ചെമ്പട്ട് | ഭാഗം : 5 | ശിവ
അവൾ അടുത്തേക്ക് ചേർന്ന് നിന്നതും ഏതോ മാന്ത്രിക ബന്ധനത്തിൽ എന്ന പോലെ ഒന്ന് എഴുന്നേൽക്കാൻ പോലും ആവാതെ അവളെ നോക്കികൊണ്ട് ഞാൻ ഇരുന്നു..
പെട്ടെന്ന് അവൾ അവളുടെ വലതു കൈയാൽ എന്റെ നെറുകയിൽ തൊട്ടതും മെല്ലെ മെല്ലെ ഞാൻ ഉറക്കത്തിലേക്കു വഴുതി വീണു കൊണ്ടിരുന്നു..
എന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു..
============================
പച്ച പുതച്ചു നിൽക്കുന്ന പാടവരമ്പത്തു കൂടി ഒരു പറവയെ പോലെ പാറി പറന്നു വരുന്നൊരു ദാവണിപെണ്ണ്..
അവളുടെ താമര പൂപോലെ വിടർന്ന ചുണ്ടിൽ ചെറുപുഞ്ചിരി വിടർന്നു നിൽക്കുന്നു..
കരിമഷിയെഴുതിയ അവളുടെ കണ്ണുകളിൽ കാണാം പ്രണയത്തിന്റെ നിറവസന്തം..
ആരെയോ കാണാനുള്ള ഓട്ടത്തിലാണ് അവൾ..
അവളുടെ പാദസ്വര കിലുക്കത്തിന്റെ താളത്തിൽ നെൽചെടികൾ നൃത്തം വെക്കുകയാണ്..
പാടവരമ്പത്തു കൂടി അവൾ ഓടിയെത്തിയത് ഒരു ഇടവഴിയിലാണ്..
അതിലൂടെ മൂളിപ്പാട്ടും പാടി നടന്നു നടന്നവൾ ഏതോ കാവിന് മുന്നിൽ എത്തി..
കാവിനുള്ളിലേക്ക് കയറുന്നതിനിടയിൽ അവൾ ആരെയോ പ്രതീക്ഷി ച്ചെന്നപോൽ തിരിഞ്ഞു നോക്കുന്നുണ്ട്..
അതുവരെ സന്തോഷം നിറഞ്ഞിരുന്ന ആ മുഖത്ത് നിരാശയുടെ വേരുകൾ പടർന്നു കേറുന്നത് കാണാമായിരുന്നു..
പതിയെ പതിയെ നടന്നവൾ കാവിനുള്ളിലെ നാഗത്തറക്ക് മുന്നിൽ എത്തി..
കണ്ണുകൾ അടച്ചു പ്രാത്ഥിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ രണ്ടു കൈകൾ പിന്നിലൂടെ വന്നവളുടെ കണ്ണുകളെ മൂടി..
അതാരെന്നു അറിയാൻ ആകാംഷയോടെ ഞാൻ നോക്കുമ്പോളേക്കും അമ്മ എന്നെ വിളിച്ചുണർത്തി..
"ശ്ശോ എന്താ അമ്മേ ഇത് നല്ലൊരു സ്വപ്നം ഞാൻ കണ്ടോണ്ട് ഇരിക്കുവായിരുന്നു അപ്പോഴേക്കും വന്നത് കുളമാക്കി തന്നില്ലേ..
"എന്ത് സ്വപ്നം നിന്റെ കല്യാണം വല്ലതും ആയിരുന്നോ എന്നും ചോദിച്ചു അമ്മ ചിരിച്ചു..
"കല്യാണം മാങ്ങാത്തൊലി.. അതൊന്നും അല്ല ഞാൻ ഒരു പെണ്ണിനെ സ്വപ്നം കാണാറില്ലേ ഇന്നവളുടെ മുഖം ഞാൻ വ്യക്തമായി കണ്ടു..
"എന്റെ പെണ്ണേ രാവിലെ ഇരുന്നു ഓരോ ഭ്രാന്ത് പറയാതെ എഴുന്നേറ്റു റെഡിയായി വാ അച്ഛന് അമ്പലത്തിൽ പോകണം എന്ന് പറഞ്ഞു നമുക്ക് കൂടി കൂടെ പോവാം..
"അപ്പോൾ എപ്പോഴാണ് നാട്ടിൽ പോവുന്നത്..
"വൈകുന്നേരം.. അപ്പോഴാണ് ട്രെയിൻ..
"മ്മം ശെരിയെന്നാൽ ഞാൻ പെട്ടെന്ന് റെഡിയായി വരാം എന്നും പറഞ്ഞു ഞാൻ എഴുന്നേറ്റു പോയി..
============================
അമ്പലത്തിൽ പോയി വന്നു വൈകുന്നേരത്തോടെ ഞങ്ങൾ നേരെ റെയിൽവേ സ്റ്റേഷനിലേക്കു പോയി..
ആറേകാലോടെ ട്രെയിൻ എത്തി..
തിക്കിലും തിരക്കിലും ഒരുവിധം ട്രെയിനകത്തു കേറി..
അച്ഛൻ നേരത്തെ ബുക്ക് ചെയ്തിരുന്നതിനാൽ സീറ്റ് കിട്ടി.. എനിക്കെന്തായാലും ഞാൻ ആഗ്രഹിച്ചപോലെ തന്നെ വിൻഡോ സീറ്റ് തന്നെ കിട്ടി..
ട്രെയിനിൽ ആയാലും ബസ്സിൽ ആയാലും പുറത്തെ കാഴ്ചകളും കണ്ടു കാറ്റും കൊണ്ടു ഹെഡ്സെറ്റിൽ ഫോണിലെ പാട്ടും കേട്ടിരിക്കുന്നത് സുഖമുള്ള പരിപാടിയാണ്..
അതിന്റെ സുഖം ആസ്വദിച്ചു ഇരുന്നു ഇരുന്നു എപ്പോഴോ ഞാൻ ഉറങ്ങി പോയി..
പിറ്റേന്ന് പുലർച്ചെ ഞാൻ ഉണർന്നപ്പോഴേക്കും നാട്ടിൽ എത്താറായിരുന്നു..
നാട്ടിൽ എത്താൻ പോവുന്നതിന്റെ ത്രില്ലിൽ ആകാംഷയോടെ ഞാൻ പുറത്തേക്കു നോക്കിയിരുന്നു..
കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ട് ട്രെയിൻ സ്റ്റേഷനിൽ എത്തി..
എന്റെ ബാഗും എടുത്തു ഞാൻ ആദ്യം തന്നെ ചാടിയിറങ്ങി..
പുറകെ അച്ഛനും അമ്മയും അവരുടെ ബാഗുമായി ഇറങ്ങി വന്നു..
അവിടെ നിന്നും ചായ കുടിച്ചു ഒരു ഓട്ടോപിടിച്ചു ഞങ്ങൾ അടുത്തുള്ള ബസ്സ് സ്റ്റേഷനിൽ എത്തി..
അവിടെ നിന്നും ഗ്രാമത്തിലേക്കുള്ള ബസ്സിൽ കേറി..
ബസ്സ് സ്റ്റാർട്ട് ചെയ്തു മുന്നോട്ടു പോകും തോറും ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോട് ഞാൻ പുറത്തെ കാഴ്ചകൾ കണ്ടിരുന്നു..
കുറെ ദൂരം പിന്നിട്ടു കഴിഞ്ഞ പ്പോളേക്കും നെൽപ്പാടങ്ങളും പുഴയും ഒക്കെ കണ്ടു തുടങ്ങി..
കണ്ണിന് കുളിർമ്മയേകുന്ന പച്ച പുതച്ചു നിൽക്കുന്ന ഗ്രാമീണ ഭംഗി ആസ്വദിച്ചു കൊണ്ടിരിക്കെ കണ്ടക്ടർ ബെല്ലടിച്ചു..
ഞങ്ങൾക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് ആയിരിക്കുന്നു..
ഞങ്ങൾ വേഗം ഇറങ്ങിയതും പൊടി പറപ്പിച്ചു കൊണ്ടു ബസ് വിട്ടു പോയി..
ഞങ്ങൾ കുറച്ചു ദൂരം മുന്നോട്ടു നടന്നു ചെന്നത് കുന്തിപുഴയുടെ കരയിലാണ്..
ഞാൻ ചുറ്റും നോക്കി ചിലർ വള്ളത്തിൽ കൂടി മീൻ പിടിക്കാനായി വലയിടുന്നു..
കുറച്ചു പേർ പുഴയിൽ നീന്തി തുടിക്കുന്നു..
കണ്ടിട്ട് എനിക്കും ചാടി കുളിക്കാൻ തോന്നിപ്പോയി..
ഞാൻ വെള്ളത്തിൽ മെല്ലെ കാല് വെച്ചു നോക്കി..
ഹോ എന്തൊരു തണുപ്പാണ്..
ഞാൻ ആ വെള്ളം കൈകുമ്പിളിൽ കോരി ഒന്ന് മുഖം കഴുകി..
അപ്പോഴേക്കും അച്ഛൻ അവിടെ നിന്നും കൂകി വിളിച്ചു.. അതുകേട്ടു അക്കരെ നിന്നും ഒരു വള്ളക്കാരൻ വള്ളവുമായി ഞങ്ങളുടെ അടുത്തേക്ക് തുഴഞ്ഞെത്തി..
മുണ്ടുടുത്തു തലയിൽ ഒരു തോർത്തും കെട്ടി ചുണ്ടത്തൊരു ബീഡിയുമായി നരവീണ മീശയും താടിയും ഉള്ളൊരാൾ ആയിരുന്നു വള്ളക്കാരൻ..
"രാഘവേട്ടോ എന്നെ മനസ്സിലായോ..
"പിന്നെ മറക്കാൻ പറ്റോ മോനെ.. ഇത്തവണ നിങ്ങൾ വരുമെന്ന് ഞാൻ അറിഞ്ഞായിരുന്നു..
ഇതാണോ മോൾ..
"അതേ രാഘവേട്ട.. ഇതാണ് എന്റെ മോൾ..
"എന്താ മോളുടെ പേര്..
"വേദ..
"മോളെ ഇത് രാഘവേട്ടൻ ഞങ്ങൾ നാട്ടുകാരെ അക്കരെ ഇക്കരെ എത്തിക്കുന്നതൊക്കെ ഈ രാഘവേട്ടൻ ആണ്..
അതുകേട്ടു ഞാൻ പുള്ളിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു..
പതിയെ പതിയെ വള്ളം അക്കരെ എത്തിയതും
ഞങ്ങൾ വള്ളത്തിൽ നിന്നും ഇറങ്ങി നടന്നു തുടങ്ങി..
മൺപാതയിലൂടെ മുന്നോട്ടു നടക്കുമ്പോൾ എന്തെന്നില്ലാത്ത ഒരാവേശം ആയിരുന്നു എനിക്കു..
വഴിയരികിൽ കണ്ടവരോടൊക്കെ അച്ഛനും അമ്മയും പരിചയം പുതുക്കി നടക്കുമ്പോൾ എന്റെ മനസ്സ് നിറയെ മുത്തശ്ശനും മുത്തശ്ശിയും തറവാടും കാവും ഒക്കെ ആയിരുന്നു..
ഗ്രാമത്തിലെ കുളിർകാറ്റേറ്റു മുന്നോട്ടു കുറച്ചു ദൂരം നടന്നു ചെന്നപ്പോൾ അച്ഛൻ പറഞ്ഞത് പോലെ തന്നെ വലതു വശത്തായി പടുകൂറ്റൻ ആൽമരവും അതിന്റെ ആൽത്തറയും അതിന്റെ പിന്നിലായി മഹാദേവ ക്ഷേത്രവും കണ്ടു..
ഇളംകാറ്റിൽ ആലിലകൾ നൃത്തം വെക്കുകയാണ്..
ഞാൻ നേരെ അങ്ങോട്ടേക്ക് നടന്നു..
ആൽത്തറയെ ഒന്ന് തലോടി നേരെ ക്ഷേത്രത്തിനു മുന്നിൽ ചെന്നു നിന്നു.. പിന്നാലെ അവരും വന്നു..
പ്രവേശന കവാടത്തിനു മുകളിലായി ഓം നമഃ ശിവായ എന്ന എഴുത്തുണ്ട്.. ക്ഷേത്രമതിൽ ചെങ്കല്ലിൽ ആണ് പണി തീർത്തിരിക്കുന്നത് ..
കുളിക്കാത്തതു കൊണ്ടു ഞങ്ങൾ അമ്പലത്തിൽ കേറാതെ വാതിലിൽ നിന്നു തന്നെ മഹാദേവനെ മനസ്സിൽ ധ്യാനിച്ചു തൊഴുതു..
അവിടെ നിന്നും മുന്നോട്ടു നടന്നു തുടങ്ങിയതും ഇലഞ്ഞി പൂക്കളുടെ വശ്യമായ ഗന്ധം മൂക്കിനെ തുളച്ചു കേറി തുടങ്ങി..
ഞാൻ കാണാൻ കൊതിച്ചിരുന്ന ഇലഞ്ഞിക്കാവ് എത്താറായെന്നു എനിക്കു മനസ്സിലായി..
കുറച്ചു ദൂരം മുന്നോട്ടു ചെന്നതും വലതു വശത്തായി കരിയിലകൾ വീണു കിടക്കുന്ന ഒരു ഇടവഴി കണ്ടു..
ഇലഞ്ഞിക്കാവിലേക്കുള്ള ഇടവഴി..
ഞാൻ അവിടേക്ക് നോക്കി നിന്നു..
കാറ്റിൽ ഇലഞ്ഞി പൂക്കളുടെ വശ്യമായ ഗന്ധം അവിടാകെ പരന്നിരിക്കുന്നു ....
അതെന്നെ കാവിലേക്ക് മാടി വിളിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്....
അങ്ങോട്ട് നടക്കാനായി ഞാൻ മുന്നോട്ട് ആഞ്ഞതും അമ്മ എന്റെ കൈയിൽ കേറി പിടിച്ചു..
"ഡി നീ ഇതെങ്ങോട്ട് പോവാണ്..
"അമ്മേ ഞാൻ കാവൊന്നു കണ്ടിട്ട് വരാം..
"അങ്ങനെ ഓടി ച്ചെന്നൊന്നും കാവിൽ കേറാൻ പറ്റില്ല..
സമയം ഉണ്ടല്ലോ പോവാൻ..
നീ ഇപ്പോൾ നടക്ക് നമുക്ക് ആദ്യം തറവാട്ടിൽ ചെല്ലാം എന്നും പറഞ്ഞു അമ്മ എന്റെ കൈപിടിച്ച് നടന്നു..
മനസ്സില്ല മനസ്സോടെ ഞാനും നടന്നു..
വഴിയരികിൽ നിന്ന പേരറിയാത്ത ചെടികളും പൂക്കളും കണ്ടു കൊണ്ടു നടന്നു നടന്നു വലതു വശത്തു ചെത്തിയൊതുക്കിയ കല്പടവുകളോടെയുള്ള ഒരു പടിപ്പുരക്ക് മുന്നിൽ ചെന്നു നിന്നു..
തനയന്നൂർ തറവാടിന്റെ പടിപ്പുര..
അവിടെത്തിയതും അച്ഛന്റെയും അമ്മയുടെയും മുഖത്താകെ പരിഭ്രമം പടരുന്നത് ഞാൻ കണ്ടു..
മുത്തശ്ശനോടുള്ള പേടികൊണ്ട് ആണെന്ന് എനിക്കു മനസ്സിലായി..
ഞാൻ അവരുടെ കൈയും പിടിച്ചു ആ കൽപ്പടവുകൾ ചവിട്ടി കേറി മുകളിൽ എത്തിയതും കണ്ടു
പ്രൗഡഗംഭീരമായ തനയന്നൂർ തറവാട്.. നാലുകെട്ടുള്ള എന്റെ തറവാട്..
കേറിയപ്പോൾ ആദ്യം കണ്ണിൽ പെട്ടത് മുറ്റത്തുള്ള തുളസിത്തറയാണ് ....
ഞാൻ ചുറ്റും ഒന്നു കണ്ണോടിച്ചു നോക്കി.. നിറയെ ചെടികളും മരങ്ങളും ഒക്കെ നിറഞ്ഞു നിൽപ്പുണ്ട്.....
പടിപ്പുര കടന്നു കേറാൻ ഞങ്ങൾ മടിച്ചു നിൽക്കുന്നത് കണ്ടിട്ട് ആവണം......
"അവിടെ നിൽക്കാതെ ഇങ്ങ് കേറിവാടാ എന്നൊരു ഘനഗാഭീര്യ ശബ്ദം കേട്ടു.....
ഞാൻ നോക്കുമ്പോൾ ഒത്ത വണ്ണവും പൊക്കവുമുള്ള പ്രായമുള്ള ഒരാൾ തറവാടിന് ഉള്ളിൽ നിന്നും ഇറങ്ങി വരുന്നു.....
എന്റെ മുത്തശ്ശൻ രാമവർമ്മ ..
ഞങ്ങൾ കേറാൻ തുടങ്ങിയതും അകത്തു നിന്നും മുത്തശ്ശി ഞങ്ങളുടെ അടുത്തേക്ക് വേഗം നടന്നു വന്നു....
സന്തോഷവും സങ്കടവും ഒത്തുചേർന്നൊരു ഭാവമായിരുന്നു മുത്തശ്ശിയുടെ മുഖത്തു.....
പരസ്പരം സംസാരിക്കാതെ മുഖത്തോടു മുഖം നോക്കി മുത്തശ്ശിയും അച്ഛനും നിന്നു..
രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി തുടങ്ങി..
വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ അമ്മയുടെയും മകന്റെയും വൈകാരിക നിമിഷങ്ങൾ ആയിരുന്നു അത് ..
മുത്തശ്ശി അച്ഛനെ കെട്ടി പിടിച്ചു പൊട്ടിക്കരഞ്ഞു.....
അതുകണ്ടു നിന്ന എന്റെയും അമ്മയുടെയും കണ്ണുകളും അറിയാതെ ഈറനണിഞ്ഞു പോയി..
"അമ്മേ ഇതാണ് എന്റെ മോൾ വേദ..
അമ്മയുടെ കൊച്ചുമോൾ..
അതുകേട്ടതും മുത്തശ്ശി എന്റെ അടുത്തേക്ക് വന്നു നെറുകയിൽ ഉമ്മ വെച്ചു..
"അവിടെ തന്നെ നിൽക്കാതെ കേറി വാ എന്ന് മുത്തശ്ശൻ ചാരു കസേരയിൽ ഇരുന്നു കൊണ്ടു വിളിച്ചു പറഞ്ഞു..
അതുകേട്ടു ഞങ്ങൾ എല്ലാം പടിപ്പുരയിൽ നിന്നും ഉമ്മറത്തേക്ക് നടന്നു..
ഉമ്മറപടിയിൽ ഞങ്ങളെ കണ്ടിട്ടും പ്രത്യേകിച്ച് ഭാവമാറ്റമൊന്നും ഇല്ലാതെ അച്ഛൻ പറഞ്ഞിരുന്ന അതേ ഗൗരവത്തോടെ മീശയൊക്കെ പിരിച്ചു വെച്ചു മുത്തശ്ശൻ ഇരുന്നു..
ഞാൻ നേരെ ചെന്നു മുത്തശ്ശന്റെ കാൽക്കൽ വീണു..
"മോൾ അകത്തേക്ക് ചെല്ല് ഇത്രയും ദൂരം യാത്ര ചെയ്തു വന്നതല്ലേ ക്ഷീണം കാണും എന്തെങ്കിലും കഴിച്ചു വിശ്രമിക്കാൻ നോക്കെന്നും പറഞ്ഞു മുത്തശ്ശൻ എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു......
അതുകേട്ടതും അമ്മയുടെയും അച്ഛന്റെയും പരിഭ്രമം ആശ്വാസത്തിന് വഴി മാറുന്നത് ഞാൻ കണ്ടു..... അവരോടു മുത്തശ്ശൻ ഒന്നും മിണ്ടിയില്ല..
പേടികൊണ്ടാവും ഒന്നും മിണ്ടാതെ അച്ഛനും നിന്നു.. പിന്നെ
ഞങ്ങൾ നേരെ തറവാടിന് ഉള്ളിലേക്ക് കടന്നു..
കെട്ടിലും മട്ടിലും രാജകീയ പ്രൗഢിയുള്ള തറവാട്..
നേരെ കേറി ചെല്ലുമ്പോൾ കാണാം വിശാലമായ നടുമുറ്റം..അതിനു ചുറ്റും നാലു കെട്ടുകളായി തിരിച്ചിരിക്കുന്നു.....
തെക്കിനി, കിഴക്കിനി, വടക്കിനി, പടിഞ്ഞാറ്റിനി എന്നിങ്ങനെയാണ് ഈ കെട്ടുകൾക്ക് പേര്....
ധാരാളം മുറികളും
അവിടെ ഇവിടായി ജനലുകളും കിളിവാതിലുകളും ഒക്കെ ഉണ്ട്....
മുത്തശ്ശി ഞങ്ങളെയും കൊണ്ടു ചെന്നത്
അച്ഛന്റെ മുറിയിലേക്ക് ആണ് ....
അവിടെ അച്ഛനോടും അമ്മയോടും കിടന്നോളാൻ പറഞ്ഞിട്ട്
അതിനു അപ്പുറത്തെ മുറി മുത്തശ്ശി എനിക്കായി തുറന്നു തന്നു....
"മോൾക്ക് ഒറ്റക്ക് കിടക്കാൻ പേടിയുണ്ടോ..
"ഹേ ഇല്ല മുത്തശ്ശി..
"എന്നാലും മോൾ ഒറ്റക്ക് കിടക്കേണ്ട ലെച്ചു മോളുടെ കൂടെ കിടന്നോളും..
"അതാരാ മുത്തശ്ശി ലെച്ചു..
"അതെന്റെ അകന്ന ബന്ധത്തിൽ പെട്ട കുട്ടിയാണ് മോളെ..
ഞങ്ങൾക്ക് ഒരു കൂട്ടിനായി അവളെ ഇവിടെ കൊണ്ടുവന്നതാണ്.. ഇവിടെ നിന്നാണ് ഇപ്പോൾ അവളുടെ പഠിപ്പൊക്കെ..
"മ്മം എന്നിട്ട് ആ കുട്ടി എന്തിയെ മുത്തശ്ശി ..
"അവൾ ഇവിടെ എവിടെ എങ്കിലും കറങ്ങി നടപ്പുണ്ടായിരിക്കും.. കുറച്ചു കഴിയുമ്പോൾ വരും..
പിന്നെ മോൾക്ക് കുളിക്കണേൽ വടക്കേപുറത്തു നമ്മുടെ കുളമുണ്ട് കേട്ടോ അവിടെ പോയി കുളിക്കാം..
കുളിക്കാൻ അവളും കൂടി വന്നിട്ട് പോയാൽ മതി..
"ശെരി മുത്തശ്ശി..
"എന്നാൽ മോള് ഈ ഡ്രെസ്സൊക്കെ മാറി വാ മുത്തശ്ശി കഴിക്കാൻ വല്ലതും എടുത്തു വെക്കാം എന്നും പറഞ്ഞു മുത്തശ്ശി പോയി..
ഞാൻ ചുറ്റും നോക്കി.. മൊത്തം തടിപ്പണി ആണ്.. റൂമിന്റെ മൂലയിൽ തടിയിൽ തീർത്തൊരു അലമാര ഇരിക്കുന്നു.. ഞാൻ അതിൽ ബാഗ് വെച്ച് തിരിഞ്ഞതും.. നല്ല തണുപ്പുള്ളൊരു കാറ്റ് ജനലഴികളിൽ കൂടി വന്നെന്നെ തഴുകി കടന്നു പോയി..
ഞാൻ നേരെ ജനലരുകിലേക്ക് നടന്നു..
ജനലിൽ കൂടി പുറത്തേക്ക് നോക്കി..
വിശാലമായ നെൽപ്പാടം....
കതിരുകൾ കൊയ്യാൻ പാകമായെന്ന് തോന്നുന്നു നിറയെ കിളികൾ പാടത്തിന് മുകളിലായി വട്ടമിട്ടു പറക്കുന്നുണ്ട്..
ഞാനാ കാഴ്ചകൾ കണ്ടു കൊണ്ടു നിൽക്കുബോൾ ചേച്ചി എന്നാരോ പിന്നിൽ നിന്നും വിളിക്കുന്നത് കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ പത്തു പതിനാലു വയസ്സുള്ള ഒരു പെൺകുട്ടി നിൽക്കുന്നു..
അപ്പോൾ ഇവളാകും മുത്തശ്ശിയുടെ ബന്ധത്തിൽ ഉള്ള കുട്ടി..
"ഇങ്ങടുത്തു വാ മോളെ എന്താ നിന്റെ പേര്..
"ലക്ഷ്മി.. എല്ലാരും ലെച്ചു എന്ന് വിളിക്കും.. ചേച്ചിയുടെ പേരെന്താ..
"എന്റെ പേര് വേദ..
"ചേച്ചി ഇപ്പോൾ കുളിക്കുന്നുണ്ടോ.. മുത്തശ്ശി പറഞ്ഞു കുളത്തിലേക്ക് പോവുമ്പോൾ ചേച്ചിക്ക് കൂട്ടു പോവണമെന്ന്..
"ഓ പോവാം ദേ ഒരു മിനിറ്റ് ചേച്ചി ഇപ്പോൾ വരാട്ടോ എന്നും പറഞ്ഞു ഞാൻ വേഗം ഡ്രെസ്സൊക്കെ എടുത്തു കുളത്തിലേക്ക് നടന്നു..
കുളത്തിന്റെ കൽപ്പടവുകൾ ഇറങ്ങി ചെന്നു ഞാൻ വെള്ളത്തിൽ കാൽപാദം മുട്ടിച്ചു നോക്കി..
ഹോ എന്തൊരു തണുപ്പാണ്..
"എന്താ ചേച്ചി നല്ല തണുപ്പുണ്ടോ..
"ഹേ ഇല്ല മോളെ ഇതൊക്കെ ഒരു തണുപ്പാണോ, ഇതിനേക്കാൾ തണുപ്പുള്ള വെള്ളത്തിലാണ് ഞാൻ ബാംഗ്ലൂർ കുളിക്കുന്നത് എന്ന് ഞാൻ ഗമയിൽ തട്ടിവിട്ടു..
"ഹോ ചേച്ചിയെ സമ്മതിക്കണം.. എനിക്കു ഇത്രയും തണുപ്പ് പറ്റില്ല.. ഈ വെള്ളത്തിനു ആണെങ്കിൽ എപ്പോഴും തണുപ്പാണ്.. എന്നാലും കുളിച്ചു കഴിഞ്ഞാൽ നമ്മുടെ സകലക്ഷീണവും മാറും..
അതേ ചേച്ചി.. ചേച്ചിക്ക് നീന്തൊക്കെ അറിയാമോ ..
"ഓ അറിയാല്ലോ ഞാൻ പഠിച്ചിട്ടുണ്ട്..
ഈ കുളത്തിനു എങ്ങനാണ് നല്ല ആഴം ഉണ്ടോ..
"അറിയില്ല ചേച്ചി ഉണ്ടെന്നൊക്കെ പറയുന്നത് കേൾക്കാം..
" നീ കുളിക്കുന്നില്ലേ..
"ഇല്ല ഞാൻ കുളിച്ചതാണ് ചേച്ചി കുളിച്ചോ..
"ശെരി മോളെ എന്നും പറഞ്ഞു ഞാൻ കുളത്തിലേക്ക് എടുത്തു ചാടി..
തണുപ്പ് ഉണ്ടായിരുന്നു എങ്കിലും അതൊന്നും കാര്യമാക്കാതെ
ഒരു മത്സ്യത്തെ പോലെ ഞാനാ കുളത്തിൽ നീന്തി തുടിച്ചു..
അല്പസമയം കഴിഞ്ഞതും തണുപ്പ് എന്റെ മേൽ വേരുറപ്പിക്കാൻ തുടങ്ങി..
ഒരു തരം മരവിപ്പിക്കുന്ന തണുപ്പ്.. സംഭവം പന്തിയല്ല എന്ന് തോന്നിയത് കൊണ്ടു ഞാൻ
പെട്ടെന്ന് തന്നെ മുങ്ങി പൊങ്ങി.. തണുത്തു വിറങ്ങലിച്ചു കൊണ്ടു ഞാൻ പടവിലേക്കു കേറി.. തോർത്തി തുടങ്ങി..
"ഈ തണുപ്പൊന്നും ഒന്നുമല്ലെന്നു പറഞ്ഞിട്ട് ചേച്ചി ഇപ്പോൾ നല്ലോണം വിറക്കുന്നുണ്ടല്ലോ..
"അതുപിന്നെ മോളെ ഇത്രയും ദൂരം യാത്ര ചെയ്തു വന്നത് കൊണ്ടുള്ള ക്ഷീണം കൊണ്ടു വന്നതാണ് എന്ന് ചമ്മിയ മുഖത്തോടെ ഞാൻ പറഞ്ഞൊപ്പിച്ചു..
അതുകേട്ടു ആക്കിയപോലൊരു ചിരി അവൾ ചിരിച്ചു..
"എന്താടി ചിരിക്കുന്നത്..
"ഒന്നുമില്ല ചേച്ചി.. ചേച്ചിയുടെ വിറയൽ കണ്ടു ചിരിച്ചു പോയതാണ്..
"മ്മ്മം അതിപ്പോൾ മാറും.. ഡി ലെച്ചു നീ എന്റെ കൂടെ ഒരിടം വരെ വരാമോ..
"എവിടാ ചേച്ചി..
"ഇലഞ്ഞിക്കാവ് വരെ..
"അയ്യോ അങ്ങോട്ടോ.. ഞാനില്ല എനിക്കു പേടിയാ..
"പേടിയോ എന്തിന്..
"അതുപിന്നെ അങ്ങോട്ട് ആരും പോവാറില്ല ചേച്ചി..
"അതിനെന്താ നമുക്ക് ഇപ്പോൾ ഒന്ന് പോയിട്ട് വരാം..
"എന്റെ പൊന്ന് ചേച്ചി ഞാനില്ല മുത്തശ്ശൻ അറിഞ്ഞാൽ പിന്നെ എന്നെ ഇവിടുന്ന് ഓടിക്കും.. അതുകൊണ്ട് ഞാൻ വരില്ല..
"നീ പേടിക്കാതെ ആരും അറിയില്ല.. അറിഞ്ഞാൽ തന്നെ ഞാൻ പറഞ്ഞിട്ട് ആണ് നീ വന്നതെന്ന് പറഞ്ഞോളാം..
"എന്നാലും ഞാനില്ല ചേച്ചി എനിക്കെന്തോ ഒരു പേടി പോലെ..
"അയ്യേ നീ ഇത്രക്ക് പേടിത്തൊണ്ടി ആണോ.. ഞാൻ കൂടെ ഇല്ലേ നീ വാ..
"എന്നാലും ഇപ്പോൾ പോണോ കഴിച്ചിട്ട് പോയാൽ പോരെ..
"ഓ നമുക്ക് വന്നിട്ട് കഴിക്കാം.. പെട്ടെന്ന് പോയിട്ട് വരാം..
"മ്മം ശെരി പക്ഷേ മുത്തശ്ശൻ ഉമ്മറത്തു കാണും മുത്തശ്ശൻ കാണാതെ എങ്ങനെ പോവും..
"അതുവഴി അല്ലാതെ വേറെ വഴി ഇല്ലേ..
"ഹാ നമുക്ക് ഈ കുളത്തിന്റെ അതുവഴി കുറച്ചു മുന്നോട്ടു ചെന്നാൽ ഒരു വയൽ കാണാം അതുവഴി പോയാൽ കാവിന്റെ അടുത്തെത്താം......
"ആഹാ അത് കൊള്ളാല്ലോ എങ്കിൽ സമയം കളയാതെ വേഗം വാ എന്നും പറഞ്ഞു ഞാൻ അവളുമായി പടവുകൾ കേറി നടന്നു..
കുളത്തിന്റെ അടുക്കൽ നിന്നും കുറച്ചു ദൂരം നടന്നതും പച്ച പുതച്ചു നിൽക്കുന്ന വിശാലമായ നെൽപ്പാടം കണ്ടു....
അകലെ എവിടെ നിന്നോ കൊയ്ത്തു പാട്ടിന്റെ ഈരടികൾ മുഴങ്ങി കേൾക്കുണ്ടായിരുന്നു....
ആ പാട്ടിന് താളമിട്ടെന്നോണം നെൽക്കതിരുകൾ ഇളകിയാടുന്നു....
ആ നെൽകതിരുകളെ തഴുകി തലോടി കൊണ്ടു ഞാൻ പാടവരമ്പത്തേക്കു ഇറങ്ങി നടന്നു..
മുന്നിൽ വഴികാട്ടി എന്നോണം എന്തൊക്കെയോ പൊറു പൊറുത്തുകൊണ്ട് ലെച്ചു നടപ്പുണ്ട്.....
വരമ്പത്തു കൂടി കുറച്ചു ദൂരം പിന്നിട്ടതും ഒരു വഴി കണ്ടു.. ആ വഴിയിലേക്ക് കേറി മുന്നോട്ടു നോക്കിയപ്പോൾ ഒരു ഇടവഴി കൂടി കണ്ടു.. അതിലൂടെ ഞങ്ങൾ നടന്നു തുടങ്ങി.. ഇരുവശങ്ങളിലും വലിയ മരങ്ങൾ തണൽ വിരിച്ചു നിൽക്കുന്ന ഇടുങ്ങിയ ഇടവഴി..... കണ്ടിട്ട് ഒരൽപ്പം പേടിയൊക്കെ തോന്നി എങ്കിലും ഇലഞ്ഞി കാവ് കാണാനുള്ള ആഗ്രഹത്തിന് മുന്നിൽ പേടി മറച്ചു പിടിച്ചു കൊണ്ടു കരിയിലകൾ ചവിട്ടി മെതിച്ചു കൊണ്ടു നടന്നു ഞങ്ങൾ നേരെ ചെന്നു നിന്നത് കാവിന് മുന്നിലാണ്.......
ഇലഞ്ഞി പൂക്കളുടെ മാസ്മരിക ഗന്ധം കാവിനുള്ളിലേക്ക് എന്നെ ആവാഹിച്ചു കൊണ്ടിരുന്നു.... കാവിനുള്ളിലേക്കു നടക്കാൻ എന്റെ മനസ്സ് മന്ത്രിച്ചു തുടങ്ങി ....
അതോടെ ഞാൻ അങ്ങോട്ടേക്ക് പതിയെ നടക്കാൻ തുടങ്ങിയതും പെട്ടെന്ന് കാവിന് മുന്നിൽ പുഞ്ചിരിയോടെ അവൾ പ്രത്യക്ഷപ്പെട്ടു...
ചെമ്പട്ട് ഉടുത്ത പെണ്ണ്.....
തുടരും...

Comments
Post a Comment