾ ഒക്കെ ഇവൻ പറഞ്ഞില്ലേ.... 

"ഉവ്വ എനിക്ക് എല്ലാം അറിയാം.. 

"ഒരുപാട് പേർ ഇവിടുന്ന് അങ്ങയെ വിളിക്കാൻ വന്നതാണ് പക്ഷേ.... 

"അറിയാം പറയേണ്ട ഞാൻ എല്ലാം മനക്കണ്ണിൽ കണ്ടിരുന്നു .... 

"സത്യം പറഞ്ഞാൽ ഇവൻ ഇവിടുന്നു അങ്ങയെ വിളിക്കാൻ ഇറങ്ങിയപ്പോൾ മുതൽ ഞങ്ങൾ തീ തീ തിന്നുകയായിരുന്നു..... വിളിക്കാത്ത ദൈവങ്ങൾ ഇല്ല.... ഇപ്പോഴാണ് ഞങ്ങൾക്ക് സമാധാനം ആയത്..... 

"മ്മ്മം നിങ്ങൾ രുദ്രനെ ഓർത്തു ഇപ്പോൾ പേടിക്കേണ്ടതില്ല അവളുടെ ആഗ്രഹം നിറവേറ്റുന്ന സമയം വരെ അവന്റെ ദേഹത്തു ഒരു പോറൽ പോലും ഏൽക്കാൻ അവൾ സമ്മതിക്കില്ല.... കാരണം പൂർണ്ണ ആരോഗ്യത്തോടെ തന്നെ ഇവനെ കൊല്ലണം അവൾക്ക്..... 

ഭട്ടതിരി പറഞ്ഞതിന്റെ അർത്ഥം മനസ്സിലാവാതെ ഞങ്ങൾ മുഖത്തോടു മുഖം നോക്കി നിന്നു.. 

"ആർക്കും ഒന്നും മനസ്സിലായില്ല അല്ലേ..... 

ഞാൻ തെളിച്ചു പറയാം... 

" ഗന്ധർവനേ മോചിപ്പിക്കാൻ അവൾക്ക് രുദ്രനെ ആവശ്യമുണ്ട്...... ഏകാദശിയിലെ പൗർണ്ണമിയിൽ പൂരം നക്ഷത്രത്തിൽ പിറന്ന കന്യകനായ ഉത്തമ പുരുഷനെ വരുന്ന ചിത്രാ പൗർണ്ണമി രാത്രിയിലേ ഗന്ധർവ്വയാമത്തിൽ കൊന്നു അവന്റെ രക്തം ഗന്ധർവനെ ബന്ധിച്ചിരിക്കുന്ന കല്ലിനു മുകളിൽ വീഴ്ത്തിയാൽ ഗന്ധർവ്വൻ മോചിതനാവും..... അതോടെ അവർക്ക് വീണ്ടും ഒന്നിക്കാൻ ആവും..... 

 അതിന് പറ്റിയ ഒരാളെ കാത്തിരുന്ന അവൾക്കു മുന്നിൽ എത്തിപ്പെട്ട ഇരയാണ് രുദ്രൻ...... രുദ്രനെ അവൻ പോലും അറിയാതെ അതിനു വേണ്ടി അവൾ ഒരുക്കി കൊണ്ടിരിക്കുകയായിരുന്നു...... 

ഇനി രുദ്രനെ രക്ഷിക്കുക എന്നത് അസാധ്യമായ കാര്യം തന്നെയാണ്...... അവൾ ഇന്ന് അത്രക്ക് ശക്തയാണ്.... 

അതുകേട്ടതും എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി 

"ഇതിന് ഒരു പ്രതിവിധിയും ഇല്ലേ തിരുമേനി...... 

"പ്രതിവിധി ഇല്ലേ എന്നു ചോദിച്ചാൽ ഒരു വഴിയുണ്ട് എന്നാൽ അത്‌ എത്രത്തോളം വിജയിക്കാൻ സാധ്യത ഉണ്ടെന്നു പറയാൻ എനിക്കു പോലും ആവില്ല..... 

"എന്താണെങ്കിലും അങ്ങ് പറഞ്ഞോളൂ ഞങ്ങൾ ചെയ്തോളാം...... 

"വാസുദേവാ.... അതിനുള്ള പ്രതിവിധി രുദ്രന്റെ വിവാഹം നടത്തുക എന്നതാണ്....... എന്നാൽ അതിലും ഒരു കുഴപ്പമുണ്ട്...... രുദ്രന്റെ വിവാഹം മുടക്കാൻ അവൾ എന്തും ചെയ്യും വേണ്ടിവന്നാൽ രുദ്രൻ കെട്ടാൻ പോവുന്ന പെൺകുട്ടിയെ കൊല്ലാൻ പോലും അവൾ മടിക്കില്ല..... അത്‌ തടയാൻ ചിലപ്പോൾ എനിക്ക് ആയെന്നു വരില്ല ചിലപ്പോൾ അവൾ രണ്ടു പേരുടെയും ജീവൻ എടുത്തേക്കാം..... 

അപ്പോൾ പിന്നെ സ്വന്തം ജീവൻ കൊടുത്തു രുദ്രന്റെ ജീവൻ രക്ഷിക്കാൻ ഏത് പെൺകുട്ടി തയ്യാറാവും.... 

അതുകേട്ടു എല്ലാവരും നിശബ്ദരായി...... 

"എന്റെ മഹാദേവ അങ്ങയുടെ മണ്ണിൽ ഇത്രയും വലിയൊരു ദുരന്തം നടക്കാൻ പോവുമ്പോഴും അങ്ങ് മൗനം ഭജിക്കുകയാണോ..... ഇത്രയും കാലം അങ്ങയെ വിശ്വസിച്ചു പ്രാത്ഥിച്ച ഞങ്ങൾക്ക് ഈ ഗതി വന്നല്ലോ...... 

"അങ്ങനെ പറയരുത് വാസുദേവാ ഇനി നിങ്ങളെ രക്ഷിക്കാൻ ആ മഹാദേവന് മാത്രമേ സാധിക്കു..... 

അവൾ രുദ്രനെ വക വരുത്താൻ കണ്ടെത്തിയ സമയത്തിന് ഒരു പ്രത്യേകത ഉണ്ട്.... 

മഹാദേവൻ ആറാട്ടിന് ഗ്രാമാതിർത്തിയിൽ ഉള്ള കുളത്തിലേക്കു എഴുന്നള്ളുന്ന സമയമാണത്.... അതുകൊണ്ട് തന്നെ ആ സമയത്തു മഹാദേവന്റെ ചൈതന്യം അമ്പലത്തിൽ ഉണ്ടാവില്ല..... ദേവചൈത്യന്യം ഇല്ലാതായാൽ പിന്നെ എന്തുണ്ടാകുമെന്ന് ഞാൻ പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ..... 

"തിരുമേനി ഞാൻ മരിച്ചാലും വേണ്ടില്ല സാരമില്ല ഈ നാടും നാട്ടിൽ ഉള്ളവരും രക്ഷപെട്ടാൽ മതി... 

"രുദ്രാ നീ മരിച്ചാലും മറ്റുള്ളവർ ആരും രക്ഷപെടാൻ പോവുന്നില്ല...... അവളുടെ ആഗ്രഹം നിറവേറ്റി ഗന്ധർവ്വൻ മോചിതൻ ആയാൽ പിന്നെ അവരുടെ കോപാഗ്നിയിൽ ഈ നാട് തന്നെ നശിക്കും.... 

"അപ്പോൾ പിന്നെ നമ്മൾ എന്ത് ചെയ്യാനാ തിരുമേനി.... 

"അറിയില്ല ദേവാധിദേവനായ മഹാദേവനോട് പ്രാത്ഥിക്കുക അദ്ദേഹം എന്തെങ്കിലും വഴി കാട്ടി തരും..

അമ്മ വിങ്ങിപ്പൊട്ടി കരഞ്ഞു തുടങ്ങി അച്ഛൻ ആണെങ്കിൽ സ്ഥലത്തു ഇല്ല.... എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു ഒഴുകി കൊണ്ടിരുന്നു..... 

"തിരുമേനി ഈ ദേവയാനി എങ്ങനെ ബന്ധനത്തിൽ നിന്നും രക്ഷപെട്ടു........ 

"അതേ കുറിച്ച് ചിന്തിക്കാൻ ഉള്ള സമയമല്ലിത്..... എന്തെങ്കിലും വഴി കാണിച്ചു തരാൻ മഹാദേവനോട് പ്രാത്ഥിക്കാൻ നോക്കുക.... 


"തിരുമേനി രുദ്രേട്ടനെ വിവാഹം കഴിക്കാൻ ഞാൻ തയ്യാറാണ്.... 

ദക്ഷ വിളിച്ചു പറയുന്നത് കേട്ട് എല്ലാവരും ഒന്നു ഞെട്ടി.. 

"നീ ഇത് എന്ത് വിചാരിച്ചു ആണ് ഓരോന്ന് വിളിച്ചു പറയുന്നത് ഇത് തമാശ അല്ല എന്നും പറഞ്ഞു അമ്മാവൻ അവളുടെ നേരെ ചൂടായി.... 

"ഞാൻ ശെരിക്കും ആലോചിച്ചു തന്നെയാണ് അച്ഛാ പറഞ്ഞത്..... രുദ്രേട്ടനെ മരണത്തിന് വിട്ടു കൊടുത്തിട്ട് സമാധാനം ആയിട്ട് ജീവിക്കാൻ നമുക്ക് കഴിയുമോ.... മാത്രമല്ല ഈ നാടിന്റെ നശിക്കുന്നത് കണ്ടു നിൽക്കാൻ എനിക്കാവില്ല.... അതുകൊണ്ട് ആണ് ഞാൻ ഈ തീരുമാനം എടുത്തത് എന്നെ തടയേണ്ട....... നിങ്ങൾക്കൊക്കെ വേണ്ടി മരിക്കേണ്ടി വന്നാലും എനിക്ക് കുഴപ്പമില്ല..... 

അത് കേട്ടു ഞാൻ ഉൾപ്പെടെ എല്ലാവരും അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും അവൾ വഴങ്ങിയില്ല...... 

ഒടുവിൽ ഞങ്ങളുടെ വിവാഹം നടത്താൻ തന്നെ തീരുമാനിച്ചു..... വരുന്ന പൗർണ്ണമി നാളിൽ രാത്രിയിൽ ഗന്ധർവ്വയാമത്തിന് തൊട്ട് മുൻപുള്ള മുഹൂർത്തത്തിൽ ആണ് വിവാഹം നിച്ഛയിച്ചതു അതിനും ഒരു കാരണമുണ്ട് അതിന് മുൻപ് എപ്പോൾ നടന്നാലും ദക്ഷയുടെ ജീവൻ അപകടത്തിൽ ആക്കാൻ യക്ഷിക്ക് എളുപ്പം ആയിരിക്കും മറിച്ചു ഗന്ധർവ്വയാമയത്തിനു തൊട്ട് മുൻപാണെങ്കിൽ അവളാകെ പ്രകോപിതയാകും അവളുടെ ശ്രദ്ധ വിവാഹത്തിലേക്ക് തിരിയും പിന്നെ ഗന്ധർവ്വയാമം കഴിയും വരെ രുദ്രന്റെ ജീവൻ പിടിച്ചു നിർത്താൻ ആയാൽ പിന്നെ അവളെ ബന്ധിക്കാൻ എളുപ്പം ആയിരിക്കും കാരണം പൂർണ്ണ ചൈതന്യത്തോടെ ആറാട്ടു കഴിഞ്ഞു ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്ന മഹാദേവന് മുന്നിൽ അവളുടെ ശക്തി ക്ഷെയിക്കും...... പക്ഷേ ഈ പറഞ്ഞ കാര്യങ്ങളിൽ എവിടെങ്കിലും ഒരു ചെറിയ പിഴവ് പറ്റിയാൽ പിന്നെ ആരും തന്നെ ജീവനോടെ ഉണ്ടാവില്ല.... ഈ ഞാൻ പോലും അതുകൊണ്ട് എല്ലാം ശ്രദ്ധിച്ചു വേണം മാത്രമല്ല വിവാഹം നിച്ഛയിച്ച സമയത്തു അല്ലാതെ ദക്ഷ പൂജാമുറി വിട്ടു പുറത്തു ഇറങ്ങരുത് .. ഇതാ കുട്ടി ഈ രക്ഷ കെട്ടിക്കോളു..... ഇതിന് പൗർണ്ണമി നാൾ വരയെ ശക്തി ഉണ്ടാവുകയുള്ളൂ.... 

അവൾ അത്‌ വാങ്ങി കൈയിൽ കെട്ടി..... 

പൗർണ്ണമി നാൾ വരെ വൃത്തമെടുത്തു എല്ലാവരും മഹാദേവനോട് പ്രാത്ഥിച്ചു..... 

അങ്ങനെ ആ ദിവസം വന്നെത്തി ഒരു നാട് മുഴുവൻ പ്രാത്ഥനയുമായി ക്ഷേത്രത്തിൽ എത്തി... അമ്പലത്തിൽ പ്രത്യേക പൂജകൾ നടന്നു കൊണ്ടിരുന്നു....

ഭട്ടതിരി ഹോമകുണ്ഡം ഒരുക്കി പൂജകൾ ആരംഭിച്ചു.... 

ഞാനും ദക്ഷയും വിവാഹത്തിനായി അമ്പലത്തിലേക്ക് പോവാൻ ഇറങ്ങി കൂടെ അമ്മാവനും അമ്മായിയും അമ്മയും അജുവും ഒക്കെ ഉണ്ടായിരുന്നു.... 

നിലാവെട്ടത്തിൽ ഓരോ ചുവടു മുന്നോട്ട് വെക്കുമ്പോഴും ഞങ്ങളുടെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു.... എന്ത് നടക്കുമെന്ന് ഒരെത്തും പിടിയും ഇല്ല.... 

ഞങ്ങൾ നടന്നു നടന്നു കാവിന് അടുത്തെത്തിയതും അതിശക്തമായ കാറ്റടിച്ചു..... അഗ്നി ഗോളങ്ങൾ ഞങ്ങളുടെ മുന്നിൽ കൂടി പാഞ്ഞു പോയി.... ആകെ പേടിച്ചു വിറച്ചു നിന്ന ഞങ്ങളുടെ മുന്നിലേക്ക് 

പെട്ടെന്ന് അഗ്നിജ്വലിക്കുന്ന കണ്ണുകളുമായി അവൾ വന്നു ദേവയാനി...... 

അവളുടെ പനംകുല പോലത്തെ മുടിയിഴകൾ കാറ്റിൽ പാറി പറക്കുന്നു.... ആ മുഖത്തു നിന്നും ഒരു യക്ഷിയുടെ പകയുടെ ആഴം എത്രയെന്നു തിരിച്ചറിയാൻ കഴിയുമായിരുന്നു....  

യക്ഷിയെ കണ്ടു ഞെട്ടി വിറച്ചു ദക്ഷ എന്റെ കൈയിൽ മുറുകെ പിടിച്ചു..... ഞാൻ അവളെ മാറോടു ചേർത്ത് പിടിച്ചു.... അതുകണ്ടു ദേഷ്യം പൂണ്ടു യക്ഷി ഞങ്ങളെ ലക്ഷ്യമാക്കി നടന്നു വന്നു....  

പിന്നെ ഒട്ടും ആലോചിക്കാതെ ഞാൻ ദക്ഷയുടെ കൈയ്യും പിടിച്ചു കാവിലേക്കു ഓടി കയറി.... പിന്നാലെ യക്ഷിയും...... പെട്ടെന്ന് ഞങ്ങളുടെ നേരെ ഒരു മരകമ്പു വീഴാൻ തുടങ്ങുന്നത് കണ്ടു ഞാൻ ദക്ഷയെ തള്ളി മാറ്റിയതും ഞങ്ങൾ രണ്ടു സൈഡിലേക്ക് മറിഞ്ഞു വീണു.... വീണിടത്തു നിന്നു 

ദക്ഷയും ഞാനും എഴുന്നേറ്റതും യക്ഷി അവൾക്ക് അരികിലേക്ക് എത്തി.... പേടിച്ചവൾ ഓടി പിന്നാലെ യക്ഷിയും അതിന്റെ പിന്നിൽ ഞാനും.... 

 ഭട്ടതിരി പറഞ്ഞത് പോലെ യക്ഷി ദക്ഷയെ കൊല്ലാനുള്ള പുറപ്പാട് ആണെന്ന് എനിക്ക് മനസ്സിലായി.... എന്റെ വിവാഹം അവളുടെ ലക്ഷ്യത്തിനു ഒരു തടസ്സം ആണല്ലോ അത് നടക്കാതെ ഇരിക്കാൻ യക്ഷി എന്തും ചെയ്യുമെന്ന് ഭട്ടതിരി പറഞ്ഞിരുന്നു.... 

പേടിച്ചു ഓടുന്നതിന്റെ ഇടയിൽ നിലത്തു കിടന്ന കമ്പിൽ തട്ടി തെറിച്ചു ദക്ഷ വീണു..... അവളുടെ നെറ്റി നിലത്തു കിടന്ന കല്ലിൽ മുട്ടി മുറിഞ്ഞു ചോര പൊടിഞ്ഞു .... പതിയെ അവളുടെ ബോധം മറഞ്ഞു.... യക്ഷി ഒരു അട്ടഹാസത്തോടെ അവളുടെ അടുത്ത് എത്തി.... എന്ത് ചെയ്യണം എന്നറിയാതെ ഞാൻ പകച്ചു നിന്നു..... പെട്ടെന്ന് എവിടെ നിന്നോ കാറ്റിൽ പറന്നു കുറെ കൂവളത്തിലകൾ അവൾക്കു ചുറ്റും വീണു........ അതവൾക്കു ഒരു കവചമായി മാറിയെന്നു തന്നെ പറയാം.... കാരണം അവളുടെ അടുത്തേക്ക് അടുക്കാൻ പിന്നെ യക്ഷിക്കായില്ല.... ശിവാംശം ഉണ്ടെന്നു പറയപ്പെടുന്ന അമ്പലത്തിലെ കൂവളത്തിലകൾ ആയിരിക്കാം..... 

പല തവണ ശ്രമിച്ചിട്ടും ദക്ഷയുടെ അടുത്തേക്ക് എത്താൻ അവൾക്കായില്ല..... അഗ്നി ജ്വലിക്കുന്ന ത്രിശൂലങ്ങൾ ആയി കൂവളത്തിലകൾ മാറി.... 

അതോടെ ദേഷ്യം കേറി അവളുടെ ശ്രദ്ധ എന്നിലേക്കായി....... ആകാശത്തു നിലാവിനെ മറച്ചു നിന്നിരുന്ന മേഘങ്ങൾ മാറാൻ തുടങ്ങിരിക്കുന്നു .... ഗന്ധർവ്വയാമം അവസാനിക്കാറായിരിക്കുന്നു എന്നവൾക്കു ബോധ്യം വന്നു.... മഹാദേവൻ ആറാട്ട് കഴിഞ്ഞു ക്ഷേത്രത്തിൽ എത്താറായിരിക്കുന്നു...... എത്തിയാൽ പിന്നെ പൂർണ്ണമായും ആവാഹിക്കപെട്ട ആ ചൈതന്യത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ ആയെന്നു വരില്ല അതുകൊണ്ട് തന്നെ എന്നെ എത്രയും വേഗം കൊല്ലണം എന്ന് തീരുമാനിച്ചവൾ എന്നെ ലക്ഷ്യമാക്കി നടന്നു വന്നു..... 

ഞാൻ അവിടുന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.... പക്ഷേ എന്റെ ഓട്ടം ചെന്നു അവസാനിച്ചത് ആ പാലമര ചുവട്ടിൽ ആയിരുന്നു..... 

കിതപ്പോടെ മരത്തിലേക്ക് ചാരി ഞാൻ നിന്നു....ഇനി എനിക്ക് ഒരടി പോലും മുന്നോട്ട് വെക്കാൻ ആവില്ല ..... ഇരിക്കാനായി ഞാൻ താഴേക്കു നോക്കുമ്പോൾ തൊട്ടരികിൽ ഗന്ധർവനെ ആവാഹിച്ചു ബന്ധിച്ച കല്ല് ഇരിക്കുന്നു .... അതോടെ എങ്ങനെ എങ്കിലും അവിടുന്ന് രക്ഷപെടണം എന്ന് വിചാരിച്ചു മുന്നോട്ടു പോവാൻ നോക്കുമ്പോഴേക്കും യക്ഷി എന്റെ അരുകിൽ എത്തിയിരുന്നു.... മരണത്തെ മുഖാമുഖം കണ്ട നിമിഷമായിരുന്നു അത്...... 

ഒന്ന്‌ ചലിക്കാൻ പോലും ആവാതെ ഞാൻ നിന്നു പോയി..... എന്റെ ദേഹം ആകെ തളരുന്നത് പോലെ.... അവളുടെ കൈകൾ എന്റെ കഴുത്തിൽ പിടി മുറുക്കി..... എന്റെ ശ്വാസം നിലച്ചു പോവുമെന്ന് തോന്നിയ നിമിഷം ആയിരുന്നു അത്... പതിയെ അവളുടെ കൂർത്ത നഖങ്ങൾ എന്റെ കഴുത്തിലേക്ക് ആഴ്ന്നു ഇറങ്ങാൻ തുടങ്ങവേ ഘനഗംഭീര ശബ്ദത്തോടെ ദേവയാനി എന്നൊരു വിളി കേട്ടു..... യക്ഷി എന്റെ കഴുത്തിൽ നിന്നും പിടി വിട്ടു തിരിഞ്ഞു നോക്കി.... 

കൈയിൽ ഒരു കൽപ്രതിമയുമായി സൂര്യ നാരായണ ഭട്ടതിരിയും സഹായിയും നിൽക്കുന്നു..... സഹായിയുടെ കൈയിലും ഒരു കൽ പ്രതിമ ഉണ്ടായിരുന്നു....... 

"ദേവയാനി നിന്റെ ആഗ്രഹം ഇനി ഒരിക്കലും നടക്കില്ല ഗന്ധർവനെ ദേവ ചൈതന്യം നിറച്ചു ഞാൻ ആവാഹിച്ചു കഴിഞ്ഞു .... അതിനുള്ള കർമ്മങ്ങൾക്ക് നീ തടസ്സം ആവാതെ ഇരിക്കാൻ നിന്റെ ശ്രദ്ധ തിരിക്കാൻ ഞാൻ ഒരുക്കിയ നാടകം ആയിരുന്നു ഇവരുടെ വിവാഹം....

നിന്റെ ശ്രദ്ധ പൂർണ്ണമായും ഇവരിലേക്ക് തിരിയുമെന്നു എനിക്കു ഉറപ്പായിരുന്നു.....  

ഇനി നീ രുദ്രനെ കൊന്നാലും ഗന്ധർവ്വനെ നിനക്ക് മോചിപ്പിക്കാൻ ആവില്ല..... ഗന്ധർവനേ ഈ നാടിന്റെ കാവൽക്കാരൻ ആക്കി ഞാൻ ഈ പാലച്ചുവട്ടിൽ പ്രതിഷ്ഠിക്കാൻ പോവുകയാണ്...... 

 തന്റെ സ്വപ്നവും കാത്തിരിപ്പും ഒരിക്കൽ കൂടി വെറുതെ ആയി എന്നറിഞ്ഞു കോപത്താൽ അവൾ എന്റെ നേരെ തിരിഞ്ഞു...... അപ്പോഴേക്കും ഗന്ധർവ്വയാമം കഴിഞ്ഞു മഹാദേവന്റെ തിടമ്പുമായി ആന ക്ഷേത്രാങ്കണത്തിൽ എത്തിയിരുന്നു..... ക്ഷേത്രത്തിൽ നിന്നും ആയിരകണക്കിന് ആളുകളുടെ നാവിൽ നിന്നുള്ള ഓം നമശിവായ എന്ന പഞ്ചാക്ഷരി മന്ത്രം മുഴങ്ങി കേട്ടു...... 

അപ്പോഴേക്കും ഭട്ടതിരി ശക്തിയേറിയ അഘോരി മന്ത്രങ്ങൾ ഉരുവിട്ട് തുടങ്ങി.... അതോടെ ദേവയാനി പതിയെ പതിയെ അദ്ദേഹത്തിന്റെ വരുതിയിൽ ആകാൻ തുടങ്ങി..... 

"ദേവയാനി നിന്റെ ശക്തി ക്ഷെയിച്ചു കഴിഞ്ഞിരിക്കുന്നു ഇനി ആരെയും ഉപദ്രവിക്കാൻ നിനക്ക് ആവില്ല.... 


 അതോടെ തന്റെ പ്രണയം സഫലം ആകുമെന്ന് കരുതി വർഷങ്ങൾ ആയി കാത്തിരുന്ന തന്റെ കാത്തിരുപ്പ് വിഫലമായി പോയെന്നറിഞ്ഞു നിസ്സഹായ അവസ്ഥയിൽ ദേവയാനി നിന്നു.... അതുവരെ എല്ലാവരെയും ഭീതിയിൽ ആഴ്ത്തിയ മുഖം ആയിരുന്നില്ല അവൾക്കപ്പോൾ മറിച്ചു എന്നന്നേക്കുമായി തന്റെ പ്രിയതമനെ നഷ്‌ടമായ പെൺകുട്ടിയുടെ വേദന ആയിരുന്നു..... 

"ദേവയാനി എനിക്ക് മനസ്സിൽ ആവും നിന്നെ.... നിന്നിലെ പൈശാചികതയെ പൂർണ്ണമായും ഇല്ലാതാക്കി നിന്നിൽ ദേവാംശം നിറച്ചു ഗന്ധർവനൊപ്പം നിന്നെ ഞാൻ ഇവിടെ പ്രതിഷ്ഠിക്കാം..... ഈ കൽപ്രതിമയിലേക്ക് നിന്നെ ഞാൻ ആവാഹിച്ചു ഇരുത്താൻ പോവാണ് എന്നു പറഞ്ഞു ഭട്ടതിരി തന്റെ കൈയിൽ ഇരുന്ന പ്രതിമ സഹായിക്കു നൽകി കൊണ്ടു സഹായിയുടെ കൈയിൽ നിന്നും മറ്റേ പ്രതിമ വാങ്ങി...... എന്തൊക്കെയോ മന്ത്രങ്ങൾ ചൊല്ലി.... അതോടെ ദേവയാനി ഒരു പുകപടലമായി മാറി പ്രതിമയിലേക്കു അലിഞ്ഞു ചേർന്നു..... 

ഉടനെ അദ്ദേഹം രണ്ടു പ്രതിമകളും കൂടി മന്ത്രങ്ങൾ ഉരുവിട്ട് പാലമരചുവട്ടിൽ പ്രതിഷ്ഠിച്ചു...... 

നിലാവെളിച്ചം തട്ടിയതും ആ പ്രതിമകൾ ഒന്നു മിന്നി തിളങ്ങി..... 

അപ്പോഴേക്കും ബോധം വീണു ദക്ഷയും പതിയെ എഴുന്നേറ്റു വന്നു..... ചുറ്റുപാടും ശാന്തമായി... കാർമേഘങ്ങൾ മാറി.. ആകാശത്തു നക്ഷത്രങ്ങൾ മിന്നി തിളങ്ങി....

അമ്മാവനും അമ്മായിയും അമ്മയും അജുവും ഒക്കെ അവിടേക്കു എത്തി.... നേരം പുലരാറാവുന്നു...... 

എവിടെ നിന്നോ കുറേ മയിലുകൾ പാറി പറന്നെത്തി..... 

"ഇനി നിങ്ങൾ ആരും ഭയപ്പെടേണ്ടതില്ല.... ഗന്ധർവനും യക്ഷിയും ഇനി ഈ നാടിന്റെ കാവൽക്കാർ ആയിരിക്കും..... ഈ ഗ്രാമത്തിന്റെ തന്നെ ഐശ്വര്യമായി ഈ കാവ് മാറും....... അതേ രുദ്രാ ഇതാണ് ഏറ്റവും നല്ല മുഹൂർത്തം ഈ ഗന്ധർവ്വന്റെയും യക്ഷിയുടെയും അനുഗ്രഹത്തോടെ ആവട്ടെ നിങ്ങളുടെ വിവാഹം എന്നു പറഞ്ഞു അദ്ദേഹം ഞങ്ങൾക്ക് നേരെ രണ്ടു വിളക്കുകൾ നീട്ടി.......

ഭട്ടതിരി പറയുന്നത് കേട്ട് ഞാൻ ദക്ഷയെ നോക്കി അവളുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു.... ഞങ്ങൾ ഒരുമിച്ച് ആ വിളക്കുകൾ തെളിച്ചു..... അപ്പോഴേക്കും അമ്മാവൻ താലിയെടുത്തു കൈയിൽ തന്നു പിന്നെ ഒട്ടും താമസിയാതെ സകലരെയും സാക്ഷിയാക്കി ഞാൻ അവളുടെ കഴുത്തിൽ താലി കെട്ടി.....  

പെട്ടെന്ന് എവിടെ നിന്നോ വീശിയ ഇളം കാറ്റിൽ പാലപ്പൂക്കൾ ഞങ്ങളുടെ മേൽ വന്നു വീണു ....

 ഒരു പക്ഷേ ഗന്ധർവന്റെയും യക്ഷിയുടെയും അനുഗ്രഹം ആയിരിക്കാം അത്........ 

====================

"ഏട്ടാ... രുദ്രേട്ട എഴുന്നേൽക്ക് നാട് എത്താറായി.... എന്തൊരു ഉറക്കം ആയിരുന്നു ഇത്...... 

അപ്പോഴാണ് ഞാൻ കണ്ണ് തുറന്നു ചുറ്റും നോക്കിയത്....  

"ഹാ എത്താറായോ ഞാൻ പഴയ കാര്യങ്ങൾ ഒക്കെ ആലോചിച്ചു ഉറങ്ങി പോയതാടി....  

"ഉവ്വ അച്ഛനും മക്കളും കൂടി പോത്ത് പോലെ കിടന്നു ഉറങ്ങി....  

ശെരിയാണ് ഒരാൾ എന്റെ നെഞ്ചോടു ചേർന്നും മറ്റെയാൾ അവളുടെ മടിയിലും കിടന്നു ഉറങ്ങുകയാണ്..... 

ഞാൻ അവരെ വിളിച്ചു എഴുന്നേൽപ്പിച്ചു.... സ്റ്റോപ്പ്‌ എത്തിയതും ട്രെയിനിൽ നിന്നും ഇറങ്ങി.. പതിയെ ഞങ്ങൾ നടന്നു തുടങ്ങി.... അപ്പോഴതാ മുന്നിൽ നാട്ടിലേക്കു ഉള്ള ബസ് വന്നു.... അതിൽ കയറി നാട്ടിലെത്തി....  

പഴയ ഗ്രാമഭംഗി ഇന്നും നില നിൽക്കുന്നുണ്ട്....... ഉത്സവം കൊടിയേറുന്ന ദിവസം ആയതിനാൽ ആവണം എല്ലായിടവും നന്നായി അലങ്കരിച്ചിരിക്കുന്നു....... ശെരിക്കും നാട് വല്ലാതെ മിസ്സ്‌ ചെയ്തിരുന്നു.... 

കല്യാണം കഴിഞ്ഞു എന്റെ തിരക്ക് കാരണം ഒരിക്കൽ മാത്രമാണ് നാട്ടിൽ വന്നത്.... 

അതിന്റെ പേരിൽ അവൾ ഒരുപാട് പരാതികൾ പറഞ്ഞു ഒടുവിൽ ഇന്നാണ് വരാൻ കഴിഞ്ഞത്..... അതും ഉത്സവത്തിന്..... ഇത്തവണത്തെ വരവിൽ കൂട്ടിനു ഞങ്ങളുടെ കുസൃതി കുരുന്നുകളും ഉണ്ട് ..... 

തറവാട്ടിൽ എത്തി.... ഞങ്ങളെ കണ്ടതും എല്ലാവർക്കും വലിയ സന്തോഷമായി.... വിശേഷങ്ങൾ ഒക്കെ പങ്കുവെച്ചു സന്ധ്യ ആയതോടെ ഞങ്ങൾ ദീപാരാധന തൊഴാൻ അമ്പലത്തിൽ എത്തി.... വർഷങ്ങൾക്ക് ഇപ്പുറം ദീപപ്രഭയിൽ ജ്വലിച്ചു നിന്ന ക്ഷേത്രത്തെയും മഹാദേവനെയും ഒരിക്കൽ കൺകുളിർക്കെ കണ്ടു... മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി..... മഹാദേവനെ തൊഴുതു പുറത്തേക്കു ഇറങ്ങി ഞാനും ദക്ഷയും നേരെ കാവിലേക്കു നടന്നു....... പഴയ ഓർമ്മകൾ ഒരിക്കൽ കൂടി മനസ്സിലേക്ക് കടന്നു വന്നു....... ഞാൻ നോക്കുമ്പോൾ 

മയിൽപ്പീലി കാവ് ദീപപ്രഭയിൽ മുങ്ങി കുളിച്ചു നിൽക്കുന്നു..... ഞങ്ങൾ കാവിനകത്തേക്കു കയറി.... അവിടെ ഇവിടായി മയിൽപ്പീലികൾ കാവിൽ ചിതറി കിടക്കുന്നു....... 

ഞങ്ങൾ നേരെ പാലമരചുവട്ടിലേക്കു നടന്നു....... 

ഗന്ധർവ്വന്റെയും യക്ഷിയുടെയും കൽപ്രതിമകൾക്കു മുന്നിൽ ഒരുപാട് വിളക്കുകൾ ആരൊക്കെയോ തെളിച്ചു വെച്ചിരിക്കുന്നു..... ഞങ്ങൾ അവരെ തൊഴുതു നിന്നു പഴയ ഓർമ്മകൾ ഒരു മിന്നായം പോലെ മനസ്സിൽ വീണ്ടും വീണ്ടും ഓടിയെത്തി..... ഞാൻ മെല്ലെ ദക്ഷയുടെ കൈയിൽ എന്റെ കൈ കോർത്തു പിടിച്ചു നിന്നു...... അപ്പോഴേക്കും പാലമരം പാലപ്പൂക്കൾ ഞങ്ങളുടെ മേൽ വർഷിച്ചു...... 

"എന്താ രുദ്രേട്ട ആലോചിക്കുന്നത്.....  

"ഒന്നുമില്ലെടി പഴയ കാര്യങ്ങൾ ഒക്കെ ഓർത്തതാണ്..... എനിക്ക് ഇപ്പോഴും മനസ്സിലാവാത്ത ഒരു കാര്യം ഉണ്ട്..... 

" എന്ത് കാര്യം......???? 

"അല്ല അന്ന് യക്ഷി എങ്ങനെ ബന്ധനത്തിൽ നിന്നും രക്ഷപെട്ടു???? 

"ഏട്ടന് വേറെ പണിയൊന്നും ഇല്ലേ അതൊക്കെ കഴിഞ്ഞു പോയ കാര്യങ്ങൾ അല്ലേ.... വാ നമുക്ക് പോകാം എന്നു പറഞ്ഞവൾ കാവിന് പുറത്തേക്കു നടന്നു...... 

"ഹാ ഒന്നു നിൽക്കെടി.... അതറിയാൻ ഒരു കൗതുകം തോന്നി അത്രേയുള്ളു...... 

"മ്മ്മം അതേ ഏട്ടാ ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടരുത്..... 

"എന്ത് കാര്യം..... 

"അതുപിന്നെ അന്ന് യക്ഷി.... 

"നിന്ന് കുണുങ്ങാതെ എന്താണെന്നു വെച്ചാൽ പറയെടി...... 

"അതുപിന്നെ അന്ന് യക്ഷി ബന്ധനത്തിൽ നിന്നും രക്ഷപെടാൻ കാരണം ഞാനാ..... 

"ങേ നീയോ...... 

"അതേ ഞാൻ തന്നെ....ആണി ഊരിയാൽ ഒരു ഡസൻ കുപ്പിവള വാങ്ങി തരുമെന്ന് പറഞ്ഞു കൂട്ടുകാർ ബെറ്റ് വെച്ചപ്പോൾ യക്ഷിയെ ബന്ധിച്ചിരുന്ന ആണി ഞാൻ ഊരി പക്ഷേ അതിന്റെ പേരിൽ അത്ര വലിയ പ്രശ്നം ഉണ്ടാവുമെന്ന് ഞാൻ വിചാരിച്ചില്ല...... 

"തെണ്ടി നിന്റെ ഒടുക്കത്തെ ഒരു ബെറ്റ് കാരണം എന്റെ ജീവൻ തന്നെ പോയേനെ.... 

അതുകേട്ടവൾ ചിരിച്ചു...... 

"കുരുത്തക്കേട് കാണിച്ചിട്ട് നിന്ന് കിണിക്കുന്നോടി എന്നു ചോദിച്ചു ഞാൻ അവളുടെ അടുത്തേക്ക് ചെന്നതും പോടാ എന്നു പറഞ്ഞു എന്നെ കൊഞ്ഞനം കുത്തി കാണിച്ചു അവളോടി..... 

ജോലി തിരക്കുകൾ നഷ്ടമാക്കിയ പഴയ രുദ്രനിലേക്കും ദക്ഷയിലേക്കും ഉള്ളൊരു തിരിച്ചു പോക്കായിരുന്നു അത്...... കുസൃതിയും കുറുമ്പും കാട്ടി അവൾ പഴയ ദക്ഷ ആയപ്പോൾ അവൾക്കൊപ്പം പഴയ രുദ്രനായി ഞാനും മാറി.... രണ്ടു പിള്ളേരുടെ അച്ഛനും അമ്മയും ആയിട്ടും ഇതുവരെ ഞങ്ങളുടെ കുട്ടിക്കളി മാറിയില്ല എന്നറിഞ്ഞു വീട്ടുകാർ എല്ലാം അന്തം വിട്ടു കുന്തം വിഴുങ്ങി ഇരുന്നു........ 

ഒരിക്കൽ ഗ്രാമത്തിന്റെ പേടി സ്വപ്നം ആയിരുന്ന മയിൽപ്പീലിക്കാവ് ഇന്ന് അനേകം വിവാഹത്തിന് സാക്ഷിയാവുന്നു..... ഒരു പക്ഷേ അവരിലൂടെ ഗന്ധർവനും യക്ഷിയും ഇപ്പോഴും പ്രണയിച്ചു കൊണ്ടിരിക്കുകയാവും......

ശുഭം... 

Comments

Popular posts from this blog

ചെമ്പട്ട് | ഭാഗം : 1 | ശിവ

മയിൽപ്പീലിക്കാവ് | ഭാഗം : 1 | ശിവ

മയിൽപ്പീലിക്കാവ് | ഭാഗം : 2 | ശിവ