ചെമ്പട്ട് | ഭാഗം - 3 | ശിവ
രാവിലെ ആയത് കൊണ്ടു തന്നെ ലാബിൽ ആരും കാണില്ല എന്നവന് ഉറപ്പായിരുന്നു എങ്കിലും
ലാബിലേക്ക് താൻ കേറുന്നത് ആരെങ്കിലും കാണുന്നുണ്ടോ എന്ന് ചുറ്റും നോക്കി ഇല്ല എന്ന് ഉറപ്പിച്ച ശേഷം രാജീവ് ലാബിലേക്ക് കേറി.. ലാബിന്റെ ഒരു മൂലയിൽ പോയി പതുങ്ങി നിന്നു.. തന്റെ കണക്കു കൂട്ടലുകൾ വിചാരിച്ച പോലെ നടക്കുന്നുണ്ട് എന്നവന് തോന്നി കാരണം
സുജിത് വേദയുമായി അങ്ങോട്ടേക്ക് വരുന്നത് ജനലിന്റെ ഇടയിൽ കൂടി അവനു കാണാമായിരുന്നു.. കെമിസ്ട്രി പ്രൊഫസർ എന്തോ ആവശ്യത്തിന് തന്നെ ലാബിലേക്ക് വിളിക്കുന്നു എന്ന് സുജിത് പറഞ്ഞത് കേട്ട് വന്ന വേദ പ്രൊഫസറിനെ നോക്കികൊണ്ട് ലാബിനകത്തേക്കു കേറി..
അവൾ ചുറ്റും നോക്കി അവിടെങ്ങും ആരെയും കണ്ടില്ല.. തിരിച്ചു പോവാൻ ഒരുങ്ങിയതും വാതിൽ അടച്ചു കൊണ്ടു അതാ രാജീവ് മുന്നിൽ നിൽക്കുന്നു..
"നീ എന്തിനാടാ വാതിൽ അടച്ചത് തുറക്ക് എനിക്ക് പോണം..
"തുറക്കാമല്ലോ മോളൊന്നു അടങ്ങു അതിനു മുൻപ് നമുക്ക് ചില കണക്കൊക്കെ തീർക്കാൻ ഉണ്ട്..
"എന്ത് കണക്കു നിനക്ക് നേരത്തെ കിട്ടിയത് പോരെ മര്യാദക്ക് വാതിൽ തുറക്കെടാ..
"ഓ ആ കിട്ടിയ അടിയുടെ വേദന മാറ്റാൻ അല്ലേ നിന്നെ ഞാൻ ഇവിടെത്തിച്ചത് എന്നും പറഞ്ഞവൻ എന്റെ അടുത്തേക്ക് വന്നു..
"എന്താ നിന്റെ ഉദ്ദേശം വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കാതെ വാതിൽ തുറക്ക്..
"നിന്റെ അടികൊണ്ട കവിളിനു നല്ല വേദന അവിടെ നീ ഒരുമ്മ തന്നാൽ ഞാൻ വാതിൽ തുറക്കാം..
"ഹാ അത്രേ ഉള്ളോ ദേ ഇപ്പോൾ തന്നെ തന്നേക്കാം എന്നും പറഞ്ഞവന്റെ കവിളത്തു കൈവീശി ഒരെണ്ണം പൊട്ടിച്ചു..
"ഡി നിന്നെ ഞാൻ കാണിച്ചു തരാമെടി എന്നും പറഞ്ഞവൻ എന്നെ കേറി പിടിച്ചതും ആരോ ചവിട്ടി തുറന്നത് പോലെ വാതിൽ തന്നെ തുറന്നു....
അന്തരീക്ഷം ആകെ മാറി മറിഞ്ഞു.... പെട്ടെന്ന് അവിടെ ആകെ ഇരുളിമ പരന്നു....
കാറ്റ് വീശാതെ തന്നെ ജനലുകൾ പടാ പടാന്നു അടിച്ചു തുടങ്ങി....
ഇലഞ്ഞി പൂമണം ലാബാകെ നിറഞ്ഞു.....
പെട്ടെന്ന് ആരോ തള്ളിയിട്ടത് പോലെ അവൻ നിലത്തേക്ക് വീണു പേടിയോടെ അവൻ ചുറ്റും നോക്കി.....
ആകെ ഭയന്നിരുന്ന ഞാൻ
പിന്നെ ഒരു നിമിഷം പോലും താമസിയാതെ അവിടെ നിന്നും പുറത്തേക്ക് ഓടി നേരെ സ്വാതിയുടെ മുന്നിൽ ചെന്നു നിന്നു..
"എന്താടി എന്തുപറ്റി..
"അത് അത്..
കിതപ്പ് കൊണ്ടു എനിക്കൊന്നും പറയാൻ പറ്റുന്നു ണ്ടായിരുന്നില്ല
"വേദേ ഡി എന്താടി നീ ഇങ്ങനെ കിതക്കുന്നത്..
എന്റെ കിതപ്പ് കണ്ടു സ്വാതിയുടെ മുഖത്തും പരിഭ്രമം പടരുന്നത് ഞാൻ കണ്ടു..
"ഓ എന്റെ പൊന്നു വേദേ നീ മനുഷ്യനെ വെറുതെ ടെൻഷൻ ആക്കാതെ കാര്യം എന്താണെന്നു വെച്ചാൽ പറയുന്നുണ്ടോ..
"ഡി അതുപിന്നെ പ്രൊഫൊസർ വിളിക്കുന്നുണ്ട് എന്നും പറഞ്ഞു സുജിത് വന്നെന്നെ ലാബിലേക്ക് കൊണ്ട് പോയത് ആ രാജീവ് പറഞ്ഞിട്ടാ യിരുന്നു ..
എന്നോട് പകരം വീട്ടാൻ..
ഞാൻ അവിടെ ചെന്നതും രാജീവ് ലാബിന്റെ വാതിൽ അടച്ചു എന്റെ നേർക്ക് വന്നു..
"എന്നിട്ട് .. അവൻ നിന്നെ വല്ലതും ചെയ്തോ..
"ഇല്ല അതിനു മുൻപ് കതക് ആരോ ചവിട്ടി തുറക്കും പോലെ തുറന്നു വന്നു....
അപ്പോഴേക്കും ആരോ തള്ളിയിട്ട പോലെ അവൻ നിലത്തേക്ക് വീണു....
പെട്ടെന്ന് തന്നെ ഞാൻ അവിടുന്ന് ഇറങ്ങി ഓടി..
"നീ ഇതെന്തൊക്കെയാടി ഈ പറയുന്നത്....
രാജീവ് ഉപദ്രവിക്കാൻ വന്നപ്പോൾ ആരോ ചവിട്ടി തുറക്കുന്ന പോലെ കതക് തുറന്നു വരുക..
ആരോ തള്ളിയിട്ട പോലെ അവൻ വീഴുക.... നീ വല്ല സ്വപ്നവും കണ്ടതാണോ അതോ
നിനക്ക് വട്ടായതാണോ.....
"അല്ലെടി ഞാൻ സത്യമാ പറയുന്നത്.. വിശ്വാസം ഇല്ലെങ്കിൽ നീ എന്റെ കൂടെ വാ ഞാൻ കാണിച്ചു തരാം..
എന്നും പറഞ്ഞു ഞാൻ അവളുടെ കൈയും പിടിച്ചു ലാബിനടുത്തേക്ക് നടന്നു..
ഞങ്ങൾ ചെല്ലുമ്പോൾ ലാബിന്റെ ചുറ്റും പിള്ളേർ എല്ലാം കൂടി നിൽപ്പുണ്ടായിരുന്നു ..
"ഡി വേദേ ദേ നമ്മുടെ രാജീവ് ഉള്ള ഡ്രഗ്സ് എല്ലാം കേറ്റി കിളിപോയി ഇരിക്കുവാണെന്ന് തോന്നുന്നു..
കിടന്നു ഭയങ്കര കാറലും കൂവലും ആയിരുന്നു എന്ന് ഐഷു പറയുമ്പോൾ എനിക്കും ആകെ അത്ഭുതമായി..
എന്താണെന്നു അറിയാനാനായി ഞാൻ ലാബിന് അകത്തേക്ക് കേറി ചെല്ലുമ്പോൾ ലാബിന്റെ ഒരു മൂലയിൽ പേടിച്ചരണ്ട പോലെ ചുരുണ്ടു കൂടി അവൻ ഇരിപ്പുണ്ടായിരുന്നു..
അപ്പോഴേക്കും ആദിയും കൂട്ടുകാരും അവിടെത്തി അവനെ എഴുന്നേൽപിക്കാൻ നോക്കിയിട്ട് അവൻ എഴുന്നേൽക്കാൻ കൂട്ടാക്കുന്നു ണ്ടായിരുന്നില്ല..
"ആ പെണ്ണ് എന്നെ കൊല്ലും..
ദേ അവൾ അവിടെ നിൽപ്പുണ്ട്.. എന്നൊക്കെ അവൻ പിച്ചും പേയും പറഞ്ഞു കൊണ്ടിരുന്നു..
എന്തോ കണ്ടു പേടിച്ചത് പോലെ അവന്റെ മുഖമാകെ ഭയത്താൽ വിറളി വെളുത്തിരുന്നു..
അപ്പോഴേക്കും ഞങ്ങളെ പഠിപ്പിക്കുന്ന പ്രൊഫൊസർ അവിടെത്തി..
അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം എല്ലാവരും കൂടി ചേർന്ന് രാജീവിനെ ബലമായി പിടിച്ചു എഴുന്നേൽപ്പിച്ചു ഹോസ്പിറ്റലിലേക്ക് കൊണ്ടു പോവാൻ ഒരുങ്ങി..
"വേദേ അവൾ നിന്റെ പിന്നാലെ ഉണ്ട്....
അവൾ നിന്നെ തേടി വന്നതാണ് എന്നൊക്കെ അവൻ പോവുന്ന പോക്കിൽ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.....
എന്തൊക്കെയാണ് നടക്കുന്നത് രാജീവിന് ഇതെന്തു പറ്റി..
അവൻ ആരുടെ കാര്യമാ വിളിച്ചു പറഞ്ഞത്.. എന്റെ മനസ്സാകെ കലങ്ങി മറഞ്ഞു..
"ഡി നീ ഇതെന്ത് ഓർത്തു നിൽക്കുവാ വാ നമുക്ക് ക്ലാസ്സിൽ പോവാം..
"സ്വാതി എനിക്ക് എന്തൊക്കെയോ ദുരൂഹത മണക്കുന്നുണ്ട്..
പെട്ടെന്ന് അവന് ഇങ്ങനെ വരാൻ കാരണം എന്തായിരിക്കും..
ഏതോ ഒരു പെണ്ണ് എന്റെ പിന്നാലെ ഉണ്ടെന്ന് അവൻ പറയുന്നത് നീയും കേട്ടില്ലേ ആരാവും അത്..
"നിന്റെ കുഞ്ഞമ്മ.. എന്റെ മോളെ അവൻ ഡ്രഗ്സ് അടിച്ചു കിളിപോയി എന്തൊക്കെയോ വിളിച്ചു കൂവിയതാണ് അല്ലാതെ ദുരൂഹതയും മണ്ണാങ്കട്ടയും ഒന്നുമില്ല..
എന്തായാലും നിന്നെ ഉപദ്രവിക്കാൻ നോക്കിയതിനു ദൈവം അവനെ ശിക്ഷിച്ചു അങ്ങനെ വിചാരിച്ചാൽ മതി..... വാ നമുക്ക് പോവാം..
"അതല്ലെടി എന്നാലും എനിക്കെന്തോ..
"നിനക്ക് കുന്തം.. മര്യാദക്ക് വാ പെണ്ണേ എന്നും പറഞ്ഞു സ്വാതി എന്റെ കൈയും പിടിച്ചു വലിച്ചു കൊണ്ടു ക്ലാസ്സിലേക്ക് നടന്നു..
ക്ലാസ്സ് റൂമിൽ എത്തിയപ്പോൾ എല്ലാവരുടെയും സംസാരവിഷയം രാജീവനെ കുറിച്ചായിരുന്നു..
അപ്പോഴും എന്റെ ചിന്തകൾ സഞ്ചരിച്ചത് ആ ഇലഞ്ഞി പൂമണവും അതിന് പിന്നാലെ അവിടെ അരങ്ങേറിയ നിഗൂഢമായ സംഭവങ്ങളും ആയിരുന്നു..
===========================
"ഡാ ആദി ഇനി ആ രാജീവിന്റെ കാര്യം പോക്കാണ് അവന്റെ ഡ്രഗ്സ് മാറ്റർ ഒക്കെ പ്രിൻസിപ്പൽ അറിഞ്ഞു..
"ഹാ എന്ത് ചെയ്യാനാണ് പലവട്ടം ഞാൻ അവന് വാണിംഗ് കൊടുത്തതാണ് കേട്ടില്ല ഇനി ഇപ്പോൾ അനുഭവിക്കട്ടെ..
"അളിയാ പിന്നെ നമ്മുടെ ആ വേദയില്ലേ അവൾ ആ ലാബിൽ നിന്നും ഇറങ്ങി ഓടുന്നത് ചിലർ കണ്ടിരുന്നു.. അവൾ പോയതിന് പിന്നാലെ ആണത്രേ അവൻ ഈ പരാക്രമം ഒക്കെ കാണിച്ചത്..
"ശ്ശെടാ എവിടെ പ്രശ്നം ഉണ്ടായാലും അവിടെല്ലാം ഈ പെണ്ണുണ്ടാവുല്ലോ..
"മ്മം അവൾക്കൊരു എല്ലു കൂടുതൽ ആണ് അത് ഒതുക്കാൻ ഒരു വഴി ഞാൻ ഒരുക്കി വെച്ചിട്ടുണ്ട്..
"എന്തുവഴി..?
"അതുപിന്നെ ഞാൻ പറഞ്ഞു തീരും മുൻപ് നീ കേറി ദേഷ്യപ്പെടരുത്..
"നീ ആദ്യം കാര്യം പറ..
"അതുപിന്നെ നമ്മുടെ ലേഡീസ് ടോയ്‌ലെറ്റിൽ ഞാൻ മൊബൈൽ ക്യാമറ ഓൺ ആക്കി വെച്ചിട്ടുണ്ട്..
വൈകുന്നേരം അതെടുക്കണം.. അതിൽ അവളുടെ വീഡിയോ കാണുല്ലോ എന്നിട്ട് അത് വെച്ചു നമുക്ക് അവൾക്കിട്ടു ഒരു പണി കൊടുക്കാം പിന്നെ അവൾ ഈ ക്യാമ്പസ്സിൽ പോയിട്ടു വീട്ടിൽ നിന്നു പോലും പുറത്തിറങ്ങില്ല..
അതുൽ അത് പറഞ്ഞു തീർന്നപ്പോഴേക്കും ആദിയുടെ കൈ കൊണ്ടു അവന്റെ മുഖത്തു പടക്കം പൊട്ടുന്ന പോലെ ഒന്ന് പൊട്ടി..
"പ്ഫാാ ചെറ്റേ.. നിന്റെ മറ്റേ പണി നിർത്തിയിട്ടില്ല അല്ലേ..
ഇങ്ങോട്ട് നടക്കെട എന്നും പറഞ്ഞു ആദി അവന്റെ കുത്തിനു പിടിച്ചു കൊണ്ടു ടോയ്ലറ്റിന്റെ മുന്നിലെത്തി..
"പോയി എടുത്തു കൊണ്ടു വാടാ മൊബൈൽ..
അതുകേട്ടു അതുൽ അതിനകത്തേക്ക് പോയി മൊബൈൽ എടുത്തുകൊണ്ടു വന്നു..
"ഡാ പന്ന പുന്നാര മോനെ നിന്റെ ഈ അസുഖത്തിന്റെ പേര് വേറെ ആണ് അതിനുള്ള മരുന്ന് നല്ല പെടക്കണ കീറാണ് എന്നും പറഞ്ഞു ഹരി അവന്റെ മുഖത്തു ഒന്ന് കൂടി കൊടുത്തു..
"ഡാ ഞാൻ നിന്നെ സഹായിക്കാൻ വേണ്ടിയാ..
"പ്ഫാ പന്ന#@#@ മോനെ എന്നെ സഹായിക്കാൻ ആണോടാ ടോയ്‌ലെറ്റിൽ കൊണ്ടു പോയി മൊബൈൽ വെക്കുന്നത്..
നിന്റെ അസുഖം എന്താണെന്നു എനിക്ക് അറിയാം..
അത് ഇനി ഈ ക്യാമ്പസ്സിൽ ഇറക്കിയാൽ പുന്നാര മോനെ നിന്റെ കിടുക്കാ മണി ഞാൻ അങ്ങു പൊട്ടിക്കും..
എന്തായാലും നിനക്കിനി ഈ മൊബൈൽ വേണ്ട എന്നും പറഞ്ഞു ആദി അവന്റെ മൊബൈൽ വാങ്ങി എറിഞ്ഞു പൊട്ടിച്ചു..
"പിന്നെ ഒരുകാര്യം കൂടി ഇനി മേലാൽ അളിയാ കിളിയാന്നും പറഞ്ഞു നിന്നെ എന്റെ കണ്മുന്നിൽ കണ്ടു പോവരുത്..
എന്നും പറഞ്ഞു ആദി പോവാൻ തുടങ്ങിയതും മുന്നിൽ വേദയും സ്വാതിയും നിൽക്കുന്നു.. അപ്പോഴേക്കും അതുൽ അവിടെ നിന്നും പോയി
"വൗ കിടുക്കി എന്നും പറഞ്ഞു വേദ കൈയടിച്ചു..
അതിനൊപ്പം വേദയുടെ മുഖത്തൊരു പുച്ഛച്ചിരി കൂടി വിടർന്നു..
"കൊള്ളാം മാഷേ അടിപൊളി പെർഫോമൻസ്..
കൂട്ടുകാരനെ കൊണ്ടു എല്ലാം ചെയ്യിച്ചിട്ടു ലാസ്റ്റ് അവനെ തല്ലി സർ ഹീറോ ആയി അല്ലേ..
ഇതൊക്കെ സിനിമയിൽ സ്ഥിരം കാണാറുള്ളതല്ലേ ഒന്ന് മാറ്റിപിടിക്ക് സാറേ..
"ഡി കാന്തമ്മേ തലതിരിഞ്ഞ നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല.....
പിന്നെ എനിക്ക് ഹീറോ ആവുന്നതിനേക്കാൾ ഇഷ്ടം വില്ലൻ ആവുന്നതാണ് അതും നിന്റെ ജീവിതത്തിലെ വില്ലൻ....
"ചുമ്മാ പഞ്ച് ഡയലോഗ് അടിക്കാതെ പോടാ ചെറുക്കാ എന്നും പറഞ്ഞു വേദ നടന്നു നീങ്ങി..
"അല്ല അളിയാ ഇത്രയൊക്കെ ആയിട്ടും അവളുടെ അടുക്കൽ മാത്രം എന്താ നീ ഇത്രയും സോഫ്റ്റ് ആയിട്ട് ഇടപെടുന്നേ.. അവൾക്കിട്ടു ഒരു പണി കൊടുക്കാം എന്ന് വെച്ചാൽ നീ ഓരോന്നും പറഞ്ഞു അത് തടയും എന്താ അളിയാ ഇനി നിനക്ക് അവളോട് പ്രേമം വല്ലതും ആണോ.. ജോർജിന്റെ ചോദ്യത്തിന് മറുപടി എന്നോണം ആദി ഒന്നു പുഞ്ചിരിച്ചു..
"അളിയോ നിന്നോടാ ചോദിച്ചേ പറ.. രണ്ടും എഴുത്തുക്കാരല്ലേ അതുകൊണ്ട് ചോദിച്ചതാണ്..
"എന്റെ പൊന്നോ പ്രേമവും മണ്ണാങ്കട്ടയും ഒന്നുമില്ലെടാ.. പക്ഷേ അവളെ കാണുബോൾ ഉള്ളിൽ എന്തോ പോലെയാണ്.. ഒന്നും പറയാൻ പറ്റാറില്ല.. അതെന്താണ് എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല..
"അത് പ്രേമം മൊട്ടിട്ട കൊണ്ടാവും..
"മാങ്ങാത്തൊലി ഒന്ന് പോയെടാ ഉവ്വേ.. അവന്റെ അമ്മുമ്മേട പ്രേമം മണ്ണാങ്കട്ട.. പോയി നാലക്ഷരം പഠിക്കാൻ നോക്ക്..
"ങേ അപ്പോൾ അളിയൻ വരുന്നില്ലേ..
"പിന്നെ എന്റെ തലക്ക് ഓളം ഒന്നുമില്ല ക്ലാസ്സിൽ അങ്ങേരുടെ കത്തിയും കേട്ടിരിക്കാൻ ഞാൻ പുറത്തൊന്നു കറങ്ങിട്ടു വരാം..
"എന്നാൽ പിന്നെ ഞങ്ങളും വരാം..
"വരുന്നത് ഒക്കെ കൊള്ളാം ഞാൻ ഒരു കോപ്പും വാങ്ങി തരില്ല.. നിനക്കൊക്കെ ഓസിനു തീറ്റ കുറച്ചു കൂടുതൽ ആണ്..
"അളിയാ ഫ്രണ്ട്ഷിപ്പിൽ കണക്കു പറയാതെ..
"പറയും അളിയാ എന്റെ അച്ഛൻ അംബാനി ഒന്നുമല്ല.. സാധാരണ നാട്ടിൻപുറത്തുക്കാരൻ ആണ്..
"ഓ നാട്ടിൻപുറത്തുകാരൻ ആയാലെന്താ അങ്ങേര് സ്വത്ത് കുറെ ഉണ്ടാക്കി ഇട്ടിട്ടില്ലേ..
"എന്ന് വെച്ച് നിന്നെയൊക്കെ ഞാൻ തീറ്റി പോറ്റണോ..
"എന്റെ പൊന്നോ അളിയൻ ഒന്നും വാങ്ങി തരേണ്ട.. ഞങ്ങൾ ചുമ്മാ കൂടെ വരുന്ന കൊണ്ടു കുഴപ്പമില്ലല്ലോ..
"ഹാ ഇല്ലേ.. പോര്.. എന്നും പറഞ്ഞു ആദി പോയി ബൈക്കെടുത്തു ബൈക്ക് സ്റ്റാർട്ട് ചെയ്തു പോയി.. അവന്റെ പിന്നാലെ കൂട്ടുകാരും പോയി..
=============================
വൈകുന്നേരം കോളേജിൽ നിന്നും വീട്ടിൽ എത്തിയ വേദയുടെ മനസ്സ് നിറയെ കോളേജിൽ നടന്ന സംഭവങ്ങൾ നിറഞ്ഞു നിന്നു..
ഞാൻ ഇന്നലെ രാത്രിയിൽ കണ്ട പെണ്ണിനെ ആണോ ഇനി രാജീവും കണ്ടത്..
പക്ഷേ അവളെങ്ങനെ അവിടെത്തി..
ഉത്തരം കിട്ടാത്ത ഒരായിരം ചോദ്യങ്ങളും സംശയങ്ങളുമായി ഞാൻ ഉറങ്ങാൻ കിടന്നു..
പതിവ് പോലെ പാതിരാവിൽ ആ സ്വപ്നം കണ്ടു ഞാൻ ഞെട്ടിയുണർന്നു..
പക്ഷേ ഇത്തവണ അമ്മ എന്റെയൊപ്പം ഉണർന്നില്ല..
എന്തായാലും ഉറക്കം വരാത്ത കൊണ്ടു ഞാൻ എഴുന്നേറ്റു പോയി ടേബിളിന്റെ മുന്നിൽ കസേര ഇട്ടിരുന്നു..
ബെഡ്ലാമ്പ് ഓൺ ആക്കി മുന്നിൽ ഇരുന്ന പുസ്തകം എടുത്തു വെറുതെ മറിച്ചു നോക്കി കൊണ്ടിരുന്നു ..
പെട്ടെന്ന് മുറിയാകെ ഇലഞ്ഞി പൂമണം നിറഞ്ഞു..
അതിന്റെ ലഹരിയിൽ സ്വയം മറന്നു ഞാൻ ഇരുന്നു..
പതിയെ ഏതോ ഉൾപ്രേരണ എന്നോണം കഥ എഴുതാറുള്ള ബുക്ക് എടുത്തു തുറന്നു മേശയിൽ ഇരുന്ന പേന എടുത്തു അതിൽ എഴുതി തുടങ്ങി..
"ഇലഞ്ഞിക്കാവ് " നിഗൂഢതകളുടെ കാവ് എന്നെഴുതിയതും പൊടുന്നനെ മുറ്റത്തു നിന്നും കൊലുസിന്റെ നാദം മുഴങ്ങി കേട്ടു.....
ആരോ മുറ്റത്തു കൂടി നടക്കുന്നത് പോലെ എനിക്ക് തോന്നി..... ആരാണെന്നു അറിയാനായി വേഗം ഞാൻ എഴുന്നേറ്റു പോയി ജനൽ തുറന്നു നോക്കിയതും ഞെട്ടി തരിച്ചു നിന്നു പോയി.....
(തുടരും... )

Comments
Post a Comment