ചെമ്പട്ട് | ഭാഗം : 9 | ശിവ
വിജയേന്ദ്രൻ.. നാട്ടിലെ പ്രമാണി.. ആഭാസനും പെൺ വിഷയത്തിൽ അതീവ തല്പരനുമായ അവൻ സ്വന്തമാക്കാൻ ആഗ്രഹിച്ച ഏക പെൺകൊടിയാണ് അഞ്ജന.....
അവളെ മറ്റാർക്കും വിട്ടു കൊടുക്കില്ല എന്ന് ശപഥം ചെയ്തു നടക്കുന്നവനാണ്.... ഒരു തരം ഭ്രാന്താണ് അവന് അഞ്ജനയോട് അങ്ങനെ ഉള്ള അഞ്ജനയെ വിഷ്ണു സ്വന്തമാക്കാൻ ശ്രെമിക്കുന്നതു കണ്ടപ്പോൾ അവന്റെ ഉള്ളിലെ ദേഷ്യത്തെ നിയന്ത്രിക്കാൻ അവൻ പാടുപെട്ടു..
എടുത്തു ചാടിയാൽ അപകടം ആണെന്ന് അവനറിയാം കാരണം കളരി മുറകളിൽ പ്രാവീണ്യം നേടിയ വിഷ്ണു ദത്തനെ അത്ര വേഗം കീഴ്പ്പെടുത്താൻ തനിക്കാവില്ല എന്നവന് അറിയാം അതുകൊണ്ട് പറ്റിയ ഒരവസരത്തിനായി കാത്തിരുന്നേ മതിയാവൂ..
അങ്ങനെ ഒരവസരം തനിക്ക് മുന്നിൽ വന്ന് ചേരാതിരിക്കില്ല എന്ന് മനസ്സിൽ പറഞ്ഞു കൊണ്ടു വിജയേന്ദ്രൻ അവിടെ നിന്നും പോയി....
============================
വിഷ്ണു ദത്തനും അഞ്ജനയും തമ്മിലുള്ള പ്രണയം ഇലഞ്ഞി പൂക്കളെ പോലെ പൂത്തുലഞ്ഞു..
ആരും കാണാതെ ഇടവഴികളിലും കാവിലും ഒക്കെ വെച്ചവർ പ്രണയം കൈമാറി..
പ്രണയം എന്ന തേൻ നുകർന്ന പൂമ്പാറ്റയെ പോലെ അഞ്ജന ആ ഗ്രാമത്തിൽ പാറി പറന്നു നടന്നു....
അവളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂർത്തങ്ങളിൽ കൂടി അവൾ കടന്നു പോയി കൊണ്ടിരുന്നപ്പോൾ വരാനിരിക്കുന്ന ആപത്തു തിരിച്ചറിയാൻ അവൾക്ക് ആയില്ല......
അഞ്ജനയുടെയും വിഷ്ണു ദത്തന്റെയും പ്രണയം വൈകാതെ വിഷ്ണുവിന്റെ അച്ഛൻ ദേവദത്തന്റെ ചെവിയിലെത്തി......
"തിരുമേനി..... വിഷ്ണു തിരുമേനിയുടെ പോക്ക് അത്ര ശെരിയല്ല.. ആ ആട്ടക്കാരി പെണ്ണുമായി ലോഹ്യത്തിൽ ആണെന്നാണ് കേട്ട് കേൾവി.. കൂടാതെ ഞാനും അവരെ രണ്ടുപേരെ പലയിടത്തും വെച്ച് കണ്ടിരുന്നു..
"അച്യുതാ അവനൊരു ആൺകുട്ടിയല്ലേ അതിന്റെതായ ചില കുസൃതികൾ കാണാതെ ഇരിക്കുമോ.. നമുക്കും ഉണ്ടായിരുന്നു ഇങ്ങനെ ചില്ലറ ചുറ്റിക്കളികൾ ഒക്കെ.. അതുകൊണ്ട് ഇതൊന്നും അത്ര കാര്യമാക്കാനില്ല..
"എന്നാലും എനിക്കെന്തോ ഇതൊന്നും അത്രക്ക് പിടിക്കുന്നില്ല തിരുമേനി അങ്ങുന്നു ഉണ്ണിയെ ഒന്ന് ഉപദേശിക്കണം..... കാര്യസ്ഥൻ അച്യുതൻ അത് പറഞ്ഞു തീർന്നപ്പോളേക്കും വിഷ്ണു എത്തി..
"വിഷ്ണു ഒന്നു നിൽക്ക അവിടെ ഞാൻ ഈ കേട്ടതൊക്കെ ശെരിയാണോ നീയും ആ ആട്ടക്കാരി പെണ്ണുമായി എന്തോ അടുപ്പത്തിൽ ആണെന്നോ മറ്റോ ഈ അച്യുതൻ പറയുന്നത് കേട്ടു..
"അതുപിന്നെ അച്ഛാ ഞാൻ അത് അച്ഛനോട് പറയാൻ ഇരിക്കുക യായിരുന്നു.. എനിക്ക് അവളെ ഇഷ്ടമാണ്.. എനിക്ക് അവളെ വേളി കഴിക്കണം അതിനു അച്ഛൻ സമ്മതിക്കണം..
"വിഷ്ണു നീ എന്തൊക്കെയാണ് ഈ പറയുന്നത്.. നമ്മുടെ തറവാടിന്റെ അന്തസ്സ് നോക്കേണ്ട ഏതോ ഒരു ആട്ടക്കാരി പെണ്ണിനെ ഈ തറവാട്ടിൽ കയറ്റണം എന്നാണോ നീ ഈ പറയുന്നത്.... നടക്കില്ല മോനെ..
"നടക്കും അച്ഛന്റെ മകൻ തന്നെയാണ് ഞാനും എനിക്കും വാശിയുണ്ട് അവളുടെ അല്ലാതെ മറ്റൊരു പെണ്ണിന്റെ കഴുത്തിലും ഞാൻ താലി കെട്ടില്ല ഇത് നാഗമ്മ ആണേൽ സത്യം.....
"മോന്റെ ഇഷ്ടം അതാണെങ്കിൽ നമുക്ക് അത് അങ്ങ് നടത്തി കൊടുക്കാം ദേവേട്ട എന്നും പറഞ്ഞു അകത്തു നിന്നും വിഷ്ണുവിന്റെ അമ്മ ഇറങ്ങി വന്നു..
"സരസ്വതി നീ എന്തൊക്ക ആണ് ഈ പറയുന്നത്.. ആ ആട്ടക്കാരി പെണ്ണിനെ ഈ വീട്ടിലെ മരുമകൾ ആക്കണം എന്നാണോ നടക്കില്ല എനിക്കെന്റെ അന്തസ്സ് ആണ് വലുത്.....
"എന്ത് അന്തസ്സ് മോന്റെ ഇഷ്ടതിനേക്കാൾ വലുതാണോ നിങ്ങൾക്ക് അന്തസ്സ്..
മോനെ വിഷ്ണു നീ പുറത്തേക്ക് ഇറങ്ങിയതല്ലേ പോയിട്ടു വാ അമ്മ അച്ഛനെ കൊണ്ടു എല്ലാം സമ്മതിപ്പിക്കുന്ന കാര്യം ഏറ്റു....
അത് കേട്ടതും യുദ്ധത്തിൽ പാതി ജയിച്ചവനെ പോലെ പുഞ്ചിരിച്ചു കൊണ്ടു അവൻ പുറത്തേക്ക് ഇറങ്ങി നടന്നു......
"അതേ ദേവേട്ട നിങ്ങൾക്ക് ബുദ്ധി ഉണ്ടോ.. അവന്റെ സ്വഭാവം നിങ്ങൾക്ക് അറിഞ്ഞു കൂടെ നിങ്ങൾ വാശി കേറ്റി അവൻ എങ്ങാനും നാളെ ആ പെണ്ണിനേയും വിളിച്ചു ഇങ്ങോട്ട് കേറി വന്നാൽ പിന്നെ നമ്മുടെ കുടുംബത്തിന്റെ മാനം എന്താകും..
ഇത് വളരെ സൂക്ഷിച്ചു വേണം കൈകാര്യം ചെയ്യാൻ .......
"നീ എന്താ സരസ്വതി പറഞ്ഞു വരുന്നത് ഒന്നു തെളിച്ചു പറ......
"ദേവേട്ട.. അവനെ എതിർക്കാൻ നിൽക്കേണ്ട അവന്റെ ഇഷ്ടത്തിന് നമ്മൾ എതിരല്ല എന്ന് പറഞ്ഞു തൽകാലം അവനെ ഈ ഗ്രാമത്തിൽ നിന്നും മാറ്റണം എന്നിട്ട് അവൻ തിരികെ വരും മുൻപ് ആ പെണ്ണിനെ ഈ ഗ്രാമത്തിൽ നിന്നും ഓടിക്കണം.....
"അതുകൊണ്ടു എന്ത് ഗുണം അവൻ അവളെ തിരക്കി പോവില്ലേ....
"മ്മ്മ്മ്മ് പോവില്ല അതിനുള്ള വഴിയൊക്കെ എനിക്കറിയാം ദേവേട്ട.....
"ഹോ സരസ്വതി നിന്റെ ബുദ്ധി അപാരം തന്നെ..... എന്നും പറഞ്ഞു ദേവദത്തൻ ചിരിച്ചു..
============================
അവർ തീരുമാനിച്ച പോലെ തന്നെ തന്ത്രപൂർവ്വം വിഷ്ണുവിനെ അടുത്ത ഗ്രാമത്തിലേക്ക് പറഞ്ഞയച്ചു..
അതിനു ശേഷം ദേവദത്തൻ നേരെ അഞ്ജനയുടെ അടുത്തെത്തി......
ദേവദത്തനെ കണ്ടതും അഞ്ജനയുടെ മനസ്സിൽ ചെറിയൊരു ഭയം ഉടലെടുത്തു......
"ഡി അഴിഞ്ഞാട്ടക്കാരി നിന്റെ അഴിഞ്ഞാട്ടം ഇന്നത്തോടെ നിർത്തിക്കോണം നിന്നെ ഇനി ഈ നാട്ടിൽ കണ്ടു പോവരുത്.....
"എന്താ തിരുമേനി ഇങ്ങനെ ഒക്കെ പറയുന്നത് അവൾ എന്ത് തെറ്റ് ചെയ്തു എന്നും ചോദിച്ചു മുത്തശ്ശി അകത്തു നിന്നും ഇറങ്ങി വന്നു.....
"എന്താ ചെയ്തതെന്ന് അവളോട് തന്നെ ചോദിക്ക്.. ഇവൾ കാരണം നാട്ടിലെ ആണുങ്ങൾക്ക് വഴി നടക്കാൻ വയ്യാതെ ആയിരിക്കുന്നു..
ആണുങ്ങളെ വല വീശാൻ ഇറങ്ങിയ ഒരുമ്പെട്ടോൾ എന്നും പറഞ്ഞു അദ്ദേഹം നിലത്തു കാർക്കിച്ചു തുപ്പി.....
"എന്തൊക്കെയാണ് തിരുമേനി ഈ പറയുന്നത് എന്റെ കുട്ടി അങ്ങനെ ഒന്നും ചെയ്യില്ല അവളെ എനിക്കറിയാം......
"മുത്തശ്ശി മിണ്ടാതെ ഇരിക്ക് അദ്ദേഹം പറയാനുള്ളത് ഒക്കെ പറഞ്ഞിട്ട് പോട്ടെ.....
"കണ്ടില്ലേ അവളുടെ അഹങ്കാരം ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും അവൾക്ക് ഒരു കൂസലും ഇല്ല..
"എന്താ അങ്ങയുടെ പ്രശ്നം ഞാനും വിഷ്ണുവും തമ്മിലുള്ള ഇഷ്ടം ആണോ.. അതാണെങ്കിൽ അങ്ങ് ഇവിടെ കിടന്നു എത്ര ഒച്ച വെച്ചിട്ടും കാര്യമില്ല ഞാൻ വിഷ്ണുവിന്റെ പെണ്ണാണ് അത് ഇനി അങ്ങ് വിചാരിച്ചാൽ മാറ്റാൻ പറ്റില്ല......
"അഹങ്കാരി നിന്നെ ഞാൻ എന്നും പറഞ്ഞു ദേവദത്തൻ കൈ ഓങ്ങിയതും കാര്യസ്ഥൻ കേറി തടഞ്ഞു..
"അങ്ങ് ഇങ്ങനെ എടുത്തു ചാടല്ലേ വെറുതെ പ്രശ്നം വഷളാക്കണ്ട ആളുകൾ അറിഞ്ഞാൽ അങ്ങേക്ക് ആണ് നാണക്കേട്.....
"എന്ന് വെച്ച് ഇവളെ ഇങ്ങനെ വെറുതെ വിടാൻ പറ്റുവോ ....
"തൽകാലത്തേക്ക് ഒന്നും വേണ്ട..
"ശെരി അച്യുതാ നീ പറഞ്ഞത് കൊണ്ടു ഞാൻ വിട്ടിരിക്കുന്നു..
"ഡി ഒരുമ്പെട്ടോളെ നീ അറിയാൻ വേണ്ടി പറയുവാണ് എന്റെ മോൻ വിഷ്ണു ദത്തന്റെ വേളി നേര്യമംഗലത്തെ ധാത്രിയുമായി നിച്ഛയിച്ചിരിക്കുന്നു....
അവൻ വന്ന ഉടനെ ആ വേളി ഞാൻ അങ്ങട് നടത്തും അതിനിടയിൽ തടസ്സം ആയി വന്നാൽ പിന്നെ നിന്നെ കൊല്ലാനും ഞാൻ മടിക്കില്ല എന്നും പറഞ്ഞു അദ്ദേഹം അവിടെ നിന്നും പോയി.....
ദേവദത്തന്റെ വാക്കുകൾ അഞ്ജനയുടെ മനസ്സിൽ കത്തി കുത്തി ഇറക്കും പോലെ ആഴത്തിൽ ഇറങ്ങി.... തന്റെ വിഷ്ണു ഈ കല്യാണത്തിന് സമ്മതിച്ചെന്നോ... ഇല്ല ഒരിക്കലും അവൻ എന്നെ ചതിക്കില്ല.....
അവന് അതിനു കഴിയില്ല എന്ന് എനിക്ക് ഉറപ്പുണ്ട് എന്നവൾ മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു .....
============================
ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു....
വിഷ്ണുവിനെ കുറിച്ച് ഒരറിവും ഇല്ല.....
അഞ്ജനക്ക് ആകെ ആധിയായി.. ഇത്രയും ദിവസങ്ങൾ ആയിട്ടും എന്തേയ് വിഷ്ണു മടങ്ങി വന്നില്ല....
ആകെ ഒറ്റപ്പെട്ട അവസ്ഥയിൽ ആയിരുന്നു അഞ്ജന..
ഒരു വശത്തു വിഷ്ണുവിന്റെ അച്ഛൻ തന്നെ ഒരു അഴിഞ്ഞാട്ട ക്കാരിയായി ചിത്രീകരിച്ചു കൊണ്ടിരിക്കുകയാണ്.....
അതുകൊണ്ട് ഇപ്പോൾ പേരിന് ഒന്നോ രണ്ടോ കുട്ടികൾ ആണ് തന്റെ അടുക്കൽ നൃത്തം പഠിക്കാൻ എത്തുന്നത്.... തന്റെ ജീവിത മാർഗം തന്നെ ഇല്ലാതാക്കുകയാണ് അദ്ദേഹം.... തന്നെ ഈ നാട്ടിൽ നിന്നു ഓടിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം എന്നും അവൾക്ക് മനസ്സിലായി..
പക്ഷേ തോറ്റു കൊടുക്കാൻ എനിക്ക് മനസ്സില്ല വിഷ്ണു തിരികെ വരും വരെ എന്തൊക്ക നടന്നാലും ഞാൻ പിടിച്ചു നിൽക്കും എന്നവൾ ഉറച്ച മനസ്സോടെ നിന്നു....
പക്ഷേ ഓരോ ദിവസം കഴിയും തോറും അവളുടെ മനസ്സ് പതറിപ്പോവുന്ന തരത്തിൽ ഉള്ള ആരോപങ്ങൾ അവൾക്കു കേൾക്കേണ്ടി വന്നു......
വേശ്യയെന്ന വിളിപ്പേര് പോലും അവൾക്കു കേൾക്കേണ്ടി വന്നു......
എല്ലാ സങ്കടങ്ങളും നാഗമ്മയുടെ മുന്നിൽ ഇറക്കി വെച്ചവൾ ആശ്വാസം കണ്ടെത്താൻ ശ്രെമിച്ചു എങ്കിലും അവിടെയും വിധി അവളെ വേട്ടയാടി.....
ഒരു അഴിഞ്ഞാട്ടക്കാരി കാവിൽ കേറാനും വിളക്ക് വെക്കാനും പാടില്ല എന്നൊരു തീരുമാനം നാട്ടുകാർ എല്ലാരും കൂടി എടുത്തതോടെ അഞ്ജനക്ക് കാവിലേക്ക് ഉള്ള പ്രവേശനവും വിലക്കപ്പട്ടു......
"എന്തിനാണ് എന്റെ നാഗമ്മേ എന്നെ ഇങ്ങനെ നീ സങ്കടപെടുത്തുന്നത് ഇതിനു മാത്രം ഞാൻ എന്ത് തെറ്റാണ് നിന്നോട് ചെയ്തത് എന്നും പറഞ്ഞവൾ കാവിലേക്ക് നോക്കി പൊട്ടി കരഞ്ഞു കൊണ്ടു നിന്നു......
പെട്ടെന്ന് പിന്നിലൂടെ ഒരു കൈ അവളുടെ തോളിൽ പതിച്ചു....
തിരിഞ്ഞു നോക്കിയ അവൾ കണ്ടത് വിഷ്ണുവിനെ ആയിരുന്നു....
ഒന്നും പറയാതെ അവൾ വിങ്ങി പൊട്ടി കരഞ്ഞു കൊണ്ടു വിഷ്ണുവിനെ കെട്ടിപിടിച്ചു കരഞ്ഞു.....
"ഹേ എന്താടി ഇത് നീ എന്തിനാ കരയുന്നത്.... ഞാൻ എല്ലാം അറിഞ്ഞിട്ട് തന്നെയാണ് വന്നത്..
നീ ഒരു തെറ്റും ചെയ്തിട്ട് ഇല്ല എന്നെനിക്കറിയാം....
ഇതിനെല്ലാം കാരണക്കാരൻ ഞാൻ തന്നെയാണ്....
ഞാൻ നിന്നെ സ്നേഹിച്ചതിന്റെ പേരിൽ അല്ലെ നീ ഇതെല്ലാം അനുഭവിക്കുന്നത്..
അതുകൊണ്ട് ഞാൻ ഒരു തീരുമാനം എടുത്തു..
അത് പറയാൻ ആണ് ഞാൻ നിന്റെ അടുക്കൽ ഇപ്പോൾ വന്നത്....
അതുകേട്ടു എന്താവും വിഷ്ണു പറയാൻ പോവുന്നത് എന്ന ആകാംഷയിൽ അഞ്ജന വിഷ്ണുവിന്റെ മുഖത്തേക്ക് നോക്കി.....
"നാളെ സന്ധ്യക്ക് ഞാൻ ഈ കാവിൽ വരും അവിടെ നാഗമ്മയുടെ മുന്നിൽ വെച്ചു നിന്റെ കഴുത്തിൽ ഞാൻ താലി കെട്ടും..
"വിഷ്ണു അത്.. എനിക്കെന്തോ പേടിയാവുന്നു....
"നീ എന്തിനാണ് പേടിക്കുന്നത് ഞാനില്ലേ.. ഒന്നും വരില്ല.. ഇനി ഇതല്ലാതെ നമ്മുടെ മുന്നിൽ വേറെ മാർഗ്ഗം ഒന്നും ഇല്ല....
നീ ഇത് പിടിക്ക് എന്നും പറഞ്ഞു അവൻ ഒരു പൊതി അവൾക്ക് നേരെ നീട്ടി....
"എന്താ വിഷ്ണു ഇത്...
"ഇത് നാഗമ്മക്ക് കൊടുക്കാനുള്ള ചെമ്പട്ട് ആണ്.. പ്രശ്നങ്ങൾ എല്ലാം അവസാനിച്ചു നമുക്ക് ഒരുമിച്ചു ജീവിക്കേണ്ട അതിനു നാഗമ്മക്ക് മുന്നിൽ സമർപ്പിക്കാൻ ഉള്ളതാണ്.....
പിന്നെ ദേ നീ ഇത് കണ്ടോ നിന്റെ കഴുത്തിൽ അണിയിക്കാൻ ഞാൻ പണി കഴിപ്പിച്ച താലിയാണ് എന്നും പറഞ്ഞവൻ പോക്കറ്റിൽ നിന്നു താലി എടുത്തു അവൾക്ക് കാണിച്ചു കൊടുത്തു....
അതുകണ്ടു എന്ത് പറയണം എന്നറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി....
"ഹാ ഇനി എന്തിനാടി നീ കരയുന്നത്.. ഇനി ഈ കണ്ണുകൾ നിറയാൻ പാടില്ല എന്നും പറഞ്ഞവൻ അവളുടെ കണ്ണുകൾ തുടച്ചു കൊണ്ടു അവളുടെ നെറുകയിൽ ചുംബിച്ചു കൊണ്ടവൻ യാത്രയായി......
അവൾക്കു സന്തോഷം കൊണ്ടു ആ രാത്രി ഉറക്കം വന്നതേയില്ല....
അത് വരെ കണ്ടിരുന്ന വിവാഹ സ്വപ്‌നങ്ങൾ എല്ലാം അവളുടെ മനസ്സിൽ കൂടി മിന്നി മാഞ്ഞു..
മനസ്സിൽ നൂറായിരം സ്വപ്നങ്ങൾ നെയ്തു കൂട്ടിയവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു ഒരുവിധം നേരം വെളുപ്പിച്ചു......
അന്ന് പകൽ മുഴുവൻ സന്തോഷം കൊണ്ടവൾ ആ ഗ്രാമം മുഴുവൻ തുള്ളി ചാടി നടന്നു..
തന്റെ സന്തോഷത്തിന്റെ കാരണം നീതുവിനോട് മാത്രം അവൾ തുറന്നു പറഞ്ഞു....
അങ്ങനെ സന്ധ്യയോടെ ഒരു കൈയിൽ ചെമ്പട്ടും മറു കൈയിൽ വിളക്കും ആയി അഞ്ജന കാവിൽ എത്തി....
നാഗമ്മയുടെ മുന്നിൽ വിളക്ക് വെച്ചു വിഷ്ണുവിന്റെ വരവും കാത്തവൾ നിന്നു.....
============================
"എന്നിട്ട് വിഷ്‌ണു വന്നോ മുത്തശ്ശി.. അവർ കല്യാണം കഴിച്ചോ ..
"ഇല്ല മോളെ വിഷ്ണു വന്നില്ല....
"അയ്യോ അതെന്താ മുത്തശ്ശി വിഷ്ണുവിന് എന്ത് പറ്റി..
"അറിയില്ല മോളെ അന്ന് എന്താണ് നടന്നതെന്ന് അറിയില്ല .. പിറ്റേന്ന് പുലർച്ചെ കാണുന്നത് മരണപ്പെട്ടു കിടക്കുന്ന അഞ്ജനയെയാണ്......
അവളുടെ ശരീരത്തൊക്കെ മുറിവുകളും അവളുടെ ദേഹത്തു ആ ചെമ്പട്ടും കിടന്നിരുന്നു.... വിഷ്ണുവിനെ പിന്നെ ആ നാട്ടിൽ ആരും കണ്ടതും ഇല്ല.....
പിന്നീട് ഈ ഗ്രാമം നാഗമ്മയുടെ കോപത്തിന് ഇരയായി എന്ന് തന്നെ പറയാം.... അഞ്ജനയെ വേദനിപ്പിച്ചവർ എല്ലാം ആ കോപത്തിനു മുന്നിൽ മരണത്തിനു കീഴടങ്ങേണ്ടി വന്നു.....
വിഷ്ണുവിന്റെ അച്ഛനും അമ്മയും വിജയേന്ദ്രനും ഒക്കെ സർപ്പദംശനം ഏറ്റാണ് മരണപ്പെട്ടത്.....
ഒടുവിൽ ചിറക്കൽ നിന്ന് മന്ത്ര തന്ത്രങ്ങളിൽ അഗ്രഗണ്യൻ ആയ സാമവേദൻ എന്ന നമ്പുതിരിപ്പാട് വന്നാണ് നാഗമ്മയുടെ കോപം ശമിപ്പിച്ചത്.....
ആ കാവിൽ പൂജയും വിളക്ക് വെപ്പും ഒന്നും ഇത്ര വർഷക്കാലത്തേക്ക് പാടില്ല എന്ന് അദ്ദേഹം പറഞ്ഞിരുന്നു..... അവിടെ പൂജയും വിളക്ക് വെപ്പും വീണ്ടും തുടങ്ങണം എങ്കിൽ നാഗമ്മ ആഗ്രഹിച്ച എന്തോ ഒന്ന് പൂർണ്ണമാകേണ്ടത് ഉണ്ട്.. അതിനു സമയം ആവാറാവുമ്പോൾ കാവിൽ തനിയെ വിളക്ക് തെളിയുന്നത് അടയാളമായി കാണാനാവും എന്നും അദ്ദേഹം പറഞ്ഞിരുന്നു.....
വർഷങ്ങൾ കടന്നു പോയി ഒടുവിൽ ഈ കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുൻപ് കാവിൽ വിളക്ക് തെളിഞ്ഞു നിൽക്കുന്നത് കണ്ടു....
നാഗമ്മ വീണ്ടും പൂർണ്ണ ചൈത്യന്യത്തോടെ കുടിയിരിക്കാൻ തയ്യാർ ആയെന്ന് ഞങ്ങൾക്ക് മനസ്സിലായി..
അതുകൊണ്ട് ആണ് പ്രശ്നം വെപ്പിച്ചു നോക്കിയിട്ട് ഇത്തവണ കാവിൽ പൂജയും വിളക്ക് വെപ്പും നടത്താൻ തീരുമാനിച്ചത്....
കൂടാതെ പ്രശ്നം വെപ്പിൽ നിങ്ങളെ കൂടി ഇവിടേക്ക് കൊണ്ടു വരണം എന്ന് കണ്ടിരുന്നു.... അതുകൊണ്ട് ആണ് മുത്തശ്ശൻ നിങ്ങളെ ഇങ്ങോട്ട് വിളിച്ചു വരുത്തിയത്.....
മുത്തശ്ശി പറയുന്നത് എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ഒരു നിമിഷം ഞാൻ ഒന്നു ഞെട്ടി....
കാരണം ഞാൻ സ്വപ്നം കാണാറുള്ള പെണ്ണ് അപ്പോൾ അഞ്ജന ആയിരുന്നു എന്നെനിക്ക് മനസ്സിലായി .....
പക്ഷേ അവളെ ഞാൻ സ്വപ്നം കാണേണ്ട കാര്യം എന്താണ്......
അവൾ എങ്ങനെ ആയിരിക്കും മരിച്ചത്.....
ആരെങ്കിലും അവളെ കൊന്നതായിരിക്കുമോ എങ്കിൽ ആരാവും അത് ......
വിഷ്ണുവിനെ പിന്നെ ആരും കണ്ടില്ല എന്ന് പറയുന്നു അപ്പോൾ പിന്നെ വിഷ്ണു എവിടെ പോയി.....
ഇനി അവനും എന്തെങ്കിലും ആപത്തു പറ്റിയിരിക്കുമോ....
ഇങ്ങനെ നൂറായിരം ചോദ്യങ്ങൾ വേദയുടെ മനസ്സിൽ ഉയർന്നു വന്നു.....
തുടരും...

Comments
Post a Comment