മയിൽപ്പീലിക്കാവ് | ഭാഗം : 4 | ശിവ

അവൾ അവന്റെ അടുത്ത് ചിരിച്ചു കളിച്ചു സംസാരിക്കുന്നത് കണ്ടിട്ട് എനിക്ക് സഹിച്ചില്ല ... അങ്ങോട്ട് ചെന്നു അവളെ കാലേ വാരി നിലത്തടിച്ചാലോന്ന് വരെ തോന്നി പോയി.... 

അവളാണെങ്കിൽ അവനോട് സംസാരിക്കുന്നതിനിടയിൽ എന്നെ ഏറു കണ്ണിട്ട് നോക്കുന്നുമുണ്ട്.... 

ഇനിയും ഇത് കണ്ടോണ്ട് നിന്നാൽ എന്റെ സമനില തെറ്റും.... അതുകൊണ്ട് പോയേക്കാം എന്നു കരുതി ഞാൻ നടന്നു.....

 "രുദ്രേട്ട പോവല്ലേ എന്നു പറഞ്ഞവൾ അവനുമായി എന്റെ അടുക്കലേക്കു എത്തി... 

"ശ്രീയേട്ടാ ഇതാണ് ഞാൻ പറയാറുള്ള എന്റെ മുറച്ചെറുക്കൻ.... രുദ്രൻ ..... 

"ഹായ്.. രുദ്രാ ഇവൾ എന്നും രുദ്രനെ കുറിച്ച് പറയാറുണ്ട് ഇത്തവണ എന്തായാലും പരിചയപെടാൻ പറ്റിയല്ലോ വലിയ സന്തോഷം എന്നും പറഞ്ഞവൻ ഷേക്ക്‌ ഹാൻഡിനായി കൈ നീട്ടി...... 

ഈ തെണ്ടിയുടെ ആ കൈ പിടിച്ചങ്ങു ഓടിച്ചാലോന്ന് ആദ്യം തോന്നി പിന്നെ ഓർത്തു വേണ്ടായെന്നു.... പിന്നെ ലോകത്തെ സകല തെറികളും മനസ്സിൽ ഓർത്തു കൊണ്ടു ചുണ്ടിൽ ചെറിയ പുഞ്ചിരി വരുത്തി അവനു കൈ കൊടുത്തു..... 

"രുദ്രേട്ട ഇത് ശ്രീയേട്ടൻ എന്റെ സീനിയർ ആണ്.... ശ്രീയേട്ടൻ കോളേജിലെ വലിയ സൂപ്പർ സ്റ്റാർ ആണ് കേട്ടോ.... 


"ഹേയ് അങ്ങനെ ഒന്നുമില്ല രുദ്രാ ഇവൾ വെറുതെ പറയുന്നതാണ്..... 

(അവളുടെ അമ്മുമ്മേടെ ഒരു സൂപ്പർ സ്റ്റാർ.. എനിക്കാകെ ദേഷ്യം വന്നു )

"ശ്രീ എവിടാ താമസിക്കുന്നത്....... 

"എന്റെ നാട് തൃക്കാക്കരയിൽ ആണ് .... ഈ കാന്താരിയുടെ നിർബന്ധം കാരണം ഉത്സവം കൂടാൻ വന്നതാണ്...... 

ഇവിടെ എനിക്കൊരു അമ്മാവൻ ഉണ്ട്. പുള്ളിയുടെ കൂടെയാണ് താമസം.. ഉത്സവം കഴിഞ്ഞു നാട്ടിലേക്കു തിരിച്ചു പോവും.... 

(പോയില്ലെങ്കിൽ നിന്റെ മരണം എന്റെ കൈകൊണ്ടാവും എന്നു ഞാൻ മനസ്സിൽ പറഞ്ഞു )

"എന്താ രുദ്രാ ആലോചിച്ചു നിൽക്കുന്നത്.....?? 

"ഹേയ് ഒന്നുമില്ല എന്നാൽ പിന്നെ നിങ്ങൾ സംസാരിക്കു.... എനിക്കു ഒരാളെ കാണാൻ ഉണ്ട് എന്നും പറഞ്ഞു ഞാൻ അവിടെ നിന്നും നടന്നു..... 

ഞാനും വരുന്നു എന്നു പറഞ്ഞു അവളെന്റെ കൂടെ വരുമെന്നാണ് ഞാൻ ഓർത്തത്‌ പക്ഷേ ആ പൂതന അവനുമായി ഒടുക്കത്തെ സംസാരം ആയിരുന്നു.... 

ശെരിക്കും പറഞ്ഞാൽ അവരുടെ പെരുമാറ്റം എല്ലാം കൂടി കണ്ടിട്ട് ഭ്രാന്ത് പിടിക്കുന്ന അവസ്ഥ ആയിരുന്നു എനിക്കപ്പോൾ.... 

തറവാട്ടിലേക്ക് ഇപ്പോൾ ചെന്നാൽ ശെരിയാവില്ല അതുകൊണ്ട് ഞാൻ നേരെ ഗ്രാമത്തിന്റെ അതിർത്തിയിൽ ഉള്ള കുന്നിൻ ചെരുവിലേക്കു നടന്നു..... 

നാട്ടിലെത്തുമ്പോൾ ഒക്കെ അവിടെ പോയി ഇരിക്കാറുണ്ട് .... കുട്ടിക്കാലത്തു ഒരുപാട് പട്ടം പറപ്പിച്ചു നടന്നിട്ടുള്ള സ്ഥലമാണത്.....  

ആ കുന്നിൻ ചെരുവിനെ തഴുകി കടന്നു പോവുന്ന കാറ്റിനു വല്ലാത്ത കുളിരാണ്.... മനസ്സിനെ തണുപ്പിക്കാൻ ഇതിൽ പറ്റിയ സ്ഥലം വേറെ ഇല്ല.... അവിടത്തെ മരച്ചുവട്ടിൽ പോയി കുറച്ചു നേരം ഇരുന്നാൽ മതി നമ്മൾ താനെ ഉറങ്ങി പോവും..... അത്രയ്ക്ക് സുഖമാണവിടെ ഇരിക്കാൻ..... 

മഞ്ഞു കാലത്ത് കോടമഞ്ഞു ആ കുന്നിനെ തഴുകി തലോടി കടന്നു പോവുന്ന കാഴ്ച്ച ഒന്നു കാണേണ്ടത് തന്നെയാണ്......... മഞ്ഞിൻ കണങ്ങൾ പുൽതകിടിയെ പുൽകി നിൽക്കുന്നത് ഭംഗിയുള്ള ഒരു കാഴ്ച തന്നെയാണ്..... 

നടന്നു നടന്നു ഞാൻ കുന്നിൻ ചെരുവിലെത്തി.... അവിടെങ്ങും ആരും തന്നെ ഇല്ല..... കാറ്റിന്റെ സംഗീതം ആസ്വദിച്ചു കൊണ്ടു  

ഞാൻ മെല്ലെ മെല്ലെ കുന്നിൻ മുകളിലേക്കു കയറി ഏറ്റവും മുകളിലെത്തി..... അവിടെ വെയിലിൽ തണൽ വിരിച്ചു നിൽക്കുന്ന പൂമരചുവട്ടിൽ പോയി  

മരത്തിലേക്ക് ചാരി ഇരുന്നു..... പതിയെ പതിയെ പഴയകാല ഓർമ്മകൾ എന്റെ മനസ്സിലേക്ക് ഓടിയെത്തി.... ഓർമ്മകൾക്ക് നിറമേകുന്ന സുന്ദരനിമിഷങ്ങൾ ഒരുപാട് ഉണ്ടായിട്ടുള്ള സ്ഥലം.... 

കുട്ടിക്കാലത്തു ഞാനും ദക്ഷയും ഇവിടെ ഒരുപാട് ഓടി കളിച്ചിട്ടുണ്ട്...... അന്നൊക്കെ എന്റെ വാലെ തൂങ്ങി നടന്നിരുന്ന കാന്താരി പെണ്ണായിരുന്നു അവൾ .... പിന്നീട് എപ്പോഴോ ഞങ്ങൾ പോലും അറിയാതെ ഞങ്ങൾക്കു ഇടയിൽ വഴക്കുകൾ മുളപൊട്ടി.... ആ വഴക്കുകൾ ഞങ്ങൾക്കൊപ്പം വളർന്നു പന്തലിച്ചു ഒടുവിൽ കണ്ടാൽ കീരിയും പാമ്പും പോലെ എന്ന അവസ്ഥയിൽ ആയി.....

പിന്നെ എല്ലാവരുടെയും മുന്നിൽ മാത്രമാണ് ഞങ്ങൾ അൽപ്പം എങ്കിലും മര്യാദക്ക് പെരുമാറുന്നത് ......

പക്ഷേ ചിലപ്പോൾ തോന്നും എല്ലാം ഒരു തമാശ മാത്രം ആയിരിക്കും ഞാൻ സ്നേഹിക്കുന്നത് പോലെ അവളും സ്നേഹിക്കുണ്ടാവും എന്നൊക്കെ.....

അങ്ങനെ പഴയ കാര്യങ്ങൾ ഓരോന്നും ഓർത്തിരുന്നു ഞാൻ മയങ്ങി പോയി.... 

 ആരോ എന്നെ വിളിക്കുന്നത് കേട്ടാണ് ഞാൻ പിന്നെ എഴുന്നേറ്റത്.... 

നോക്കിയപ്പോൾ മുന്നിൽ ദക്ഷ..... 

"ഹാ ഇവിടെ കിടന്നു പോത്തുപോലെ ഉറങ്ങാൻ ആണോ രുദ്രേട്ട ആരെയോ കാണാൻ ഉണ്ടെന്നും പറഞ്ഞു അവിടുന്ന് പോന്നത്...... 

"പിന്നെ നീയും നിന്റെ മറ്റവനും സംസാരിക്കുന്നതിനു ഇടക്ക് ഞാൻ എന്ത് കോപ്പിനാ നിൽക്കുന്നത്...... 

"അതിന് രുദ്രേട്ടൻ എന്തിനാണ് ഇത്രയും ചൂടാവുന്നത് എന്നവൾ ചെറിയ പുഞ്ചിരിയോടെ ചോദിച്ചു..... 

"ആര് ചൂടായി ഞാൻ ഉള്ള കാര്യം പറഞ്ഞെന്നെ ഒള്ളൂ..... 

"ഉവ്വ .... എന്റെ ഏട്ടാ എന്ത് രസമാണെന്നു അറിയാമോ ശ്രീയേട്ടനോട് സംസാരിച്ചാൽ സമയം പോവുന്നതേ അറിയില്ല...... 

"ആണോ എന്നിട്ട് തമ്പുരാട്ടി എന്തിനാ ഇങ്ങോട്ട് പോന്നത് ലവന്റെ സംസാരം കേട്ടങ്ങു നിൽക്കാൻ മേലായിരുന്നോ.... 

"അതുപിന്നെ ശ്രീയേട്ടന് എവിടെയോ അത്യാവശ്യം ആയിട്ട് പോവാൻ ഉണ്ടെന്നു പറഞ്ഞു പോയി.. അതുകൊണ്ട് ഞാൻ ചുമ്മാ ഇവിടം വരെ വന്നതാണ്..... 

"അവന്റെ അമ്മുമ്മയെ കെട്ടിക്കാൻ പോയതാവും എന്ന് പറഞ്ഞു ഞാൻ പിറുപിറുത്തു.... 

"എന്താ ഏട്ടാ പറഞ്ഞത്...... 

"ഒന്നും പറഞ്ഞില്ലേ..... നീ പോവാൻ നോക്ക്.. മനുഷ്യന്റെ സമാധാനം കളയാൻ ഓരോന്ന് കെട്ടിയെടുത്തു വന്നോളും.... 

"ഓ ഞാൻ പൊക്കോളാം.... ആരുടേയും സമാധാനം കളയാൻ ഞാൻ ഇല്ലേ..... 

"നിന്നു ചിലക്കാതെ പോടീ കോപ്പേ....... 

"ശ്ശെടാ ഇതെന്തു കൂത്തു വെറുതെ കിടന്നു എന്നോട് എന്തിനാ ദേഷ്യപ്പെടുന്നത്......... 

"ഹാ ഞാൻ ദേഷ്യപ്പെടും അതെന്റെ ഇഷ്ടം...... 

"എന്റമ്മോ ഈ കാട്ടുപോത്തിനു വട്ടായെന്നാണ് തോന്നുന്നത്.... 

"കാട്ടു പോത്തു നിന്റെ മറ്റവൻ....

"ദേ എന്റെ മറ്റവനെ പറഞ്ഞാൽ ഉണ്ടല്ലോ..... ഈ ഊളയോടൊക്കെ സംസാരിക്കാൻ വന്ന എന്നെ പറഞ്ഞാൽ മതി.... അതൊക്കെ ആ ശ്രീയേട്ടനെ കണ്ടു പഠിക്കണം അങ്ങേരുടെ സംസാരം എത്ര നേരം വേണമെങ്കിലും കേട്ടിരിക്കാൻ തോന്നും........ അയാളെയൊക്കെ ഏതു പെണ്ണും ഒന്ന്‌ പ്രേമിച്ചു പോവും..... 

അവളുടെ വായിൽ നിന്നു അത്‌ കൂടി കേട്ടപ്പോൾ എന്റെ സകല നിയന്ത്രണവും പോയി..... 

"നിന്റെ മറ്റവന്റെ പുരാണം നിന്നു പറയാതെ ഇവിടുന്നു പോവാൻ നോക്ക് നീ ..... ഞാൻ ഇങ്ങനെ ആണ്..... എനിക്കൊരുത്തനെയും കണ്ടു പഠിക്കേണ്ട കാര്യമില്ല..... 

"എന്താ അളിയാ രണ്ടും കൂടി വഴക്കണോ എന്നും ചോദിച്ചു അപ്പോഴേക്കും അജുവും എത്തി..... 

"ഓ ഒന്നുമില്ലെടാ ഉള്ള സമാധാനം കളയാനായിട്ട് ഓരോ കുരിശുകൾ വന്നോളും..... 

"കുരിശോ ആരാ അത്.... നീ എന്നെയാണോ ഉദ്ദേശിച്ചത്?? 

"നിന്നെ അല്ലെടാ കോപ്പേ ഇവിടെ ഒരുത്തി വടി പോലെ നിൽപ്പില്ലേ അവളെയാണ് പറഞ്ഞത് ..... 

"എന്താ എന്തുപറ്റി.... എന്താ ദക്ഷേ കാര്യം.... 

"നീ നിന്റെ കൂട്ടുകാരനോട് തന്നെ ചോദിക്ക് അങ്ങേർക്കു മുഴുത്ത ഭ്രാന്ത് അല്ലാതെന്തു എന്നും പറഞ്ഞവൾ കലിതുള്ളി നടന്നു പോയി 


"എന്താടാ പ്രശ്നം നീ ആകെ കലിപ്പിൽ ആണല്ലോ..... 

"ഹേയ് ഒന്നുമില്ലെടാ...... 

"പിന്നെ നിന്റെ മുഖം കണ്ടാൽ അറിയാം എന്തോ ഉണ്ടെന്ന് നീ കാര്യം പറ..... ദക്ഷയുമായിട്ട് എന്തിനാ നീ വഴക്കിട്ടത്..?? 


"ഒന്നുമില്ലെടാ അവൾ ഒരുത്തനുമായിട്ട് കളിച്ചു ചിരിച്ചു സംസാരിക്കുന്നത് കണ്ടു എനിക്ക് ദേഷ്യം വന്നു അത്രേ ഉള്ളൂ...... 

" ഒരുത്തനും ആയിട്ടോ.... അതേതവൻ..... 

"ഓ അവളുടെ കോളേജിൽ എങ്ങാണ്ട് പഠിക്കുന്ന ഒരുത്തൻ .... പേര് ശ്രീ എന്നോ മറ്റോ ആണ്... 

"ഓ ശ്രീകുമാറോ അതവളുടെ കൂട്ടുകാരൻ അല്ലേ.. കൂട്ടുകാർ ആവുമ്പോൾ സംസാരിച്ചെന്നൊക്കെ ഇരിക്കും അതിനെന്തിനാ ഈ ദേഷ്യം..... അവൻ ഇതിനു മുൻപും ഇവിടെ വന്നിട്ടുണ്ട്.... 

"ഡാ അതുപിന്നെ അവരുടെ ചിരിയും കളിയും കണ്ടിട്ട് തന്നെ എനിക്ക് സഹിച്ചില്ല അതിനിടക്ക് ഇവിടെ വന്നിട്ട് അവന്റെ സംസാരം കേൾക്കാൻ രസമാണ് അവനെ കണ്ടു പഠിക്ക് എന്നൊക്കെ അവനെ പൊക്കി പറഞ്ഞാൽ എനിക്ക് ദേഷ്യം വരാതെ ഇരിക്കുമോ .... അവൾ വിളിച്ചിട്ട് ആണത്രേ അവൻ ഉത്സവം കൂടാൻ വന്നത് പോലും..... 

"അളിയോ നീ പറയുന്നത് കേട്ടിട്ട് അവൾക്ക് അവനോട് പ്രേമം ആവാനും ചാൻസ് ഉണ്ട് . നിന്നോട് ഞാൻ പണ്ടേ പറഞ്ഞതാണ് അവളോട് എല്ലാം തുറന്നു പറയാൻ നീ കേട്ടില്ല എന്നിട്ടിപ്പോൾ കണ്ടോ മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോവും.... 

"നീ ചുമ്മാ എന്നെ ഭ്രാന്ത് പിടിപ്പിക്കാതെ ഞാൻ പറഞ്ഞ സാധനം നീ മേടിച്ചോ.. 

"ഓ മേടിച്ചു തറവാട്ടിലെ ചായ്പ്പിൽ വെച്ചിട്ടുണ്ട്.... 

"മ്മം ഇന്നെല്ലാവരും സന്ധ്യക്ക്‌ അമ്പലത്തിൽ പോവും രാത്രി താമസിച്ചേ അവർ വരൂ. അവിടെന്തൊക്കെയോ പൂജകൾ ചെയ്യാനുണ്ടത്രേ....

"ഹാ ഞാനും പോവുന്നുണ്ട് അളിയാ.... 

"അതെന്തു കോപ്പിലെ പണിയാ നീ അപ്പോൾ കുടിക്കുന്നില്ലേ..... 

"ഇന്നില്ല നമുക്ക് പിന്നെ കൂടാം.... 

" അമ്പലം അവിടെ തന്നെ കാണും നാളെ പോയാൽ പോരെ..... 

"ഇല്ല അളിയാ എനിക്കു അമ്പലത്തിൽ നിന്നും മുങ്ങാൻ പറ്റില്ല.. നമുക്ക് നാളെ തകർത്തേക്കാം പോരെ.... 

"ഹാ കോപ്പ് ശെരി എന്നാൽ ഞാൻ പോയേക്കുവാ.... 

"ഓക്കേ അളിയാ.... 

ഞാൻ നേരെ തറവാട്ടിലേക്ക് നടന്നു.. നല്ല ക്ഷീണം തറവാട്ട് കുളത്തിൽ ചെന്നൊരു കുളി പാസ്സാക്കിയാൽ ക്ഷീണം ഒക്കെ പമ്പ കടക്കും... ഞാൻ വേഗം നടന്നു തറവാട്ടിൽ എത്തി.. 

എത്തിയപാടെ തലയിൽ എണ്ണയും വെച്ച് തോർത്ത്‌ എടുത്തു കുളത്തിനടുത്തേക്കു നടന്നു.... 

അവിടെത്തി കുളത്തിന്റെ കൽപ്പടവുകൾ ഓരോന്നായി ഇറങ്ങി അവസാനത്തെ പടവിൽ നിന്നു ഡ്രസ്സ്‌ മാറ്റി തോർത്ത്‌ ഉടുത്തു കുളത്തിലേക്ക് ഒരു ചാട്ടം.... 

ഞാൻ ചെന്നു വീണത് വെള്ളത്തിൽ നിന്നും പൊങ്ങി വന്ന ദക്ഷയുടെ മുകളിലേക്കു ആയിരുന്നു.... 

അവളുമായി കുളത്തിൽ ഒന്നു മുങ്ങി പൊങ്ങി.... 

"ഇയാൾ എവിടെ നോക്കിട്ടാണ് ചാടുന്നത്.... തന്റെ കണ്ണിൽ കുരുവുണ്ടോ ഞാൻ കുളിക്കുന്നത് കണ്ടില്ലേ.... 

"ഇല്ല കണ്ടില്ല..... ഒരു പോത്തു കുളിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ ആരും വരല്ലേ എന്ന് കുളത്തിന്റെ മുൻപിൽ ഒരു ബോർഡ് എഴുതി വെച്ചൂടായിരുന്നോ ...... 

"പോത്തു നിങ്ങളുടെ മറ്റവൾ... ഓരോ ഊള കോമഡി ആയിട്ട് വന്നോളും

മനുഷ്യനെ മര്യാദക്ക് കുളിക്കാനും സമ്മതിക്കില്ല വായിനോക്കി.... എന്നും പറഞ്ഞു ദേഷ്യപ്പെട്ടവൾ കുളത്തിൽ നിന്നും കയറി.... പോവുന്ന പോക്കിൽ എന്റെ ഉടുപ്പു എടുത്തു കുളത്തിലേക്ക് ഇട്ടു.... 

"ഡി തെണ്ടി കാണിച്ചു തരാം നിനക്കിട്ട് ഞാൻ വെച്ചിട്ടുണ്ട്.... 

"ഓ കാണാം.... എന്നും പറഞ്ഞവൾ പോയി.... 

പണ്ടാരം അടങ്ങാൻ എന്റെ ഡ്രെസ്സെല്ലാം നനഞ്ഞു.... ഇനിയിപ്പോൾ നനഞ്ഞതും ഊരി പിഴിഞ്ഞ് ഇട്ടോണ്ട് പോവാം അല്ലാതെന്ത് ചെയ്യാൻ..... 

വെള്ളത്തിനു നല്ല തണുപ്പ്.. കുറച്ചു സമയം കുളത്തിൽ നീന്തി നടന്നിട്ടു 

 ഞാനും കുളിച്ചു കേറി.... 

ആ ക്ഷീണം ഒക്കെ അങ്ങ് മാറി കിട്ടിയ പോലെ തോന്നി.... ഇനി രണ്ടെണ്ണം അടിച്ചാൽ സംഗതി ഓക്കേ.... 

ഇപ്പോൾ എല്ലാവരും അമ്പലത്തിൽ പോയി കാണും ഞാൻ നേരെ ചായിപ്പിലേക്കു നടന്നു..... 

ചായിപ്പിന്റെ അടുത്തെത്തിയതും വാതിൽ തുറന്നു കിടക്കുന്നത് കണ്ടു.... 

ശ്ശെടാ ഇതാരാ ഈ സമയത്ത് ഇതിനകത്തു.... 

എന്തായാലും കേറി നോക്കാം എന്നു വിചാരിച്ചു ഞാൻ മെല്ലെ അകത്തേക്ക് കയറി.... 

അവിടെങ്ങും ആരെയും കണ്ടില്ല.... 

ഞാൻ ചുറ്റും ഒന്നൂടി നോക്കി അപ്പോഴാണ് മേശക്കു അടിയിൽ കള്ള് കുപ്പിയും ഗ്ലാസും കണ്ടത്.... 

ഞാൻ നേരെ പോയി അതെടുത്തു നോക്കിയപ്പോൾ അതിൽ നിന്നും ആരോ എടുത്തു കുടിച്ചിട്ടുണ്ടെന്നു മനസ്സിലായി.... 

അജു ആയിരിക്കും കുടിച്ചത്.... തെണ്ടി ഇവനൊക്കെ കുടിച്ചിട്ട് അമ്പലത്തിൽ കേറാറൊക്കെ ആയോ .... 

എന്തേലും ആവട്ടെ ഒരെണ്ണം അടിച്ചേക്കാം എന്നു വിചാരിച്ചു ഗ്ലാസ്സിലേക്കു കള്ള് ഒഴിച്ചു..... 

പെട്ടെന്ന് " മോനെ രുദ്രാ എന്നൊരു വിളി കേട്ടു ഞെട്ടി തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് ദക്ഷയെയാണ്...... 

ഈശ്വരാ പണി പാളി എന്റെ കാര്യത്തിൽ ഒരു തീരുമാനമായി ഇത് ഇവൾ ഈ ലോകം മുഴുവൻ അറിയിക്കും.... 

"മോനെ രുദ്രാ എന്താ ഇവിടെ പരുപാടി എന്നു ചോദിച്ചവൾ എന്റെ അടുക്കലേക്കു വന്നു.... 

അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് അവളുടെ നടപ്പ് അത്ര ശെരിയല്ലല്ലോ.... ഒരുമാതിരി ആടി കുഴഞ്ഞുള്ള നടപ്പ്.... ഇവൾക്കിത് എന്ത് പറ്റി..... 

ഈശ്വരാ അപ്പോൾ ഇവളാണോ കള്ളെടുത്തു കുടിച്ചത്..... 

"ഡാ കള്ളത്തെമ്മാടി കള്ള് കുടിയാണല്ലേ..... 

അജു പമ്മി പമ്മി ഇങ്ങോട്ട് കേറുന്നത് കണ്ടപ്പോളേ എന്തോ കള്ളത്തരം ഉണ്ടെന്നു എനിക്കു തോന്നിയിരുന്നു ..... 


"ഓ അപ്പോൾ നീ ആണല്ലേ ഇതെടുത്തു കുടിച്ചത്.... 

"അതെ എന്തേയ് നിങ്ങൾ ആണുങ്ങൾക്ക് മാത്രമേ കുടിക്കാൻ പാടുള്ളൂ എന്ന് നിയമം വല്ലതും ഉണ്ടോ....? 

"അമ്മാവൻ ഇങ്ങോട്ട് വരട്ടെ നിയമം ഉണ്ടോന്നു അപ്പോൾ അറിയാം.... 

"ഓ അച്ഛൻ വരട്ടെ അതിന് എനിക്കെന്താ..... കുടിച്ചിട്ട് നല്ല രസമുണ്ട് എനിക്കു ഇനിയും വേണം താ രുദ്രേട്ടാ എന്നു പറഞ്ഞവൾ കുപ്പിക്ക് അരികിലേക്ക് വന്നു.... 

"ഒന്നു പോയേടി അവൾക്ക് കാലേൽ നിൽക്കാൻ മേല എന്നിട്ടാണ് ഇനിയും വേണമെന്ന് പറയുന്നത്..... 

"മര്യാദക്ക് തരുന്നുണ്ടോ അതോ ഞാൻ ഇവിടെ കിടന്നു വിളിച്ചു കൂവി എല്ലാവരെയും അറിയിക്കണോ.... 

"നീ വിളിച്ചു കൂവടി എല്ലാവരും കാണട്ടെ നിന്റെ കോലം.....

  "പ്ലീസ് ഇത്തിരി എങ്കിലും താ ഏട്ടാ......

"മോളെ ഇത് നിനക്ക് കുടിക്കാൻ അല്ല ഞാൻ വാങ്ങിയതെന്നും പറഞ്ഞു ഞാനാ കുപ്പിയിൽ ബാക്കി ഇരുന്നത് മുഴുവൻ കുടിച്ചു തീർത്തു.....

"എനിക്ക് തരാതെ കുടിച്ചല്ലേടാ ദുഷ്ടാ..... അയ്യോ എനിക്കിപ്പോൾ കള്ള് വേണേ എന്നും പറഞ്ഞവൾ ഒച്ച വെച്ചു..... 

"

ഈശ്വരാ ഈ പിശാച് എല്ലാം കുളമാക്കും ആരേലും കേട്ടുകൊണ്ട് ഇങ്ങോട്ട് വന്നാൽ പിന്നെ എന്റെ കാര്യം പോക്കാ.... 

എത്രയും പെട്ടെന്ന് ഇവളെ കൊണ്ടുപോയി റൂമിൽ കിടത്തണം.... 

വേറെ വഴിയൊന്നും ഇല്ല ഞാൻ വേഗം അവളെ കൈയിൽ കോരി എടുത്തു...... 

"വിടെടാ എന്നും പറഞ്ഞു അവളെന്റെ നെഞ്ചിലൊക്കെ മാന്തി പറിച്ചു.... 

പണ്ടാരക്കാലി ഇവൾ നഖമൊന്നും വെട്ടാറില്ലേ നെഞ്ചിലെ തൊലി എല്ലാം പോയെന്നു തോന്നി..... വലിച്ചൊരു ഏറു കൊടുത്താലൊന്നു വിചാരിച്ചതാ പിന്നെ എല്ലാം സഹിച്ചു അവളെ റൂമിൽ കൊണ്ടു പോയി കിടത്തി...... പോവാൻ തുടങ്ങിയതും അവളെന്റെ കൈയിൽ മുറുകെ പിടിച്ചു.. 

"ഏട്ടാ ഇവിടെ ഇരിക്ക് എനിക്കൊരു കഥ പറഞ്ഞു താ.... 

"കഥ കോപ്പ്.... കഥയല്ല കാല് മടക്കി ഒരെണ്ണം തരാൻ ആണ് തോന്നുന്നത്.... 

പറഞ്ഞു തീർന്നതും മോനെ എന്ന അമ്മയുടെ വിളി കേട്ടു ഞാൻ ഞെട്ടി.... ഈശ്വര ഇവളെ ഈ കോലത്തിൽ അമ്മ എങ്ങാനും കണ്ടാൽ പിന്നത്തെ കാര്യം തീർന്നു.... കള്ള് അടിച്ച കെട്ടും കൂടി പോയി ഞാൻ വേഗം അവിടുന്നു ഓടി മുറ്റത്തു എത്തി. 

"എന്താ അമ്മേ...... 

"ഡാ അവൾ ഇവിടുണ്ടോ....? 

"ആര് ദക്ഷയോ.... 

"മ്മം അതെ.... 

"ഇല്ല ഞാൻ കണ്ടില്ല അമ്മേ.... 

"എന്താടാ നിന്റെ മുഖത്തൊരു പരിഭ്രമം.... 

"ഒന്നുല്ല അമ്മേ.... 

"അപ്പച്ചി രുദ്രേട്ടൻ കുടിച്ചിട്ട് നിൽക്കുവാണ് എന്നൊരു ശബ്ദം പിന്നിൽ നിന്നും കേട്ടു ...... 

ഞാൻ നോക്കുമ്പോൾ പിന്നിൽ ദക്ഷ..... 

അടിച്ചു ഫിറ്റായി നേരെ ചൊവ്വേ നടക്കാൻ പോലും പറ്റാതെ കിടന്ന ഇവൾ എങ്ങനെ എഴുന്നേറ്റു നടന്നു.... ഞാൻ അത്ഭുതത്തോടെ അവളെ നോക്കി. അവൾ ഒരു കൂസലും ഇല്ലാതെ നിൽക്കുന്നു....  

"നീ കുടിച്ചോടാ.....? 

"ഇല്ലമ്മേ ഞാനല്ല അവളാണ് കുടിച്ചത് സംശയം ഉണ്ടെങ്കിൽ അമ്മ അവളെ അടുത്ത് വിളിച്ചു സംസാരിച്ചു നോക്ക്.... 

"എന്റെ പൊന്നോ ഞാൻ കുടിച്ചെന്നോ എന്തൊരു കല്ലു വെച്ച നുണയാ രുദ്രേട്ടാ ഈ പറയുന്നത്....  

അപ്പച്ചി നോക്ക് ഞാൻ കുടിച്ചോന്നു എന്നും പറഞ്ഞവൾ അമ്മയുടെ അടുത്ത് ചെന്ന് ഊതി..... 

അവളുടെ വായിൽ നിന്നും വരുന്ന കള്ളിന്റെ മണം അടിച്ചു അമ്മ ബോധം കെടുമെന്നാണ് ഞാൻ വിചാരിച്ചതു പക്ഷേ അമ്മക്ക് ഒരു കൂസലും ഉണ്ടായില്ല.....

"എന്താടാ വായും പൊളിച്ചു നിൽക്കുന്നത് നീ ഇങ്ങു അടുത്തേക്ക് വന്നേ..... 

അമ്മ പറഞ്ഞത് കേട്ടു ഞാൻ മെല്ലെ അമ്മയുടെ അരികിലേക്ക് ചെന്നു........ 

"ഏട്ടനോട് ഒന്ന് ഊതാൻ പറ അപ്പച്ചി..... അപ്പോൾ അറിയാല്ലോ ആരാണ് കുടിച്ചതെന്നു പറഞ്ഞു അവളെന്നെ നോക്കി ചിരിച്ചു.....  

ഞാനവളെ കലിപ്പിച്ചൊന്നു നോക്കി. 


"ഡാ വായിനോക്കി നിൽക്കാതെ ഊതെടാ...... 

"എന്റെ അമ്മേ അമ്മക്ക് വേറെ പണിയൊന്നും ഇല്ലേ അവൾക്കു വട്ടാണ് ഞാൻ കുടിച്ചിട്ടൊന്നും ഇല്ല..... 

"എന്നാൽ പിന്നെ നിനക്ക് ഊതിയാൽ എന്താ ഊതിക്കെ.... 

"ഒന്ന് പോ അമ്മേ തമാശ പറയാതെ എന്നും പറഞ്ഞു പയ്യെ ഞാൻ അവിടുന്നു സ്ഥലം വിടാൻ ഒരുങ്ങി.... 

"നീ ഇതെങ്ങോട്ടാ മുങ്ങുന്നത് മര്യാദക്ക് ഊതിയിട്ടു പോയാൽ മതി എന്നും പറഞ്ഞമ്മ എന്നെ പിടിച്ചു നിർത്തി. നിവർത്തി ഇല്ലാതെ ഞാൻ ഊതി.... 

"ഹോ എന്തൊരു നാറ്റം രുദ്രാ നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ട് ഉണ്ട് കുടിക്കരുതെന്നു ..... നമ്മളിവിടെ നല്ലൊരു കാര്യത്തിന് വന്നതാ എന്നിട്ട് നീ ഇവിടെ കുടിച്ചു കൂത്താടി നടക്കുവാണോ.... 

"അമ്മേ അതുപിന്നെ അറിയാതെ പറ്റി പോയി ഇനി ആവർത്തിക്കില്ല ഉറപ്പ്.... 

"അറിയാതെ ഒന്നുമല്ല അപ്പച്ചി ഏട്ടൻ ഇവിടെ വരുമ്പോൾ എല്ലാം ഇങ്ങനെ തന്നെയാണ്..... 

"പോടീ പുല്ലേ കള്ളം പറയാതെ..... ഞാൻ ഇവിടെ വന്നിട്ട് ആദ്യമായിട്ടാണ് കുടിക്കുന്നത് ഇനി കുടിക്കില്ല...... 

"വെറുതെ പറയുവാ അപ്പച്ചി ഏട്ടൻ കുടിക്കും.... അതുകൊണ്ട് കുടിക്കില്ലാന്നു സത്യം ചെയ്യിക്കണം.... 

"ചെയ്യാല്ലോ ഇവളാണേൽ സത്യം.. ഇനി ഞാൻ കുടിക്കില്ല അമ്മേ എന്നും പറഞ്ഞു അവളുടെ തലയിൽ തൊട്ട് ഞാൻ സത്യം ചെയ്തു.

"

അപ്പച്ചി ഇതു കള്ളസത്യം ആണ്.... 

"അല്ല അമ്മേ ഇനി ഞാൻ കുടിക്കില്ല കുടിച്ചാൽ ഇവളുടെ തല പൊട്ടിതെറിച്ചു പൊക്കോട്ടെ.... 

"ദുഷ്ടാ.... എന്റെ തല.. എന്നും പറഞ്ഞവൾ തലയിൽ കൈവെച്ചു. അതുകണ്ടു അമ്മയ്ക്കും ചിരി വന്നു. 

"മ്മ്മം ഇനി കുടിക്കരുതെന്നും പറഞ്ഞു അമ്മ പോയി..... 

"മോനെ രുദ്രാ എങ്ങനെ ഉണ്ടായിരുന്നു എന്റെ അഭിനയം.... 

"ഡി പുല്ലേ അപ്പോൾ നീ കുടിച്ചിട്ട് ഇല്ലായിരുന്നല്ലേ.... 

"ഹിഹിഹി ഇല്ല ഫുൾ ആക്ടിങ് ആയിരുന്നെടാ പൊട്ടാ.... ഏട്ടനെ വിശ്വസിപ്പിക്കാൻ വേണ്ടിയിട്ടാണ് കുപ്പിയിൽ നിന്നും കള്ള് കുറച്ചു ഒഴിച്ച് കളഞ്ഞു.. 

"തെണ്ടി നീ എന്റെ നെഞ്ച് മാന്തി പൊളിച്ചതൊക്കെ മനപ്പൂർവം ആയിരുന്നല്ലേ....... 

"അതെ ഇനിയും വേണമെങ്കിൽ ചെയ്യും എന്നു പറഞ്ഞവളെന്നെ കൊഞ്ഞനം കുത്തി കാണിച്ചു. 

"നിന്നെ ഇന്ന് ഞാൻ ശെരിയാക്കുമെടി പുല്ലേ എന്നു പറഞ്ഞു ഞാൻ അവളുടെ അടുത്തേക്ക് ചെന്നതും അവളോടി.... പിന്നാലെ ഞാനും...... തറവാടിന്റെ ഇടനാഴികളിൽ അവളുടെ കൊലുസിന്റെ താളം നിറഞ്ഞു നിന്നു .... 

ഒടുവിൽ ഓടി തളർന്നു അവളും ഞാനും ഇരുന്നു.... 

 അപ്പോഴേക്കും അമ്മയൊക്കെ ഭക്ഷണം കഴിക്കാൻ തിരിച്ചു വന്നു . 

ഭക്ഷണം കഴിച്ചു അവരെല്ലാം തിരികെ അമ്പലത്തിലേക്ക് പോവാൻ ഇറങ്ങിയതും അന്തരീക്ഷം ആകെ മാറി മറിഞ്ഞു...... നക്ഷത്രങ്ങളെ കാർമേഘങ്ങൾ വന്നു മൂടി.....  

ശക്തമായ കാറ്റടിച്ചു തുടങ്ങി...... അഗ്നി ജ്വലിക്കുന്ന മിന്നൽ പിണരുകൾ ഭൂമിയിലേക്ക് പതിച്ചു...... ഇടിയുടെ ശബ്ദത്തിൽ ഭൂമിയാകെ വിറ കൊണ്ടു...... പൊടുന്നനെ കല്ലുകൾ ചിതറി വീഴും പോലെ മഴത്തുള്ളികൾ ഭൂമിയിലേക്ക് പതിച്ചു...... പേമാരി എന്നു തന്നെ പറയാം..... 

പെട്ടെന്ന് ഇങ്ങനെ ഉണ്ടായത് കണ്ട് എല്ലാവരും ഭയത്തിന്റെ മുൾമുനയിൽ ആയി.... അതിനിടയിൽ ഞാനിരുന്ന മുറിയുടെ ജന്നൽ പാളി കാറ്റിൽ തുറന്നു ശക്തമായി അടിച്ചു കൊണ്ടിരുന്നു.... ഞാൻ അത് അടച്ചിടാൻ ചെന്നപ്പോൾ ആണ് പുറത്തു മഴയത്തു ഒരു രൂപം നിൽക്കുന്നത് കണ്ടത്.... ഇതാരാണ് ഈ മഴയത്തു നിൽക്കുന്നത്.... ഇരുൾ മൂടി കിടക്കുന്നതു കൊണ്ടു മുഖം വ്യക്തമായി കാണാനും സാധിക്കുന്നില്ല .... പെട്ടെന്ന് വന്നൊരു മിന്നൽ വെളിച്ചത്തിൽ ആ മുഖം കണ്ടു ഞാൻ ഞെട്ടി തരിച്ചു നിന്നു പോയി......

തുടരും... 

Comments

Popular posts from this blog

ചെമ്പട്ട് | ഭാഗം : 1 | ശിവ

മയിൽപ്പീലിക്കാവ് | ഭാഗം : 1 | ശിവ

മയിൽപ്പീലിക്കാവ് | ഭാഗം : 2 | ശിവ