ചെമ്പട്ട് | ഭാഗം : 8 | ശിവ

"എന്തുപറ്റി മുത്തശ്ശി.. എന്താ വല്ലാതെ ഇരിക്കുന്നത്.... 

"ഒന്നുമില്ല മോളെ.. ഇലഞ്ഞിക്കാവിനെ കുറിച്ച് പിന്നെ ഒരിക്കൽ പറഞ്ഞാൽ പോരെ ഇപ്പോൾ മുത്തശ്ശി വേറെ കഥ പറയാം.... 

"പറ്റില്ല.. എനിക്കു ഇലഞ്ഞിക്കാവിനെ കുറിച്ച് അറിയണം എന്നും പറഞ്ഞു ഞാൻ വാശി പിടിച്ചു.... 

"എന്റെ കുട്ട്യേ ഇലഞ്ഞിക്കാവിനെ കുറിച്ച് ഞാൻ എന്തു പറയാനാണ്.... 

"അതുപിന്നെ മുത്തശ്ശി നമ്മുടെ ഇലഞ്ഞിക്കാവെന്ത ഇങ്ങനെ പൂജയൊന്നും ഇല്ലാതെ കിടക്കുന്നത്.. പണ്ട് അതൊക്കെ ഉണ്ടായിരുന്നതല്ലേ.... 

" ഉണ്ടായിരുന്നതാണ് കുട്ട്യേ പൂജയും വിളക്ക് വെപ്പും ഒക്കെ ഉണ്ടായിരുന്നതാണ് പക്ഷേ എല്ലാം ഇല്ലാതായി.. അതിന് കാരണക്കാർ ആയത് രണ്ടുപേരാണ്.... 

"രണ്ടുപേരോ.. ആരൊക്കെ .. 

"അതുപിന്നെ.. അഞ്ജനയും വിഷ്ണുവും..

"അഞ്ജനയും വിഷ്ണുവുമോ.. അവർ ആരാ.... അവർ കാരണം എങ്ങനെയാണ് കാവിലെ പൂജകൾ ഒക്കെ മുടങ്ങിയത് .... 

"പറയാം നിങ്ങൾ ഇരിക്കെന്നും പറഞ്ഞു മുത്തശ്ശി ആ കഥ പറഞ്ഞു തുടങ്ങി.... 

അഞ്ജന..... ഈ ഗ്രാമത്തിൽ ഒരു ശലഭമായി പാറി പറന്നു നടന്നവൾ....

ഒരു വായാടി പെണ്ണ്.... 

മൂക്കുത്തി അണിഞ്ഞു ചുണ്ടിന് മുകളിൽ ഒരു മറുകുമായ് വട്ടമുഖവും മുട്ടോളം നീണ്ട മുടിയുമുള്ള ഒരു സുന്ദരിപ്പെണ്ണ്.... 

കുട്ടിക്കാലത്തെ അച്ഛനും അമ്മയും നഷ്ടപ്പെട്ട അവളെ ഈ ഗ്രാമത്തിൽ ഉള്ളവരെല്ലാം മകളെ പോലെ ആയിരുന്നു കണ്ടത് .... 

അവൾക്കു ആകെ സ്വന്തം എന്ന്‌ പറയാൻ ഉണ്ടായിരുന്നത് ആവട്ടെ ഒരു മുത്തശ്ശി മാത്രമായിരുന്നു.... 

അവർ താമസിച്ചിരുന്നത് നമ്മുടെ ഇലഞ്ഞികാവിന് അടുത്തുള്ള തറവാട്ടിൽ ആയിരുന്നു....... 

കുട്ടിക്കാലത്തെ മുത്തശ്ശി പറഞ്ഞു കൊടുത്ത കഥകൾ കേട്ടിട്ടാണോ എന്നറിയില്ല നാഗമ്മയോട് അവൾക്ക് വല്ലാത്തൊരു ഭക്തി തന്നെ ആയിരുന്നു....

അവളുടെ ജീവിതം തന്നെ നാഗമ്മയെ ചുറ്റി പറ്റിയായിരുന്നു.... 

 പരാതികളും പരിഭവങ്ങളും എല്ലാം അവൾ പങ്ക് വെച്ചിരുന്നത് നാഗമ്മയുടെ മുന്നിലായിരുന്നു.... 

ആ നാഗമ്മയുടെ അനുഗ്രഹം കൊണ്ടു കൂടിയാവും അവൾ മികച്ചൊരു നർത്തകി കൂടി ആയിരുന്നു.... 

ആ കല തന്നെ ആയിരുന്നു അവളുടെ ഉപജീവന മാർഗവും.. 

നാട്ടിലെ കുട്ടികളൊക്കെ നൃത്തം പഠിച്ചിരുന്നത് അഞ്ജനയുടെ അടുത്ത് നിന്നായിരുന്നു.... അതിൽ നിന്നു കിട്ടുന്ന വരുമാനം കൊണ്ടാണ് അവളും മുത്തശ്ശിയും ഇപ്പോൾ കഴിഞ്ഞു പോവുന്നത് ....  

എല്ലാരുടെയും ലാളന ഏറ്റു വളർന്നത് കൊണ്ടാവും കുസൃതിയും കുറുമ്പും കുറച്ചു കൂടുതൽ തന്നെ ആയിരുന്നു അവൾക്ക് എന്ന് മുത്തശ്ശി അഞ്ജനയെ കുറിച്ച് പറഞ്ഞു കൊണ്ടിരുന്നപ്പോൾ 

 കുസൃതിയും കുറുമ്പുമായ്‌ ഗ്രാമത്തിൽ നിറഞ്ഞു ആ വായാടി പെണ്ണിനൊപ്പം എന്റെ മനസ്സും ആ പഴയ കാലത്തേക്ക് സഞ്ചരിച്ചു കൊണ്ടിരുന്നു....

============================

"കുട്ട്യേ നീ ഇതെവിടാണ് നേരം ഇരുട്ടി തുടങ്ങി കാവിൽ വിളക്ക് വെക്കുന്നില്ലേ.... 

"ഓ ദേ വരുന്നു മുത്തശ്ശിയെ എന്നും പറഞ്ഞു കൈയിൽ വിളക്കുമായി അകത്തു നിന്ന് അഞ്ജന ഇറങ്ങി വരുമ്പോൾ ഉമ്മറകോലായിൽ രാമനാമം ചൊല്ലിക്കൊണ്ട് മുത്തശ്ശി ഉണ്ടായിരുന്നു.. 

"എന്താ എന്റെ കുട്ട്യേ വന്നു വന്നു നിനക്ക് ഒരു കാര്യത്തിലും തീരെ ശ്രദ്ധ ഇല്ലാണ്ടായോ... 

"എന്റെ മുത്തശ്ശി കുട്ടികളെ പഠിപ്പിച്ചു വീട്ടിലെ പണിയും ഒക്കെ ചെയ്തു കുളിച്ചു വരാൻ ഇത്തിരി താമസിച്ചു പോയി അതിനാണോ ഇങ്ങനെയൊക്കെ പറയുന്നത്.... 

"മ്മം മുത്തശ്ശി വേറെയൊന്നും കൊണ്ടു പറഞ്ഞതല്ല നാഗമ്മക്ക് സന്ധ്യക്ക്‌ തന്നെ വിളക്ക് വെക്കണം അത് ഇന്നോണം നമ്മൾ മുടക്കി യിട്ടില്ല .... 

"ഓ അതിനിപ്പോൾ എന്താ ഇത്തിരി താമസിച്ചാലും ഞാൻ വിളക്ക് വെക്കുമല്ലോ.. താമസിച്ചത് എന്തുകൊണ്ട് ആണെന്ന് നാഗമ്മയോട് ഞാൻ പറഞ്ഞോളാട്ടോ....

ഇനി അതിന്റെ പേരിൽ മുത്തശ്ശി ഓരോന്ന് പറയാൻ നിൽക്കേണ്ട എന്നും പറഞ്ഞു ഞാൻ വിളക്കുമായി കാവിലേക്ക് നടന്നു....

അഞ്ജനയുടെ കാൽപാദമേറ്റ്‌ ഞെരിഞ്ഞമരുന്ന കരിയിലകളുടെ ശബ്ദത്തേക്കാൾ അവളുടെ കൊലുസ്സിന്റെ ശബ്ദം കാവാകെ മുഴങ്ങി നിന്നു....

കാവിലെ നാഗത്തറക്ക് മുന്നിലെത്തി വിളക്ക് വെച്ചു നാഗമ്മയോട് കൈകൂപ്പി പ്രാത്ഥിച്ചു കൊണ്ടിരുന്നു.... 

"അതേ നാഗമ്മേ ഇന്ന് വിളക്ക് വെക്കാൻ ഇത്തിരി താമസിച്ചുട്ടോ.... 

പണിയൊക്കെ കഴിഞ്ഞു കുളിച്ചു വന്നപ്പോൾ താമസിച്ചു പോയി.. 

ഇനി ഇതിന്റെ പേരിൽ ദേഷ്യം ഒന്നും കാണിക്കാൻ നിൽക്കേണ്ട..  

എന്നാൽ പിന്നെ ഞാൻ പൊക്കോട്ടെ രാവിലെ വന്നോളാം.... 

അതും പറഞ്ഞു അഞ്ജന പോവാൻ തുടങ്ങിയതും ഒരു സർപ്പത്തിന്റെ സീൽക്കാര ശബ്ദം കേട്ടവൾ അങ്ങോട്ടേക്ക് നോക്കി.... 

ഫണം ഉയർത്തിപ്പിടിച്ചു കൊണ്ടു നാഗത്തറയിൽ ഒരു വലിയ സർപ്പം നിൽക്കുന്നു.... 

"ഹാ വന്നോ ഇന്ന് നിന്നോട് സംസാരിച്ചു നേരമില്ലാട്ടോ എന്നും പറഞ്ഞവൾ പോയതും നാഗവും അവിടെ നിന്നും അപ്രത്യക്ഷമായി..

============================

"അഞ്ജനേ.. ഡി അഞ്ജനെ.. ഒന്ന് ഇങ്ങോട്ട് ഇറങ്ങി വാടി.. 

"ഹാ നീതുവോ എന്താടി ഇത്ര രാവിലേ.. 

"ഹാ കൊള്ളാല്ലോ ഇന്നല്ലെ അക്കരെ കാവിൽ ഉത്സവത്തിന് കൊടിയേറുന്നത് നമുക്ക് പോവണ്ടേ നീ എന്താ അത് മറന്നു പോയോ.. 

"അയ്യോടി ഞാൻ ആ കാര്യം മറന്നു പോയി.. 

"എന്നാൽ പിന്നെ വേഗം ഒരുങ്ങി വാ നമുക്ക് പെട്ടെന്ന് പോയിട്ട് വരാം.... 

"ശെരിയെടി നീ ഇരിക്ക് ഞാൻ പെട്ടെന്ന് വരാം എന്നും പറഞ്ഞു അഞ്ജന അകത്തേക്ക് പോയി..

കുറച്ചു സമയങ്ങൾക്കുള്ളിൽ ഒരുങ്ങി വന്നു മുത്തശ്ശിയോട് യാത്രയും പറഞ്ഞു അവൾ നീതുവിനോടൊപ്പം കടത്തു കടവിലേക്ക് നടന്നു....

"ദേ.. ഡി നമ്മുടെ വിഷ്‌ണു ദത്തൻ അല്ലെ ആ പോവുന്നത്.. 

"അതേല്ലോ....

വിഷ്ണു ദത്തൻ മങ്കൊമ്പ് തറവാട്ടിലെ അവസാനത്തെ കണ്ണി.. കുറ്റിത്താടിയും പൂച്ചക്കണ്ണു മായി ഏതൊരു പെണ്ണും കണ്ടാൽ മോഹിച്ചു പോവുന്ന സുന്ദരൻ ചെക്കൻ... പൊതുവെ സൗമ്യനും ശാന്തശീലനുമായ വിഷ്ണു 

നല്ലൊരു ചിത്രകാരൻ കൂടി ആണ്.... 

വിഷ്ണുവിനെ കണ്ടതും ഒരു ഹൃദയത്തിന്റെ തുടിപ്പിന് മാത്രം വേഗത കൂടി തുടങ്ങിയിരുന്നു.. 

"വിഷ്ണു കൂയ് വിഷ്ണുവേ... 

നീതു വിളിച്ചു കൂവിയത് കേട്ടു വിഷ്‌ണു തിരികെ നോക്കി പുഞ്ചിരിയോടെ അവിടെ നിന്നു..

"വിഷ്ണു ഇതെങ്ങോട്ടാണ്.... 

"അക്കരക്കാവിൽ ഇന്ന് ഉത്സവം കൊടിയേറുകയല്ലേ അങ്ങോട്ടാണ്....

"മ്മം ഞങ്ങളും അങ്ങോട്ടാണ് എന്നും പറഞ്ഞു നീതു നടന്നു.. 

വിഷ്ണുവിന്റെ നോട്ടം അഞ്ജനയുടെ മുഖത്തു പതിഞ്ഞതും ഒരു പുഞ്ചിരിയോടെ അവൾ നാണത്താൽ മുഖം താഴ്ത്തി നടന്നു..... 

അവൾ പോലും അറിയാതെ എന്നോ അവനോട് തോന്നി തുടങ്ങിയ ഇഷ്ടം ഇന്ന് പ്രണയമായി അവളുടെ ഉള്ളിൽ വളർന്നു കഴിഞ്ഞിരുന്നു..... 

അവർ നടന്നു കടത്തു കടവിലെത്തി വള്ളത്തിൽ കേറി.. 

അഞ്ജനയുടെയും നീതുവിന്റെയും എതിരായി മുഖത്തോടു മുഖം കാണത്തക്ക വിധം വിഷ്ണുവും ഇരുന്നു .. 

നീതു എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു എങ്കിലും അതൊന്നും ശ്രദ്ധിക്കാതെ അഞ്ജനയും വിഷ്‌ണുവും കണ്ണുകൾ കൊണ്ടു പ്രണയം കൈ മാറുകയായിരുന്നു.... 

അഞ്ജനയോടു ഇതുവരെ തുറന്നു പറയാത്തൊരിഷ്ടം അവന്റെ ഉള്ളിലും ഉണ്ടായിരുന്നു.. 

അവളുടെ നൃത്തചുവടുകളിൽ പോലും തന്റെ പ്രണയത്തിന്റെ ഹൃദയ താളം ആണവൻ കണ്ടത്....

പതിയെ പതിയെ വള്ളം അക്കരെ എത്തിയതും വിഷ്ണു ആദ്യം ഇറങ്ങി.... 

പിന്നാലെ ഇറങ്ങാൻ വന്ന നീതുവിനെ കൈപിടിച്ച് ഇറക്കിയ ശേഷം അവൻ അഞ്ജനയുടെ നേരെ കൈനീട്ടി.. 

ഒരൽപ്പം മടിയോടെ അവൾ ചുറ്റും ഒന്നു നോക്കി.... 

"ഡി പെണ്ണെ ഒന്ന് ഇറങ്ങി വാ സമയം പോവുന്നു എന്നു പറഞ്ഞു നീതു ദേഷ്യപ്പെട്ടതോടെ ചെറിയൊരു നാണത്താൽ അവൾ അവന്റെ കൈകളിൽ പിടിച്ചു കൊണ്ടു ഇറങ്ങി.... 

ആ ഒരു നിമിഷം അവളുടെ നെഞ്ചിടിപ്പിന്റെ വേഗം അളക്കാൻ ആവുന്നതിലും അപ്പുറം ആയിരുന്നു....

കണ്ണുകൾ കൊണ്ടു പ്രണയം കൈമാറിയതല്ലാതെ അവർ പരസ്പരം ഒന്നും മിണ്ടിയില്ല.... 

നീതു എന്തൊക്കെയോ പറഞ്ഞു കൊണ്ടു അവരുടെ കൂടെ നടന്നു.... 

അമ്പലത്തിൽ എത്തിയതും മൂന്നു പേരും കേറി തൊഴുതു ഇറങ്ങി....

നീതുവും അഞ്ജനയും കൂടി അമ്പല പറമ്പിലൂടെ നടന്നു.. 

നിറയെ കടകൾ അവിടെല്ലാം ആളുകൾ നിറഞ്ഞിരിക്കുന്നു.... 

കണ്മഷിയും ചാന്തും കുപ്പി വളകളും വിൽക്കുന്ന കടയിലേക്ക് അഞ്ജന നീതുവിനെയും വിളിച്ചു കൊണ്ടു പോയി.... 

അവിടെ കണ്ട ചുവന്ന കുപ്പിവളകളിൽ അവളുടെ കണ്ണുകൾ ഉടക്കി.... 

അത് വാങ്ങിക്കണം എന്നുണ്ടായിരുന്നു എങ്കിലും അവളുടെ കൈയിൽ കാശ് ഇല്ലാത്തതിനാൽ ആ മുഖം വാടി തുടങ്ങി.. 

"ഡി എന്താടി എന്ത് പറ്റി.... 

"ഒന്നുല്ലെടി.. ഈ വള കാണാൻ നല്ല രസമുണ്ട് അല്ലേ എന്നും പറഞ്ഞു അഞ്ജന ആ വളകൾ കൈയിൽ എടുത്തു.... 

"ശെരിയാടി നിനക്ക് നന്നായി ചേരും.. 

നീ വാങ്ങിച്ചോ.. 

"വാങ്ങിക്കണം എന്നുണ്ടെടി പക്ഷേ എന്റെ കൈയിൽ കാശില്ല.... 

"ഇനിയിപ്പോ എന്താ ചെയ്ക എന്റെ കയ്യിലും കാശില്ല.. 

"സാരമില്ല നീതു നമുക്ക് പിന്നെ വാങ്ങാം എന്നും പറഞ്ഞു അഞ്ജന നീതുവുമായി അവിടെ നിന്നും നടന്നു നീങ്ങി .....

=============================

സന്ധ്യയോടെ ഇലഞ്ഞി കാവിൽ വിളക്ക് വെക്കാനായി ചെന്ന അഞ്ജന കണ്ടത് നാഗമ്മക്ക് മുന്നിലായി നാഗത്തറയിൽ ഇരിക്കുന്ന ചുവന്ന കുപ്പിവളകൾ ആണ്.... 

"ശ്ശെടാ ഇതെവിടുന്നു വന്നു.. ഇതിപ്പോൾ ആരാവും ഇവിടെ കൊണ്ടു വന്നു വെച്ചത് എന്നും പറഞ്ഞു കൊണ്ടവൾ അത്ഭുതത്തോടെ ചുറ്റും നോക്കി....  

നാഗത്തറക്കു പുറകിൽ നിന്ന ഇലഞ്ഞിമരത്തിനു പിന്നിൽ നിന്നും ഒരു നിഴൽ രൂപം പതിയെ പതിയെ വെളിച്ചത്തിലേക്ക് വന്നു.... 

അവളുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു " വിഷ്ണു".... 

ഇനിയിപ്പോൾ വിഷ്ണു എങ്ങാനും ആയിരിക്കുമോ ഈ വളകൾ ഇവിടെ വെച്ചതെന്ന ചോദ്യം അവളുടെ മനസ്സിൽ ഉയർന്നു വന്നു......

ചെറു പുഞ്ചിരിയോടെ വിഷ്ണു അവളുടെ അടുത്തേക്ക് വന്നു.... 

"എന്താ ഇങ്ങനെ നോക്കുന്നത് നിനക്ക് വളകൾ ഇഷ്ടമായോ..... 

"അപ്പോൾ വിഷ്ണു ആണോ ഇതിവിടെ വെച്ചത്.. 

"അതേ ഞാൻ തന്നെ.. കടയിൽ വെച്ചു ഇതെടുത്തു നോക്കിയിട്ട് കാശില്ലാത്തതു നീ ഇത് വേണ്ടാന്ന് വെച്ചു പോരുന്നത് ഞാൻ കണ്ടിരുന്നു.... 

അതുകൊണ്ട് നിനക്ക് തരാൻ ഞാൻ ഇത് അങ്ങ് വാങ്ങി.. 

എനിക്കറിയാം സന്ധ്യക്ക് നീ ഇവിടെ വിളക്ക് വെക്കാൻ വരുമെന്ന് അതാണ് ഇവിടെ കാത്തു നിന്നത്.....

"വേണ്ട വിഷ്ണു എനിക്ക് ഇത് വേണ്ട....

"അതെന്താടി ഞാൻ വാങ്ങി തന്നത് കൊണ്ടാണോ.... 

"ഹേയ് അതുകൊണ്ട് ഒന്നും അല്ല.. 

"പിന്നെന്താ.. മര്യാദക്ക് നീ ഇത് കൈയിൽ ഇട്ടോണം ഇപ്പോൾ തന്നെ.... നീ ഇത് ഇട്ടു കണ്ടിട്ടേ ഞാൻ ഇവിടുന്ന് പോവുള്ളൂ.. 

"എന്തൊക്കെയാ വിഷ്ണു ഈ പറയുന്നത് എനിക്ക് വേണ്ടെന്ന് പറഞ്ഞില്ലേ മാറി നിൽക്ക് എനിക്ക് പോവണം.... 

"ഇല്ല ഇത് ഇടാതെ ഞാൻ ഇവിടുന്നു വിടില്ല എന്നും പറഞ്ഞവൻ അവളെ പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു.. 

"ച്ചെ.. എന്താ വിഷ്ണു ഈ കാണിക്കുന്നത് ഇത് കാവാണ് വിടെന്നെ.. 

"ഡി പൊട്ടിപെണ്ണേ ഇപ്പോഴും നിനക്കൊന്നും മനസ്സിലായില്ലേ.. നിനക്കറിയുമോ കുട്ടിക്കാലത്തു ഒന്നിച്ചു കളിച്ചു നടന്നപ്പോൾ തൊട്ടു എന്റെ മനസ്സിൽ കയറി കൂടിയ മോഹമാണ് നീ..

 നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ ആവില്ല അത്രക്ക് ഇഷ്ടമാണ് നിന്നെ.... ഇതൊന്നു പറയാൻ ഒരുപാട് തവണ ശ്രെമിച്ചപ്പോൾ ഒന്നും നടന്നില്ല.... ഒരുപക്ഷേ ഇനിയും താമസിച്ചാൽ നിന്നെ എനിക്ക് നഷ്ടപ്പെടുമോ എന്ന പേടിയിലാണ് ഇന്ന് ഇങ്ങനെ ഇവിടെ വെച്ച് പറയാമെന്നു ഞാൻ തീരുമാനിച്ചത്..

വിഷ്ണു അത് പറയുമ്പോൾ തിരിച്ചെന്തു പറയണം എന്നറിയാതെ ഞാൻ വിവശയായി.... 

പറഞ്ഞറിയിക്കാൻ പറ്റാത്തൊരു സന്തോഷം എന്റെ ഉള്ളിലും നിറഞ്ഞു..... 

"എന്താടി ഇങ്ങനെ നോക്കുന്നത് നിനക്കെന്നെ ഇഷ്ടമല്ലേ.. 

"അതുപിന്നെ വിഷ്ണു എന്താ പറയേണ്ടത് എന്നെനിക്കറിയില്ല.. 

നിന്നെ സ്നേഹിക്കാനോ സ്വന്തമാക്കാനോ ഉള്ള യോഗ്യത ഒന്നും എനിക്കില്ല.. 

 അതുകൊണ്ട് വെറുതെ എന്റെ മനസ്സിൽ ഓരോ ആഗ്രഹങ്ങൾ വളർത്തരുത്.. 

പിന്നെ അതെല്ലാം നഷ്ടമായാൽ എനിക്ക് സഹിക്കാൻ ആയെന്ന് വരില്ല.... 

"എന്താടി ഞാൻ നിന്നെ ചതിക്കുമെന്നു തോന്നുന്നുണ്ടോ.. 

എങ്കിൽ ഇതാ ഈ നാഗമ്മയുടെ മുന്നിൽ നിന്നു ഞാൻ സത്യം ചെയ്യുന്നു ഈ ജന്മത്തിൽ എന്നല്ല ഇനി എത്ര ജന്മം എടുത്താലും ഞാൻ നിന്റേതു മാത്രം ആയിരിക്കും.. നീ എന്റേതും .... 

ഒരു ശക്തിക്കും നമ്മളെ പിരിക്കാൻ ആവില്ല..  

നിന്റെ കഴുത്തിൽ ഈ ഞാൻ തന്നെ താലി കെട്ടിയിരിക്കും എന്നും പറഞ്ഞു അവൻ അവളെ ചേർത്തു പിടിച്ചു.... 

അവന്റെ നെഞ്ചോടു മുഖം ചേർത്തവൾ ആ ഹൃദയതാളത്തിൽ സ്വയം മറന്നു നിന്നു.... 

പെട്ടെന്ന് മുത്തശ്ശിയുടെ വിളി കേട്ടവൾ അവനെ തള്ളി മാറ്റി കൊണ്ടു തറവാട്ടിലേക്ക് ഓടി.... 

ഓട്ടത്തിനിടയിലും അവനെ അവൾ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു...... 

അത് കണ്ടു പുഞ്ചിരിയോടെ വിഷ്ണു നിന്നു....

അവന്റെ പിന്നിലായി പകയുടെ കനലെരിയുന്ന കണ്ണുകളുമായി മറ്റൊരാൾ കൂടി അവിടെ നിന്നിരുന്നു....

തുടരും... 

Comments

Popular posts from this blog

ചെമ്പട്ട് | ഭാഗം : 1 | ശിവ

മയിൽപ്പീലിക്കാവ് | ഭാഗം : 1 | ശിവ

മയിൽപ്പീലിക്കാവ് | ഭാഗം : 2 | ശിവ