ചെമ്പട്ട് | ഭാഗം : 4 | ശിവ
ജനലരികിൽ ചെമ്പട്ടുടുത്ത പെണ്ണ് പുഞ്ചിരിച്ചു കൊണ്ടു നിൽക്കുന്നു....
മുട്ടോളം നീണ്ട അവളുടെ കാർകൂന്തൽ കാറ്റിൽ പാറി പറക്കുന്നു..
കരിമഷി എഴുതിയ അവളുടെ കടക്കണ്ണിൻ നോട്ടത്തിനു പോലും ഒരു വശ്യത ഉണ്ട്..
അവളെ നോക്കി നിൽക്കും തോറും എന്നിലെ ഭയം പതിയെ കൗതുകത്തിനു വഴിമാറിക്കൊണ്ടിരുന്നു..
എവിടെ നിന്നോ ഇലഞ്ഞിപ്പൂമണം കാറ്റിൽ ഒഴുകിയെത്തി.....
"ആരാ നീ.. എന്തിനാ ഇവിടെ നിൽക്കുന്നത്..
നിന്നെ ഇതിനു മുൻപ് ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ എന്നൊക്കെ ഞാൻ ചോദിച്ചതും..
എന്റെ ചോദ്യങ്ങൾക്ക് മറുപടി എന്നോണം അവൾ പുഞ്ചിരിച്ചു....
ഞാൻ വേഗം തന്നെ മുറിയുടെ കതകു തുറന്നു ചെന്നു മെയിൻ വാതിലും തുറന്നു പുറത്തേക്ക് ഇറങ്ങി..
എന്നിട്ട് അവൾ നിന്ന ഭാഗത്തേക്ക് നടന്നു ചെന്നു.....
അവൾ അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു..
ഞാൻ മെല്ലെ മെല്ലെ അവളുടെ അടുത്തേക്ക് നടന്നു അടുക്കും തോറും എവിടെ നിന്നോ വന്ന പുക പടലം അവളെ മൂടി കൊണ്ടിരുന്നു ....
ഞാൻ നോക്കി നിൽക്കെ അവൾ പതിയെ പതിയെ വായുവിൽ അലിഞ്ഞു ഇല്ലാതായി..
ശെരിക്കും അപ്രത്യക്ഷയായി മാറിയെന്ന് തന്നെ പറയാം..
എന്തൊക്കെയാണ് നടക്കുന്നതെന്ന് മനസ്സിലാവാതെ ആ കാഴ്ച്ച കണ്ടു വിശ്വസിക്കാനാവാതെ ഞാൻ നിന്നു പോയി.....
പെട്ടെന്ന് പിന്നിൽ നിന്നും ഒരു കൈ തോളിൽ പതിച്ചു....
"എന്താടി എന്തിനാ ഈ രാത്രിയിൽ നീ ഇവിടെ വന്നു നിൽക്കുന്നത് എന്നും ചോദിച്ചു കൊണ്ടു അമ്മയായിരുന്നു അത്..
"അമ്മേ അത് പിന്നെ ഞാൻ ആ സ്ത്രീയെ പിന്നെയും കണ്ടു അവൾ ഇവിടെ നിൽപ്പുണ്ടായിരുന്നു....
"ഏത് സ്ത്രീ എന്നിട്ട് ഇവിടെങ്ങും ഞാൻ ആരെയും കാണുന്നില്ലല്ലോ..
"അതുപിന്നെ അമ്മേ അവൾ പെട്ടെന്ന് അപ്രത്യക്ഷയായി പോയി..
"തുടങ്ങി അവളുടെ വട്ടു പറച്ചിൽ.. നിന്നോട് ഞാൻ അമ്പലത്തിൽ പോവണം എന്ന് പറഞ്ഞതാണ് എന്നിട്ട് നീ കേട്ടില്ല..
കണ്ടില്ലേ അതുകൊണ്ടാണ് ഇങ്ങനെ ഓരോന്ന് ഒക്കെ കാണുന്നത്..
മര്യാദക്ക് നേരം വെളുക്കുമ്പോൾ എന്റെ കൂടെ അമ്പലത്തിൽ വന്നോണം അല്ലെങ്കിൽ എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം....
അത് കേട്ട് ഞാൻ ചിരിച്ചു..
"ഇലഞ്ഞി പൂവിന്റെ മണം വരുന്നുണ്ടോ അമ്മേ..
"ഇലഞ്ഞി പൂവിന്റെ മണമൊന്നും വരുന്നില്ല എനിക്കു നല്ല ഉറക്കം വരുന്നുണ്ട്..
പിന്നെ ഈ അസമയത്തു ഇങ്ങനെ പുറത്ത് ഇറങ്ങി നിൽക്കുന്നത് നല്ലതല്ല അതുകൊണ്ട് കേറി വാ പെണ്ണേ എന്നും പറഞ്ഞു അമ്മ എന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ടു അകത്തേക്ക് പോയി..
റൂമിൽ പോയി ഉറങ്ങാൻ കിടന്നെങ്കിലും ആ പെണ്ണിന്റെ മുഖം മനസ്സിലേക്ക് വീണ്ടും വീണ്ടും തെളിഞ്ഞു വന്നു കൊണ്ടിരുന്നു..
ആ മുഖം ഓർത്തു തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടയിൽ തുറന്നിട്ടിരുന്ന ജനാലകൾക്ക് ഇടയിലൂടെ വന്ന തണുത്ത കാറ്റെന്നെ തഴുകി കടന്നു പോയി കൊണ്ടിരുന്നു..
അതിന്റെ കുളിരിൽ മെല്ലെ മെല്ലെ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.....
============================
പുലർച്ചെ അമ്പലത്തിൽ പോവാൻ വേണ്ടി അമ്മ വിളിക്കുമ്പോൾ ആണ് ഞാൻ ഉണർന്നത്..
ഉടനെ തന്നെ പോയി കുളിച്ചു വന്നു..
അലമാരയിൽ നിന്നും ഡ്രസ്സ് എടുക്കാൻ നേരത്താണ് ചുവന്ന ദാവണി എന്റെ കണ്ണിൽ പതിഞ്ഞത്..
പിന്നെ ഒന്നും ആലോചിച്ചില്ല അതെടുത്തണിഞ്ഞു..
അതിനു മാച്ച് എന്നോണം ചുവന്ന പൊട്ടും തൊട്ടു കൈകളിൽ ചുവന്ന വളകളും അണിഞ്ഞു കണ്മഷിയും ഇട്ടു അമ്പലത്തിൽ പോവാനായി റെഡിയായി നിന്നപ്പോൾ ആണ് എന്റെ ശ്രദ്ധ മേശപ്പുറത്തു ഇരുന്ന ബുക്കിൽ പതിഞ്ഞത്..
ഞാനത് കൈയിൽ എടുത്തു ഇലഞ്ഞി പൂവിന്റെ വശ്യമായ ഗന്ധം അതിൽ നിറഞ്ഞു നിൽപ്പുണ്ട്..
അതിൽ എഴുതിയ വരികൾ ഞാൻ വായിച്ചു..
"ഇലഞ്ഞിക്കാവ് നിഗൂഢതകളുടെ കാവ്.. "
ഇന്നലെ രാത്രി നടന്ന സംഭവങ്ങൾ എന്റെ മനസ്സിലേക്ക് ഓടിയെത്തി..
ഞാൻ ഇതെഴുതി കൊണ്ടിരുന്നപ്പോൾ ആണ് ആ പെണ്ണിനെ കണ്ടത് .....
ഇനി ഈ ഇലഞ്ഞിക്കാവും ആ പെണ്ണും ആയി എന്തെങ്കിലും ബന്ധം ഉണ്ടായിരിക്കുമോ..
ഉണ്ടെങ്കിൽ തന്നെ അതെന്തായിരിക്കും..
എന്തായാലും ഒന്ന് ഉറപ്പാണ് അതൊരു സാധാരണ സ്ത്രീയല്ല.. അവളെ ചുറ്റി പറ്റി എന്തൊക്കെയോ ദുരൂഹത മണക്കുണ്ട്..
അതെന്താണെന്നു കണ്ടെത്തണം..
അതിനുള്ള മാർഗ്ഗം എന്തായിരിക്കും എന്ന് ഞാൻ ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ
"ഡി പെണ്ണേ നീ അവിടെ എന്ത് ആലോചിച്ചു നിൽക്കുവാണ് വാ അമ്പലത്തിൽ പോവാം എന്നും പറഞ്ഞു അമ്മ വന്നു വിളിച്ചു..
അതോടെ ബുക്ക് മേശപ്പുറത്തു ഞാൻ വെച്ചു..
"അല്ല ഇതെന്താടി പെണ്ണേ ആകെ ഒരു ചുവപ്പ് മയം....
"ഒരു രസം എന്താ കൊള്ളില്ലേ..
"കൊള്ളാം കൊള്ളാം.. ഒരു ചെമ്പരത്തി പൂ കൂടി ചെവിയിൽ വെച്ചാൽ കൂടുതൽ നന്നായേനെ എന്നും പറഞ്ഞു അമ്മ കളിയാക്കി ചിരിച്ചു..
"കൂടുതൽ കിണിക്കല്ലേ.. എനിക്ക് ഇത്തിരി സൗന്ദര്യം കൂടി പോയത് കൊണ്ടു അമ്മക്ക് എന്നോട് അസൂയ ഉണ്ടെന്ന് എനിക്കറിയാം.. അതുകൊണ്ടു ഞാൻ ഇതൊന്നും കാര്യമാക്കുന്നില്ല..
"അയ്യോടാ ഒരു സുന്ദരി വന്നേക്കുന്നു ഇപ്പോഴും ഞാനും നീയും കൂടി നടന്നു പോവുന്നത് കണ്ടാൽ നീ എന്റെ മോളാന്ന് ആരും പറയില്ല..
"അതുശെരിയാ കൊച്ചുമകൾ ആണെന്നേ പറയൂ.. കിളവി..
ദേ അമ്മേ ചുമ്മാ വാചകം അടിച്ചു നിൽക്കാതെ വാ അമ്പലത്തിൽ പോയിട്ട് വന്നിട്ട് എനിക്ക് കോളേജിൽ പോണം.. ഇന്ന് ലാസ്റ്റ് ഡേ ആണ് നാളെ മുതൽ ഓണാവധി കിട്ടും..
"ഓ ശെരി ശെരി എന്നാൽ വേഗം നടക്ക് എന്നും പറഞ്ഞു അമ്മ മുൻപേ നടന്നു പിന്നാലെ ഞാനും ..
===========================
ബസ്സിൽ ഞങ്ങൾ ക്ഷേത്രത്തിനു മുന്നിൽ എത്തി ഇറങ്ങി നടന്നു..
കരിങ്കല്ലിൽ തീർത്ത കൽപ്പടവുകൾ കയറി മുകളിൽ എത്തുമ്പോൾ വാസ്തു വിദ്യയുടെ മായാലോകത്തു എത്തിയ പ്രതീതിയാണ്..
ക്ഷേത്രത്തിന്റെ ഉൾവശം മുഴുവനും വിഗ്രഹങ്ങൾ ഉൾപ്പെടെ കല്ലിൽ ആണ് പണി തീർത്തിരിക്കുന്നത്..
ഞങ്ങൾ ആദ്യം പോയി ശിവലിംഗത്തെ തൊഴുതു നേരെ ചെന്നത് നന്തി വിഗ്രത്തിന് മുന്നിലാണ്..
ഈ നന്തിയുടെ ചെവിയിൽ നമ്മൾ എന്ത് ആഗ്രഹം പറഞ്ഞാലും നടക്കുമെന്നാണ് വിശ്വാസം എങ്കിലും അച്ഛന്റെ നാട്ടിൽ പോവാൻ പറ്റണം എന്ന ആഗ്രഹം ഞാൻ പറയാൻ തുടങ്ങിയിട്ട് വർഷം കുറെ ആയി.
ഇതുവരെ ആയിട്ടും മഹാദേവൻ അത് സാധിച്ചു തന്നിട്ടില്ല.....
എങ്കിലും പ്രതീക്ഷ കൈവിടാതെ പതിവ് പോലെ തന്നെ ഇത്തവണയും എന്റെ ആഗ്രഹം ഞാൻ നന്തിയുടെ ചെവിയിൽ ഓതി..
അതു കഴിഞ്ഞു ഞാൻ നേരെ പോയത് ഈ ക്ഷേത്രത്തിന്റെ പ്രധാന ആകർഷണമായ ചിത്രപ്പണികൾ കൊത്തിയ കൽതൂണുകൾ ഉള്ള മണ്ഡപത്തിലേക്ക് ആണ്....
ആ കൽമണ്ഡപത്തിലെ തൂണുകളിൽ നിറയെ നർത്തകിമാരുടെയും, വാദ്യക്കാരുടേയുമെല്ലാം ചിത്രങ്ങൾ അതിമനോഹരമായി കൊത്തിവെച്ചിരിക്കുന്നു....
അവിടെ ഇരിക്കുമ്പോൾ നമ്മൾ അറിയാതെ തന്നെ മനസ്സ് ആ പഴയ കാലത്തേക്ക് സഞ്ചരിക്കും....
എത്ര കലാകാരൻമാരും കലാകാരികളും ഇവിടെ വന്നു പോയിട്ടുണ്ടാവും.....
ഇന്നും കൽമണ്ഡപത്തിലെ തൂണുകളിലേക്ക് ചെവിയോർത്തു പിടിച്ചാൽ കേൾക്കാം പഴമയുടെ നൃത്തച്ചുവടുകൾ വിരിഞ്ഞിരുന്ന ചിലങ്ക ശബ്ദങ്ങൾ....
ഇതൊക്കെ കണ്ട് കണ്ടു ഞാനും കുട്ടിക്കാലത്തു നൃത്തം പഠിച്ചിരുന്നു..
പക്ഷേ ഇപ്പോൾ എന്തോ എഴുത്തിനോടാണ് പ്രിയം എങ്കിലും
ശെരിക്കും ഇവിടെ ഇരിക്കുമ്പോൾ വീണ്ടും നൃത്തച്ചുവടുകൾ വെക്കാൻ കൊതി തോന്നി പോവും.....
"ഡി പെണ്ണേ നീ എന്താ സ്വപ്നം കണ്ടിരിക്കുവാണോ.. വാ നമുക്ക് പോവണ്ടേ..
"ഹാ അമ്മ വന്നോ ഞാൻ ചുമ്മാ ഈ കൊത്തുപണിയൊക്കെ ആസ്വദിച്ചു കൊണ്ടു ഇരിക്കുവായിരുന്നു....
"ഡി നീ ഇതെല്ലാം കുട്ടിക്കാലം തൊട്ടു കാണുന്നത് അല്ലേ എന്നിട്ട് ഇപ്പോഴും നിന്റെ കൗതുകം മാറിയിട്ടില്ലേ....
"അതൊക്കെ ശെരിയാണ് പക്ഷേ ഇതൊക്കെ എത്ര കണ്ടാലും മതിയാവില്ല അമ്മേ..
ഓരോ തവണയും ഇത് കാണുമ്പോളും കൂടുതൽ കൂടുതൽ അത്ഭുതം ആണ് തോന്നുന്നത് അത്രക്ക് ഭംഗിയാണ്....
"ഉവ്വ ഉവ്വേ.. അതേ എന്റെ മോളാ കൈയൊന്നു നീട്ടിക്കെ ഞാൻ ഇതൊന്നു കെട്ടട്ടെ..
"എന്താ അമ്മേ ഇത്..
"രക്ഷ.. ഞാൻ പൂജാരിയെ കൊണ്ടു പൂജിച്ചു വാങ്ങിച്ചതാണ്..
"ഓ എന്റെ പൊന്ന് അമ്മേ ഇതിന്റെ ഒക്കെ ആവശ്യം ഉണ്ടോ..
"ഉണ്ടോന്നോ നട്ടപാതിരാക്ക് കാറിച്ചയും കൂവിച്ചയും ഇറങ്ങി പോക്കും ഒക്കെ ആയിട്ട് ഇറങ്ങി നടക്കുന്നത് ആരാ.....
അതു കൊണ്ടു എന്റെ പൊന്നുമോൾ ഇതങ്ങു കെട്ടിയെ പറ്റൂ എന്നും പറഞ്ഞു അമ്മ എന്റെ നെറ്റിയിൽ ചന്ദനം തൊട്ടു തന്നിട്ട് രക്ഷ എന്റെ വലതു കൈയിൽ കെട്ടി തന്നു..
പിന്നെ ഒട്ടും വൈകാതെ തന്നെ അവിടെ നിന്നും ഇറങ്ങി ഞങ്ങൾ വീട്ടിലെത്തി..
അപ്പോഴേക്കും സ്വാതിയും വീട്ടിൽ വന്നിരുന്നു..
"നീ ഇതെന്താടി ദാവണിയിൽ..
"ഓ രാവിലെ അമ്പലത്തിൽ പോവാൻ വേണ്ടി എടുത്തിട്ടതാണ് ഇനിയിപ്പോൾ ഇത് മാറ്റാൻ ഒന്നും നേരമില്ല ഈ വേഷത്തിൽ തന്നെ അങ്ങ് കോളേജിൽ പോയേക്കാം....
"ദുഷ്ടേ ഇത് നീ നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഞാനും ദാവണി ഉടുത്തേനേ..
ഇതിപ്പോൾ എല്ലാവരും നിന്നെയല്ലേ നോക്കുള്ളു..
"അച്ചോടാ എന്റെ സ്വാതിക്കുട്ടി ഏതു വേഷം ഇട്ടാലും ചുന്ദരി തന്നെയാണ് പിന്നെന്താ..
"ഉവ്വ കൂടുതൽ സുഖിപ്പിക്കൽ ഒന്നും വേണ്ട എന്റെ പൊന്നു മോൾ വേഗം വരാൻ നോക്ക്..
"ശെരി വാ പോയേക്കാം.. അമ്മേ ഞാൻ ഇറങ്ങുവാണ് ക്യാന്റീനിൽ നിന്ന് കഴിച്ചോളാം..
"ഓ അത് എന്നും അങ്ങനെ തന്നെ ആണല്ലോ ശെരി പോയിട്ടു വാ എന്ന് അമ്മ അകത്തു നിന്നും വിളിച്ചു പറഞ്ഞു....
"ശെരി അമ്മേ.. എന്നും പറഞ്ഞു ഞാൻ സ്വാതിയുടെ കൂടെ നടന്നു തുടങ്ങി..
"അല്ല വേദേ നീ ഈ കുപ്പിവളയും ഇട്ടോണ്ട് ആണോ കോളേജിൽ പോവുന്നത്..
"അതിനിപ്പോൾ എന്താടി ഇതും കിടക്കട്ടെ ഒരു രസമല്ലേ..
"ഉവ്വ ഉവ്വേ.....
ഞങ്ങൾ കോളേജിൽ എത്തിയതും മിക്കവരുടെയും കണ്ണുകൾ എന്റെ മേൽ ആയിരുന്നു..
കാരണം ആദ്യമായിട്ടാണ് ദാവണിയിൽ ഞാൻ കോളേജിൽ ചെല്ലുന്നത്..
സാധാരണ ചുരിദാർ ആണ് ഇടാറുള്ളത് പിന്നെ ഇടക്ക് വിശേഷ ദിവസങ്ങളിൽ സാരിയും....
"ഹേ വേദേ നിന്റെ പിറന്നാൾ എങ്ങാനും ആണോ ഇന്ന്..
"അല്ല എന്തേയ്.....
"അല്ല നിന്റെ ഈ വേഷം കണ്ടു ചോദിച്ചതാണ്.... ഒരു നാട്ടിൻപുറത്തുക്കാരി ലുക്ക് ഉണ്ട്.....
"ഓ അതു ചുമ്മാ ഇട്ടതാടാ എന്ന് നടന്നു പോവും വഴി ചോദിച്ചവന് മറുപടിയും കൊടുത്തു ഞാൻ നേരെ ചെന്നു പെട്ടത് ആദിയുടെ മുന്നിലാണ്..
"ഹാ കാന്തമ്മോ ഇതെന്താടി ഉവ്വേ ഇന്ന് ഈ കത്തി വേഷത്തിൽ ഒക്കെ വന്നത്..
"എനിക്ക് ഇഷ്ടമുള്ള വേഷത്തിൽ ഞാൻ കോളേജിൽ വരും അതു ചോദിക്കാൻ നീ ആരാടാ..
"ഹാ ചൂടാവാതെ കാന്തമ്മേ.. ഇന്നെന്തായാലും നിന്നെ കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ട്..
ദാവണിയും കൈയിലെ കുപ്പിവളകളും നെറ്റിയിലെ ചന്ദനക്കുറിയും വട്ടപൊട്ടും എല്ലാം കൂടി ഒരു തനി നാട്ടിൻപുറത്തുകാരി പെണ്ണ്.....
ഈ അവധിക്കു എന്റെ കൂടെ നാട്ടിലേക്ക് പോരൂന്നോടി....
"അയ്യടാ.... നീ വിളിച്ചാൽ ഉടനെ കൂടെ വരുന്ന പെമ്പിള്ളേർ ഉണ്ടാവും പക്ഷേ ആ കൂട്ടത്തിൽ എന്നെ നീ കൂട്ടേണ്ട..
"അതെന്താടി നീ അപ്പോൾ പെണ്ണല്ലേ.....
എനിക്ക് മുൻപേ നിന്റെ കാര്യത്തിൽ ചെറിയ സംശയം ഇല്ലാതില്ല....
ഞാനൊന്ന് ചെക്ക് ചെയ്ത് നോക്കട്ടെ എന്നും പറഞ്ഞു ചിരിച്ചു കൊണ്ടു ആദി എന്റെ അടുത്തേക്ക് വന്നു.....
" ദേ ആദി എന്റെ ദേഹത്തു എങ്ങാനും തൊട്ടാൽ നീ വിവരം അറിയും....
"ഓഹോ എങ്കിൽ അതൊന്ന് കാണണമല്ലോ എന്നും പറഞ്ഞു അവനെന്റെ നേർക്ക് കൈ നീട്ടി..... പെട്ടെന്ന് ഞാനാ കൈ തട്ടിമാറ്റി അവന്റെ കരണത്തിന് നേരെ കൈവീശിയതും അവൻ ആ കൈയിൽ കേറി പിടിച്ചു..
"ഹാ ആമ്പിള്ളേരുടെ നേരെ കൈയോങ്ങുന്നോടി എന്നും പറഞ്ഞവനെന്റെ കൈയിൽ പിടിച്ചു.....
"വിടെടാ എന്നും പറഞ്ഞു ഞാൻ വേഗം കൈ കുതറിച്ചു ....
അതോടെ ഒന്നൂടി അവൻ കൈയിൽ മുറുകെ പിടിച്ചു കൊണ്ടു
അവനെന്നെ അടുത്ത് നിന്ന മരത്തിലേക്ക് ചേർത്ത് നിർത്തി..
"ഡി പെണ്ണേ അടങ്ങി നിൽക്കെടി ഇത്രേ ഉള്ളൂ നീ..
അതുകൊണ്ട് കൂടുതൽ അഹങ്കാരം ഒന്നും വേണ്ട....
അതും പറഞ്ഞവൻ എന്റെ കൈയിൽ നിന്നും പിടി വിട്ടതും
എന്റെ കൈയിൽ കിടന്ന കുപ്പിവളകൾ ഉടഞ്ഞ് നിലത്തേക്ക് വീണു..
ദേഷ്യത്തോടെ ഞാൻ അവനെ തുറിച്ചു നോക്കി..
"നോക്കി പേടിപ്പികാതെടി ഉണ്ടക്കണ്ണി......
അതുകേട്ടു ഒന്നും മിണ്ടാതെ ഞാൻ സ്വാതിയുടെ കൈയും പിടിച്ചു അവിടെ നിന്നും പോയി..
=============================
അന്ന് വൈകുന്നേരം കോളേജ് കഴിഞ്ഞു വീട്ടിലെത്തിയ എന്നെ കാത്തൊരു സന്തോഷവാർത്തയുമായി അച്ഛൻ വന്നിട്ടുണ്ടായിരുന്നു..
"അച്ഛാ ഇതെന്താ പെട്ടെന്ന് ഒരു വരവ്.. ഇന്നലെ വിളിച്ചപ്പോൾ പോലും വരുന്ന കാര്യം ഒന്നും പറഞ്ഞില്ലല്ലോ..
"അതുപിന്നെ നിനക്കും ഇവൾക്കും ഒരു സർപ്രൈസ് തരാമെന്നു വിചാരിച്ചു..
"ഡി മോളെ അച്ഛൻ വന്നത് ഒരു വലിയ സർപ്രൈസും കൊണ്ടാണ്..
"എന്ത് സർപ്രൈസ്.....
"അതുപിന്നെ നമ്മൾ നാളെ അച്ഛന്റെ നാട്ടിലേക്ക് പോവാണ്...... ഇത്തവണത്തെ ഓണാഘോഷം ഒക്കെ അവിടെ ആണ്..
അതുകേട്ടു വിശ്വസിക്കാനാവാതെ ഒരു നിമിഷം ഞാൻ നിന്നു......
"ശെരിയാണോ അച്ഛാ.. നമ്മൾ നാട്ടിൽ പോവുന്നുണ്ടോ..
"ഉണ്ട് മോളെ.... നാട്ടിൽ നിന്ന് അച്ഛൻ വിളിച്ചിരുന്നു ഇത്തവണത്തെ ഓണത്തിന് നമ്മൾ അവിടെ ഉണ്ടാകണം എന്ന് പറഞ്ഞു..
കൂടാതെ ഇത്തവണ കാവിൽ പൂജകൾ ഒക്കെ നടത്തുന്നുണ്ട് അത് കൂടിയിട്ടേ പോരാവൂ എന്നും പറഞ്ഞു..
"ശ്ശോ എനിക്ക് വിശ്വസിക്കാൻ ആവുന്നേയില്ല അച്ഛാ .. മുത്തശ്ശനു ഇതെന്തു പറ്റി..
"ഹാ നിന്നെപ്പോലെ തന്നെ എനിക്കും ആദ്യം വിശ്വാസം വന്നില്ല..
അവസാനം നിന്റെ മുത്തശ്ശി കൂടി പറഞ്ഞപ്പോൾ ആണ് എനിക്കു വിശ്വാസം ആയത്......
"എല്ലാം എന്റെ പ്രാത്ഥനയുടെ ഫലം.. എത്രകാലമായി ഈ നിമിഷത്തിന് വേണ്ടി ഞാൻ പ്രാത്ഥിക്കുന്നു എന്നും പറഞ്ഞു അമ്മ ആദ്യമേ കേറിയങ്ങു ക്രെഡിറ്റ് തട്ടിയെടുത്തു..
എന്തായാലും ആരുടെ പ്രാത്ഥന കൊണ്ടാണെങ്കിലും മുത്തശ്ശന്റെ മനസ്സ് മാറിയല്ലോ അതുമതി..
ഞങ്ങൾ വൈകിട്ട് പോയി ഷോപ്പിംഗ് ഒക്കെ ചെയ്തു വന്നു..
പിന്നെ നാട്ടിലേക്കു പോവുമ്പോൾ കൊണ്ടുപോവാനുള്ള ഡ്രസ്സ് എല്ലാം എടുത്തു വെച്ചു ഞാൻ ഉറങ്ങാനായി കിടന്നു.....
ആകെ ഒരു ത്രിൽ അടിച്ച അവസ്ഥയിൽ ആയിരുന്നു ഞാൻ..
അങ്ങനെ കുട്ടിക്കാലം തൊട്ടുള്ള എന്റെ ആഗ്രഹം നടക്കാൻ പോവുന്നു.....
അച്ഛന്റെ നാടും അവിടത്തെ കാവും ഒക്കെ നേരിട്ട് കാണാൻ പോവാണ്.. അതിനേക്കാൾ എനിക്കു കുട്ടിക്കാലത്തു കിട്ടാതെ പോയ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും സ്നേഹം ഇനി കിട്ടി തുടങ്ങാൻ പോവാണ്......
മുത്തശ്ശിയുടെ മടിയിൽ കഥ കേട്ട് കിടന്നു ഉറങ്ങണം..
മുത്തശ്ശന്റെ ചെറുവിരൽ തുമ്പിൽ പിടിച്ചു കൊണ്ടു നാട് മുഴുവൻ ചുറ്റി കാണണം....
അങ്ങനെ എണ്ണിയാൽ തീരാത്ത ആഗ്രഹങ്ങൾ എല്ലാം സാധിച്ചു എടുക്കണം..
അങ്ങനെ ഓരോന്ന് ഓർത്തു കിടക്കുമ്പോൾ കാറ്റിൽ ജനൽ പാളികൾ കിടന്നു അടിക്കുന്ന ശബ്ദം കേട്ട് ഞാൻ അങ്ങോട്ടേക്ക് നോക്കി....
വഴിയിലെ സ്ട്രീറ്റ് ലൈറ്റിൽ നിന്നും മുറ്റത്തേക്ക് വീണിരുന്നു വെട്ടത്തിൽ ഞാൻ അവളെ വീണ്ടും കണ്ടു... ചെമ്പട്ട് ഉടുത്ത ആ പെണ്ണിനെ....
പതിയെ റൂമാകെ ഇലഞ്ഞി പൂമണം കൊണ്ടു നിറഞ്ഞു....
ഞാൻ വേഗം ചാടി എഴുന്നേറ്റു ഇരുന്നു....
പെട്ടെന്ന് അവൾ പുറത്തു നിന്നും റൂമിനുള്ളിലേക്കു കടന്നു വന്നു....
അത് കണ്ടു ശെരിക്കും ഞാൻ ഞെട്ടിത്തരിച്ചു പോയി.....
ഇവൾ ഇനി എങ്ങാനും വല്ല യക്ഷിയും ആവുമോ....
പേടിയോടെ ഞാൻ വേഗം എന്റെ കൈയിൽ കിടന്ന രെക്ഷ അവളുടെ നേരെ നീട്ടി.....
പെട്ടെന്ന് ചരടിൽ ഉള്ള ഏലസ്സിൽ നിന്നും ഒരു പ്രകാശം പുറപ്പെട്ടു.....
അതു കണ്ടതും രെക്ഷയിലേക്കു അവൾ രൂക്ഷമായി ഒന്നു നോക്കി.....
തുടരും...

Comments
Post a Comment