ചെമ്പട്ട് | ഭാഗം : 6 | ശിവ
"നീ എങ്ങനെ ഇവിടെത്തി എന്ന
എന്റെ ചോദ്യത്തിന് മറുപടിയായൊരു പുഞ്ചിരിമാത്രം സമ്മാനിച്ചു കൊണ്ടവൾ കാവിനുള്ളിലേക്കു കേറി പോയി..
"ഹേയ് ഒന്ന് നിക്കടോ ഞാനും വരുന്നു എന്നും പറഞ്ഞു
ഞാൻ അവളുടെ പിന്നാലെ പോവാൻ തുടങ്ങിയതും
ലെച്ചു എന്റെ കൈയിൽ കേറി പിടിച്ചു..
"ചേച്ചി ഇതാരോടാണ് ഈ സംസാരിക്കുന്നത്..
"ദേ ആ പോയവളോട് എന്നും പറഞ്ഞു ഞാൻ കാവിലേക്ക് കൈ ചൂണ്ടി..
"ഏതവൾ അവിടെ എങ്ങും ആരുമില്ല ചേച്ചി..
"ആരുമില്ലെന്നോ.. നീ എന്തൊക്കെയാണ് പറയുന്നത്.. നിനക്കെന്താ കണ്ണ് കണ്ടു കൂടെ..
ഇത്രയും നേരം അവൾ ഇവിടെ നിൽപുണ്ടായിരുന്നല്ലോ എന്നിട്ട് നീ കണ്ടില്ലേ..
"ഇല്ല ചേച്ചി.. ഇവിടെ എങ്ങും ആരും ഉണ്ടായിരുന്നില്ല...
അപ്പോഴേക്കും അവിടാകെ ചെറിയൊരു ഇരുളിമ പടർന്നു..
"എനിക്കെന്തോ പേടിയാവുന്നു ചേച്ചി നമുക്ക് വേഗം ഇവിടുന്ന് പോവാം എന്നും പറഞ്ഞവൾ എന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ടു നടന്നു..
അവൾ പറയുന്നത് കേട്ടപ്പോൾ എന്തോ എനിക്കും ചെറിയൊരു പേടിയൊക്കെ തോന്നി തുടങ്ങി....
പെട്ടെന്ന് തന്നെ ഞങ്ങൾ അവിടെ നിന്നും നടന്നു പാടവരമ്പത്തു എത്തിയതും മുന്നിലതാ ആദി..
"ഹാ കാന്തമ്മോ നീ എന്താടി ഇവിടെ....
"ങേ ഇതാണോ ആദിയേട്ട ഏട്ടൻ പറയാറുള്ള കാന്തമ്മ എന്ന് ലെച്ചു കേറി ചോദിച്ചു..
"അതേ മോളെ ഇതാണ് ഞങ്ങളുടെ കാന്തമ്മ.... കോളേജിലെ റൗഡി ബേബി.. എന്നും പറഞ്ഞവൻ ചിരിച്ചു..
അവന്റെ സംസാരം കേട്ടെനിക്ക് ചൊറിഞ്ഞു തുടങ്ങി എങ്കിലും അവനെ ദേഷ്യത്തിൽ ഒന്നു നോക്കിയിട്ട് ഒന്നും മിണ്ടാതെ ഞാൻ ലെച്ചുവിന്റെ കൈയും പിടിച്ചു മുന്നോട്ടു നടന്നു....
"ഹേയ് പുലികുട്ടി എന്താ ഒന്നും മിണ്ടാതെ പോവുന്നത്....
അതുകേട്ടു തിരിഞ്ഞു നോക്കി അവനെ പോടാന്ന് പറഞ്ഞു കൊണ്ടു ഞാൻ മുന്നോട്ട് നടന്നു..
"ഹാ പൊക്കോ പൊക്കോ നിന്നെ ഞാൻ എടുത്തോളാം എന്ന് ആദി വിളിച്ചു പറയുന്നുണ്ടായിരുന്നു.....
=============================
"ലെച്ചു.. കാന്തമ്മ എന്ന പേര് നിനക്കെങ്ങനെ അറിയാം..
"അതുപിന്നെ ഏട്ടൻ നാട്ടിൽ വരുമ്പോൾ ഒക്കെ കോളേജിലെ വിശേഷങ്ങൾ പറയാറുണ്ട്..
ആ കൂട്ടത്തിൽ ഏറ്റവും കൂടുതൽ പറഞ്ഞിട്ടുള്ളത് ചേച്ചിയെ പറ്റിയാണ്..
"എന്നെപ്പറ്റിയോ..
"ആ ചേച്ചിയെ പറ്റി
"മ്മം എന്നെപ്പറ്റി എന്തൊക്കെ പറഞ്ഞു..
"ചേച്ചി വലിയൊരു എഴുത്തുകാരി ആണെന്നും.. കോളേജിലെ സ്റ്റാർ ആണെന്നും അതുപോലെ തന്നെ വലിയ ദേഷ്യക്കാരി ആണെന്നും ഒക്കെ പറഞ്ഞിട്ടുണ്ട്..
പിന്നെ നിങ്ങൾ തമ്മിൽ നടന്ന വഴക്കുകളെ കുറിച്ചും പറഞ്ഞിട്ടുണ്ട്..
"മ്മ്മം അതേ നീ അവനോട് കൂടുതൽ അടുക്കാൻ നിൽക്കേണ്ട അവൻ ആള് അത്ര ശെരിയല്ല..
"ആര് ആദിയേട്ടനോ.. ഒന്ന് പോ ചേച്ചി ഏട്ടൻ വെറും പാവമാ....
"ഉവ്വ നല്ല പാവം.. കോളേജിലെ ഏറ്റവും വലിയ തെമ്മാടിയാണ് അവൻ..
"ഒന്നു പോ ചേച്ചി ഏട്ടൻ ആള് പാവമാണ്.. ചേച്ചി ദേഷ്യം കൊണ്ടു ഓരോന്ന് പറയുന്നതല്ലേ..
"മ്മം നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല.. പിന്നെ നമ്മൾ കാവിൽ പോയ കാര്യം ഒന്നും നീ ആരോടും പറയാൻ നിൽക്കേണ്ട കേട്ടോ..
"ഇല്ല ചേച്ചി ഞാൻ ആരോടും പറയില്ല..
"ശെരി വേഗം നടക്കെന്നും പറഞ്ഞു അവളുമായി വേഗം നടന്നു ഞാൻ തറവാട്ടിൽ എത്തി..
"കുളിക്കാൻ പോവാണെന്നു പറഞ്ഞു പോയിട്ട് നീ ഇത്രയും നേരം എവിടെ പോയി കിടക്കുവായിരുന്നെടി....
"അതുപിന്നെ അമ്മേ ഞാൻ ചുമ്മാ ഇവളുമായി പാടത്തു കൂടി കാറ്റും കൊണ്ടു നടക്കുവായിരുന്നു..
"പദ്മിനി നീ ചൂടാവേണ്ട അവൾ ആദ്യമായിട്ടല്ലേ ഇവിടേക്ക് വരുന്നത് അതുകൊണ്ട് ഒന്നു ചുറ്റി കറങ്ങിയതാവും ..
മക്കൾ വാ നമുക്ക് കഴിക്കാം എന്നും പറഞ്ഞു മുത്തശ്ശി ഞങ്ങളെ വിളിച്ചു കൊണ്ടു പോയി..
ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞാനും ലെച്ചുവും കൂടി മുറ്റത്തേക്ക് ഇറങ്ങി..
മുറ്റത്തു ഒരുപാട് ചെടികൾ നിൽപ്പുണ്ട്.. അതിലൊക്കെ മനോഹരങ്ങളായ പൂക്കളും വിരിഞ്ഞു നിൽക്കുന്നു....
മുറ്റത്തിന്റെ വടക്ക് ഭാഗത്തു നിറയെ മാങ്ങകളും ആയി ഒരു വലിയ മാവ് നിൽപ്പുണ്ട്..
അതിനു കുറച്ചു മാറി ഒരു ഇലഞ്ഞി മരം പൂത്തുലഞ്ഞു നിൽപ്പുണ്ട്.... ഞാൻ അവളുമായി അതിന്റെ ചുവട്ടിലേക്ക് നടന്നു....
എന്തൊരു ഉന്മാദഗന്ധമാണ് ഈ ഇലഞ്ഞി പൂക്കൾക്ക്..
ഉള്ളിൽ ഏതോ ലഹരി പോലെ അതു പടർന്നു കയറുകയാണ്..
ഞാൻ ചുറ്റും നോക്കി
അങ്ങിങ്ങായി മരത്തിനു ചുറ്റും തേനീച്ചകൾ പാറി പറന്നു നടപ്പുണ്ട്..
രാത്രിയിൽ വിരിഞ്ഞ പൂക്കളിൽ പകുതിയും മണ്ണിനെ ചുംബിച്ചു കൊണ്ടു നിലത്തു വീണു കിടക്കുന്നു..
അതു കുറച്ചു പെറുക്കി എടുത്തു കൊണ്ടു പൊടി തട്ടി മണത്തു നോക്കി..
നിലത്തു വീണു കിടന്ന പൂക്കൾക്ക് പോലും ഒരുതരം മദിപ്പിക്കുന്ന.. കൊതിപ്പിക്കുന്ന ഗന്ധമാണ്..
ഈ ഇലഞ്ഞി പൂക്കൾ കൊണ്ടു മാല കെട്ടാറുണ്ടെന്നും അതുകൊണ്ട് സ്വയം വരം നടത്തി കളിക്കാറു ണ്ടായിരുന്നെന്നും അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്..
അതോർത്തപ്പോൾ ഈ പൂക്കൾ കൊണ്ടൊരു മാല കെട്ടാൻ എനിക്കും തോന്നി..
ഞാൻ ലെച്ചുവിനെ കൊണ്ടു പറമ്പിൽ നിന്നും കവുങ്ങിന്റെ പാള എടുപ്പിച്ചു അതിലേക്ക് പൂക്കൾ എടുത്തു ഇട്ടു കൊണ്ടിരുന്നു....
അതിനിടയിൽ വീശിയ കാറ്റിൽ നിറയെ പൂക്കൾ മരത്തിൽ നിന്നും പൊഴിഞ്ഞു വീഴാൻ തുടങ്ങി..
പമ്പരം പോലതു കറങ്ങി കറങ്ങി താഴേക്ക് വരുന്നത് കാണാൻ തന്നെ രസമായിരുന്നു..
താഴെ വീഴും മുൻപ് ആ പൂക്കൾ ഓടി നടന്നു കൈകളിൽ പിടിക്കാൻ ഞാൻ ശ്രെമിക്കുന്നതു കണ്ടിട്ട് ലെച്ചുവിന് ചിരി അടക്കാനായില്ല..
"നീ എന്തിനാടി ചിരിക്കുന്നത്..
"അല്ല ചേച്ചി.. ചേച്ചി ഡിഗ്രിക്ക് പഠിക്കുന്നത് എന്നല്ലേ പറഞ്ഞതു എന്നിട്ടിപ്പോൾ നഴ്സറി പഠിക്കുന്ന പിള്ളേരുടെ സ്വഭാവം ആണല്ലോ കാണിക്കുന്നത്....
"ഡി പെണ്ണെ നിന്നെ പോലെ അല്ല ഞാൻ ജനിച്ചു വളർന്നത് ബാംഗ്ലൂർ സിറ്റിയിൽ ആണ്..
അവിടെ ഇതുപോലെ ഒന്നും ഇല്ല.. മാത്രമല്ല എനിക്കു നഷ്‌ടമായ കുട്ടിക്കാലം ഒന്ന് തിരിച്ചു പിടിക്കാൻ ഞാൻ ശ്രെമിച്ചു നോക്കുവാണ്..
"ശ്രെമിക്കുന്നത് ഒക്കെ കൊള്ളാം അവസാനം തലക്ക് സ്ഥിരം ഇല്ലെന്നും പറഞ്ഞു പറമ്പിലെ നെല്ലിമരത്തിൽ നിന്നും നെല്ലിക്ക പറച്ചു തളം വെക്കേണ്ടി വരരുത് എന്നും പറഞ്ഞവൾ കുലുങ്ങി ചിരിച്ചു....
"ഡി.. ഡി കുറച്ചു സ്വാതന്ത്ര്യം തന്നപ്പോൾ നീ എന്നെ കേറി അങ്ങ് കളിയാക്കുവാണല്ലോ..
"കളിയാക്കിയതൊന്നും അല്ല ഞാൻ കാര്യം പറഞ്ഞതാണ്..
"മ്മം ലെച്ചു നിനക്ക് ഇത് കൊണ്ടു മാല കെട്ടാൻ അറിയാമോ..
"അറിയാല്ലോ എന്താ ചേച്ചിക്ക് കെട്ടി തരണോ..
"മ്മം വേണം.. ഒരെണ്ണം കെട്ടിത്താടി..
ഞാൻ കേട്ടിട്ടേ ഉള്ളൂ. ഇതുവരെ ആയിട്ടും ഇലഞ്ഞി പൂമാല കണ്ടിട്ടില്ല..
"അതിനെന്താ ഞാൻ കെട്ടിത്തരാം എന്നും പറഞ്ഞവൾ കുറച്ചു സമയം കൊണ്ടു എനിക്കു മാല കെട്ടി തന്നു..
"ഡി നിങ്ങൾ കുട്ടിക്കാലത്തു ഇത് കഴുത്തിൽ ഇടാറുണ്ടായിരുന്നോ ..
"ഉണ്ടായിരുന്നു.. എന്തേ ചേച്ചിക്ക് ആരുടേ എങ്കിലും കഴുത്തിൽ ഇടണോ..
"വേണ്ട.. അതിന് പറ്റിയ പ്രായം ഒക്കെ കഴിഞ്ഞു പോയെടി..
"ഇതിന് പ്രായം ഒന്നും നോക്കേണ്ട ചേച്ചി വേണമെങ്കിൽ ആദിയേട്ടന്റെ കഴുത്തിൽ ഇട്ടോ എന്നവൾ ചിരിച്ചു കൊണ്ടു പറഞ്ഞു..
"ഒന്നു പോടീ അവിടുന്നു അവളുടെ ഒരു ആദിയേട്ടൻ എനിക്കു അവനെ കണ്ടാലേ കലിയിളകും..
"അതെന്താ ചേച്ചി.. ആദിയേട്ടൻ പാവമാണ്..
"ഉവ്വ നല്ല പാവം നീ കിന്നരിക്കാതെ വരാൻ നോക്ക് പെണ്ണേ നമുക്ക് അകത്തേക്ക് പോവാം എന്നും പറഞ്ഞു ഞാൻ അകത്തേക്ക് പോയി..
=============================
മുത്തശ്ശൻ ഞങ്ങളോട് ആരോടും എന്തോ അധികം ഒന്നും സംസാരിച്ചില്ല..
ഒരുപക്ഷേ ദേഷ്യം പൂർണ്ണമായും മാറിയിട്ടുണ്ടാവില്ല..
വഴിയേ മാറ്റിയെടുക്കാം എന്ന് ഞാനും വിചാരിച്ചു..
സന്ധ്യയോടെ ഉമ്മറത്തു വിളക്ക് വെക്കാനായി ഞാൻ ദീപവുമായി വന്നു..
അതുകണ്ടു ചാരു കസേരയിൽ നിന്നും മുത്തശ്ശൻ എഴുന്നേറ്റു നിന്നു..
"ദീപം.. ദീപം.. ദീപം " ചൊല്ലി കൊണ്ടു
നേരെ ആദ്യം ചെന്നത് തുളസിതറയിൽ ആണ്.. അവിടെ വിളക്ക് വെച്ച ശേഷം
"ദീപം ജ്യോതി പരബ്രഹ്മഃ ദീപം ജ്യോതിസ്തപോവനം ദീപേന സാദ്ധ്യതേ സര്വ്വം
സന്ധ്യാദീപം നമോ നമഃ
ശിവം ഭവതു കല്ല്യാണം ആയുരാരോഗ്യവര്ദ്ധനം
മമ ദുഃഖഃ വിനാശായ
സന്ധ്യാദീപം നമോ നമഃ"
എന്ന് ജപിച്ചു കൊണ്ടു ഉമ്മറത്തിരുന്ന നിലവിളക്കിൽ ഞാൻ തിരികൊളുത്തി..
അപ്പോഴേക്കും മുത്തശ്ശി അങ്ങോട്ടേക്ക് വന്നു..
"മോൾ അവിടെ വീട്ടിൽ വിളക്ക് വെക്കാറുണ്ടോ..
"ഉണ്ടല്ലോ.. എന്നും വിളക്ക് വെക്കാറുണ്ട്.. കാര്യം സിറ്റിയിൽ ആണെങ്കിലും നാട്ടിൻപുറത്തെ ചിട്ടകൾ ആണ് വീട്ടിൽ..
"മ്മ്മം ഇവിടെ ലെച്ചുവാണ് വിളക്ക് വെക്കുന്നത്..
അതും തള്ളി പറഞ്ഞു വിട്ടാൽ ആണ് വിളക്ക് വെക്കുന്നത് തന്നെ..
"ഓ കൊച്ചുമോൾ വന്നപ്പോൾ ഞാൻ പുറത്തായല്ലേ എന്നും പറഞ്ഞു കൊഞ്ഞനം കുത്തി കാണിച്ചു കൊണ്ടു ലെച്ചു അകത്തേക്ക് കേറി പോയി..
അതുകണ്ടു ഞങ്ങൾക്കെല്ലാം ചിരിയും വന്നു..
അന്ന്
രാത്രി ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു കിടക്കാൻ റൂമിലേക്ക് പോവാൻ നേരം മുത്തശ്ശി അടുത്തേക്ക് വന്നു..
"മോളെ നീ കിടക്കാൻ നേരം ചെവി നല്ലവണ്ണം മൂടി കിടക്കണം..
"അതെന്താ മുത്തശ്ശി..
"അതൊക്കെ മോൾക്ക് വഴിയേ മനസ്സിലാവും പോയി കിടന്നോളു എന്നും പറഞ്ഞു മുത്തശ്ശി പോയി..
ഞാൻ റൂമിൽ ചെല്ലുമ്പോൾ ബെഡ്ഷീറ്റോക്കെ വിരിച്ചു കിടക്കാൻ തയാറായി ലെച്ചു റൂമിൽ ഉണ്ടായിരുന്നു..
"ലെച്ചു മുത്തശ്ശി എന്തിനാ ചെവി മൂടി കിടക്കണം എന്ന് പറഞ്ഞത്..
"അതുപിന്നെ ഇവിടെ മൊത്തോം കൊതുകാണ് ചേച്ചി.. അതിന്റെ മൂളിച്ച കേട്ടാൽ ഉറക്കം വരില്ല അതാണ്..
"ഓ അതാണോ എങ്കിൽ നീയാ ജനലും കൂടി അടച്ചെക്കെന്നും പറഞ്ഞു ഞാൻ കട്ടിലിൽ കേറി കിടന്നു..
ജനൽ അടച്ചിട്ടു അവളും എന്റെ അടുത്ത് വന്നു കിടന്നു..
എന്റെ ബാംഗ്ലൂർ വിശേഷങ്ങൾ ഓരോന്നായി പറഞ്ഞു തുടങ്ങിയതും
എല്ലാം കേട്ട് കേട്ടു അവൾ ഉറങ്ങി..
പതിയെ പതിയെ എന്റെ കണ്ണുകളും അടഞ്ഞു തുടങ്ങി ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു..
പെട്ടെന്ന് എന്തോ ഒരു ശബ്ദം കേട്ട് ഞാൻ ഞെട്ടി ഉണർന്നു ചുറ്റും നോക്കി..
അപ്പോഴാണ് ലെച്ചു കൂർക്കം വലിക്കുന്നതാണെന്ന് എനിക്കു മനസ്സിലായത്..
ഈശ്വരാ അപ്പോൾ ഇവളുടെ ഈ കൂർക്കം വലി കേൾക്കാതെ ഇരിക്കാൻ ആവും ചെവി മൂടി കിടന്നോളാൻ മുത്തശ്ശി പറഞ്ഞത്..
കാലുമടക്കി അവൾക്കിട്ടു ഒരെണ്ണം കൊടുത്താലൊന്നു ആദ്യം വിചാരിച്ചു പിന്നെ അവളുടെ ചുരുണ്ടു കൂടിയുള്ള കിടപ്പ് കണ്ടപ്പോൾ പാവം തോന്നി ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റു..
"എന്നാലും എന്റെ മുത്തശ്ശി ഇത് വല്ലാത്തൊരു പണിയായി പോയി.. എന്തായാലും എന്റെ ഇന്നത്തെ ഉറക്കം പോയെന്നു ഏകദേശം ഉറപ്പായി..
അതുകൊണ്ട് തന്നെ ഞാൻ നേരെ ചെന്നു ജനൽ തുറന്നു രാത്രിയുടെ സൗന്ദര്യം ആസ്വദിച്ചു കൊണ്ടു ജനലരികിൽ ഇരുന്നു..
ഈ രാത്രിക്ക് വെളിച്ചമേകുന്നത് ഞങ്ങൾ ആണെന്ന അഹങ്കാരത്തിൽ മിന്നാമിനുങ്ങൾ പാടത്തു കൂടി പാറി പറന്നു നടക്കുന്നു..
അതുകണ്ടു ആകാശത്തു വിരിഞ്ഞു നിൽക്കുന്ന നക്ഷത്ര പൂക്കൾ അസൂയയാൽ കണ്ണ് ചിമ്മുന്നുണ്ട്..
ഒന്നും മിണ്ടാതെ വിരഹത്താൽ മൗനം പൂണ്ടു മേഘങ്ങൾക്ക് ഇടയിൽ ഒളിച്ചും പാത്തും ഇടക്ക് പ്രത്യക്ഷപ്പെട്ടു കൊണ്ടു പാതിമറഞ്ഞ ചന്ദ്രൻ നിൽക്കുന്നു..
ഈ രാത്രിയുടെ സൗന്ദര്യം ആസ്വദിച്ചു മുറ്റത്തെ ഇലഞ്ഞി പൂക്കൾ വിരിയുന്നുണ്ടെന്ന് തോന്നുന്നു..
പാടവരമ്പത്തു നിന്നും വീശുന്ന ഇളം കാറ്റിൽ ഇലഞ്ഞി പൂക്കളുടെ വശ്യമായ ഗന്ധം നിറഞ്ഞു നിൽപ്പുണ്ട്..
മുത്തശ്ശി കഥകളിൽ നിറഞ്ഞു നിൽക്കുന്ന ഗന്ധർവനും യക്ഷിയും വിഹരിക്കുന്ന രാവ്..
ഇലഞ്ഞി പൂമണമുള്ള രാവ് ..
പേടിപ്പെടുത്തുന്ന ഈ കെട്ടുകഥകൾ ഇല്ലായിരുന്നു എങ്കിൽ രാത്രി ഇത്ര ഭീകരതയിൽ ആരും ചിത്രീകരി ക്കില്ലായിരുന്നു..
രാത്രിയുടെ മനോഹാരിത കണ്ടു കൊണ്ടു ഇരുന്നു പതിയെ പതിയെ ഞാൻ മയങ്ങി തുടങ്ങി..
=============================
പിറ്റേന്ന് രാവിലെ എഴുന്നേറ്റു കുളിച്ചു അമ്പലത്തിൽ പോവാനായി ഞാൻ ലക്ഷ്മിയുമായി പുറത്തേക്ക് ഇറങ്ങി..
"ഡി ലെച്ചു നീ ഇന്നലെ എന്തൊരു കൂർക്കം വലി ആയിരുന്നെടി ബാക്കിയുള്ളവന്റെ ഉറക്കം കൂടി കളഞ്ഞു..
"ആര് ഞാനോ ചേച്ചിക്ക് തോന്നിയതാവും..
"തോന്നിയതോ പൊക്കോണം അവിടുന്ന്.. നീ ഇന്ന് തൊട്ടു മുത്തശ്ശിയുടെ കൂടെ തന്നെ കിടന്നാൽ എന്റെ കൂടെ എങ്ങും കിടക്കേണ്ട..
"ഓ ആയിക്കോട്ടെ എന്നും പറഞ്ഞവൾ മുഖം വീർപ്പിച്ചു കൊണ്ടു നടന്നു..
അതുകണ്ടു ചിരിച്ചു കൊണ്ടു പിന്നെയും ഞാൻ അവളെ ഓരോന്ന് പറഞ്ഞു കളിയാക്കി കൊണ്ടു മൺപാതയിലൂടെ നടക്കുമ്പോൾ ദൂരെ നിന്നും ആദി വരുന്നത് കണ്ടു..
നീല ഷർട്ടും ഇട്ട് ഉടുത്തിരുന്ന വെള്ളമുണ്ടും മാടി കുത്തി വരുന്ന അവന്റെ തോളോട് തോൾ ചേർന്ന് ഒരു പെണ്ണും ഉണ്ടായിരുന്നു.... പാറി പറക്കുന്ന മുടി ഇഴകളും ആയി
ചുവന്ന ദാവണി അണിഞ്ഞൊരു പെണ്ണ്....
തുടരും...

Comments
Post a Comment