മയിൽപ്പീലിക്കാവ് | ഭാഗം : 3 | ശിവ

"എന്താ മോനെ ഈ സമയത്തു ഇവിടെ നിൽക്കുന്നത്..... 

"ഹാ അമ്മാവനായിരുന്നോ..... 

""എന്താടാ നീ പേടിച്ചു പോയോ...... 

"ഹേയ് ഇല്ല....... 

"നീ എന്തിനാ ഈ സമയത്ത് കാവിൽ വന്നത്....? സന്ധ്യ കഴിഞ്ഞാൽ ഇങ്ങോട്ടേക്കു ഒന്നും വരരുതെന്ന് പണ്ടേ പറഞ്ഞിട്ടില്ലേ...... 

"അത് അമ്മാവാ ഞാൻ വെറുതെ വന്നതാ..... 

"മ്മം ശെരി ശെരി... എന്തായാലും നീ വാ ഇനി ഇവിടെ നിൽക്കണ്ട നമുക്ക് വീട്ടിലേക്കു പോവാം....

"മ്മം ശെരി അമ്മാവാ.... 

ഞങ്ങൾ അവിടുന്ന് നേരെ വീട്ടിലേക്കു നടന്നു.... 

വീട്ടിലെത്തിയപ്പോൾ അമ്മയുടെ അടുത്ത് എന്തോ പറഞ്ഞു കൊണ്ടു ദക്ഷ നിൽക്കുന്നു..... 

അടുത്തു ചെന്നപ്പോളാണ് ഞങ്ങൾ വരുന്ന കാര്യം അവളോട്‌ നേരത്തെ പറയാത്തതിന്റെ പരിഭവം പറച്ചിൽ ആണെന്ന് മനസ്സിലായത്..... 

'ചുമ്മാതല്ല അവളെന്നെ കണ്ടിട്ട് ജാഡ ഇട്ടു മിണ്ടാതെ പോയത്......

"ഡി ഗുണ്ടു മുളകേ...... 

"അപ്പച്ചി ... ഈ രുദ്രേട്ടൻ എന്നെ കളിയാക്കുന്നത് കണ്ടോ..... 

"ഡാ വന്നു കേറിയില്ല അതിനിപ്പുറം തുടങ്ങിയോ വഴക്ക്....? നിങ്ങൾ ഇപ്പോൾ കൊച്ചു കുട്ടികൾ അല്ലെന്നുള്ള ഓർമ്മ വേണം എന്നും പറഞ്ഞു അമ്മ അടുക്കളയിലേക്കു നടന്നു.... 

"ഞാൻ വെറുതെ തമാശക്ക് വിളിച്ചതാ അമ്മേ.... 

അതു പറഞ്ഞു തീർന്നതും എന്റെ നെഞ്ചത്ത് ഗ്ലാസ്‌ കൊണ്ടുള്ള ഏറു വീണു...... 

"എന്റെ അമ്മേ എന്റെ നെഞ്ച് "എന്നും പറഞ്ഞു നെഞ്ചും തിരുമ്മി ഞാൻ നോക്കുമ്പോൾ കാണുന്നത് എന്നെ കൊഞ്ഞനം കുത്തി കാണിച്ചു കൊണ്ടു ഓടുന്ന ദക്ഷയെയാണ്.......

"ഡി കുരിപ്പേ നിനക്കിട്ടു ഞാൻ വെച്ചിട്ടുണ്ടെടി......  

"നീ പോടാ ചെറുക്കാ എന്നും പറഞ്ഞു അവൾ അടുക്കളയിലേക്ക് പോയി...... 

 =======================

രാത്രി ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു അകത്തളത്തിൽ ഞങ്ങൾ എല്ലാവരും ചുറ്റും കൂടിയിരുന്നു വിശേഷങ്ങൾ ഒക്കെ പറഞ്ഞു തുടങ്ങി..... 

അതിനിടയിൽ ഞാൻ ദക്ഷയെ നോക്കി..... 

അവൾ ഇടക്ക് കയറി ചീവീടിനെ പോലെ എന്തൊക്കെയോ ചിലച്ചു കൊണ്ടിരിക്കുകയാണ്.....   

ഞാൻ അവളെ തന്നെ നോക്കിയിരുന്നു.... സംസാരത്തിനു ഇടയിൽ മുഖത്തു വീഴുന്ന മുടി ഇഴകളെ വിരലുകളാൽ മാടി ഒതുക്കുമ്പോൾ അവളുടെ കാതുകളിൽ കിടക്കുന്ന കമ്മലുകൾ ഇളകിയാടി നൃത്തം വെയ്ക്കുന്നു.... 

കരിമഷി എഴുതിയ അവളുടെ കുസൃതിയുടെയും കുറുമ്പിന്റെയും നൂറായിരം ഭാവങ്ങൾ ആ മുഖത്തു മിന്നി മറയുന്നു.....കരിമഷി എഴുതിയ കണ്ണുകൾക്ക് തന്നെ പറയാൻ ഉണ്ടാവും നൂറായിരം കഥകൾ.... അവളുടെ വട്ട മുഖത്തിനു ഏഴഴകേകി ചുണ്ടിന് മുകളിൽ തന്നെ ഒരു കുഞ്ഞു മറുക്..... 

അവൾ അറിയാതെ അവളെ തന്നെ ഇങ്ങനെ നോക്കി ഇരിക്കുമ്പോൾ എന്റെ ഉള്ളിൽ എവിടെയൊക്കെയോ പ്രണയത്തിന്റെ തിരകൾ അലയടിക്കുന്നു..... 

ഞാൻ സ്വയം മറന്നു അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു..... 


എന്റെ നോട്ടം അവൾ കണ്ടു.... അവളെന്നെ തറപ്പിച്ചൊന്നു നോക്കി..... 

ഒന്ന്‌ ചമ്മിയെങ്കിലും ഞാൻ പെട്ടെന്ന് തല വെട്ടിച്ചു.... എന്നിട്ട് പതിയെ ഇടക്കിടെ ഏറു കണ്ണിട്ടു അവളെ നോക്കി....  

 അത്‌ കണ്ടിട്ട് അവൾ 

എന്റെ അമ്മയുടെ ചെവിയിൽ എന്തോ പറഞ്ഞു അതു കേട്ടു അമ്മയും എന്നെ നോക്കി.... എന്നിട്ട് രണ്ടുപേരും കൂടി എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു....

ഞാൻ ആകെ ചമ്മി നാശമായി.. 

ഇനി ഇവിടെ നിന്നാൽ ശെരിയാവില്ല എന്നത് കൊണ്ടു തന്നെ ഞാൻ മെല്ലെ അവിടുന്ന് തടി തപ്പി.... നേരെ റൂമിലെത്തി.  

ജന്നൽ എല്ലാം തുറന്നു കിടന്നിരുന്നു.... അതിലൂടെ നല്ല തണുത്ത കാറ്റു അകത്തേക്ക് കയറുന്നുണ്ട് ..... കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി ഉറക്കം വരുന്നില്ല.... 

ഒരു സിഗരറ്റ് വലിച്ചാൽ കൊള്ളാമെന്നുണ്ട്.... പക്ഷേ സിഗരറ്റ് ഒന്നും കൈയിൽ ഇല്ല..... അമ്മാവൻ എങ്ങാനും കണ്ടാലോ എന്നു പേടിച്ചു തറവാട്ടിൽ വന്നാൽ പിന്നെ സിഗരറ്റ് വലി ഇല്ല....  

സിഗരറ്റ് വലിക്കാഞ്ഞിട്ടാണെങ്കിൽ എന്തോ ഒരു പിരുപിരുപ്പ് പോലെ........ 

പണ്ടത്തെ പോലെ പേപ്പർ ചുരുട്ടി എങ്കിലും ഒന്നു വലിച്ചു നോക്കിയാലോ എന്നോർത്ത് ചുറ്റും നോക്കിയപ്പോൾ ആണ് ജന്നലിന്റെ അരുകിൽ നിന്നും ചെറുതായി പുക വരുന്നത് കണ്ടത്...... 

എന്താണ് സംഭവം എന്നറിയാൻ ജന്നലിന്റെ അരികിലേക്ക് അടുക്കും തോറും പുക കൂടി കൂടി വന്നു......  

ഇതെന്താണ് ഇത്രയും പുക ഇനി ആരെങ്കിലും തീ കത്തിക്കുന്നുണ്ടോ എന്നറിയാൻ ഞാൻ ജന്നലിൽ കൂടി നോക്കുമ്പോൾ മുറ്റത്തു പുക ചുരുളുകൾക്ക് ഇടയിൽ ഒരു പെൺകുട്ടി നിൽക്കുന്നു.....

ഇതാരാണെടാ ഈ സമയത്ത് വെളിയിൽ നിൽക്കുന്നത്.... അവളുടെ മുഖം ആണെങ്കിൽ വ്യക്തമായി കാണാനും സാധിക്കുന്നില്ല..... 

 മെല്ലെ കതകു തുറന്നു പുറത്തേക്കു ഇറങ്ങി ഞാൻ അവളുടെ അടുത്തേക്ക് നടന്നു....

അടുത്തേക്ക് ചെല്ലും തോറും പുക ചുരുളുകൾക്കു ഇടയിൽ നിന്നും ആ മുഖം തെളിഞ്ഞു തെളിഞ്ഞു വന്നു..... 

 ചുണ്ടിൽ വശ്യമായൊരു പുഞ്ചിരിയുമായി കരിമഷി കണ്ണുള്ളൊരു സുന്ദരി പെണ്ണ്..... നല്ല വട്ടമുഖം ആണവൾക്ക്..... 

കണ്ടിട്ട് ഒരു തമ്പുരാട്ടി കുട്ടിയെ പോലുണ്ട്..... 

 അന്ന് ഞാൻ ടെറസ്സിൽ വെച്ച് കണ്ട പെൺകുട്ടിയെ പോലെയുണ്ട്.. അപ്പോൾ അതെന്റെ തോന്നൽ അല്ലായിരുന്നോ..?? 

എന്നാലും ഇവൾ എങ്ങനെ ഇവിടെത്തി.... ആരായിരിക്കും ഇവൾ ഒന്നും മനസ്സിൽ ആവുന്നില്ല 

എന്തായാലും അവളോട് നേരിട്ട് തന്നെ ചോദിക്കാമെന്ന് കരുതി അടുത്തേക്ക് ചെന്നു.... 

"ഹേയ് കുട്ടിയേതാ.... എന്താ ഈ സമയത്തു ഇവിടെ നിൽക്കുന്നത്....... ഇതിനു മുൻപ് തന്നെ ഞാൻ ഇവിടെങ്ങും കണ്ടിട്ടില്ലാലോ.... "

 എന്റെ ചോദ്യത്തിന് മറുപടിയായി ചെറു പുഞ്ചിരി സമ്മാനിച്ചു കൊണ്ടവൾ തറവാടിന് വെളിയിലേക്ക് നടന്നു..... 

"ഹേയ് ഒന്നു നിൽക്കടോ ഇതെങ്ങോട്ടാ ഈ പോവുന്നത്..... നീ ആരാണെന്നു എങ്കിലും പറഞ്ഞിട്ട് പോ....?? 

എന്റെ ചോദ്യം കേട്ട ഭാവം പോലും കാണിക്കാതെ അവൾ നടന്നു.... 

അതുകണ്ടു എനിക്ക് ദേഷ്യം വന്നു ഇവളെ ഇങ്ങനെ വിട്ടാൽ ശെരിയാവില്ല ആരാണെന്നു അറിഞ്ഞിട്ട് തന്നെ കാര്യം എന്നും പറഞ്ഞു 

ഞാനും അവളുടെ പിന്നാലെ പോയി.... 

ഇരുൾ വീണ വഴിയിൽ കൂടി അവളുടെ പിന്നാലെ നടക്കുമ്പോൾ എന്തോ കണ്ടു പേടിച്ചു ഭയന്നത് പോലെ പട്ടികളുടെ ഓരിയിടൽ കേൾക്കുണ്ടായിരുന്നു.... ഉള്ളിൽ ചെറിയൊരു ഭയം തോന്നി എങ്കിലും പിന്മാറാൻ ഞാൻ തയ്യാറായില്ല... 

ഒടുവിൽ നടന്നു നടന്നു ഞങ്ങൾ രണ്ടും കാവിനു മുന്നിലെത്തി..... 

അവളെന്നെ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചിട്ടു കാവിനകത്തേക്കു കയറി...... ശ്ശെടാ ഈ സമയത്ത് കാവിൽ കയറാൻ ഇവൾക്ക് ഒരു പേടിയും ഇല്ലേ.... 

എന്നാലും ഇവളെന്തിനാവും കാവിൽ കയറിയത്.... എന്തായാലും പോയി നോക്കാം എന്നു കരുതി പിന്നാലെ ഞാനും കാവിൽ കയറി......

ഞാൻ നോക്കുമ്പോൾ അവൾ പാലമര ചുവട്ടിലേക്ക് നടന്നു പോകുന്നു.. 

ഞാനും അവളുടെ പിന്നാലെ പോയി.. 

ഞങ്ങൾ പാലമരത്തിന്റെ ചുവട്ടിൽ എത്തിയതും പാലപ്പൂവിന്റെ സുഗന്ധം എന്നെ ഉന്മാദത്തിലാക്കി..... 

പെട്ടെന്ന് അവൾ തിരിഞ്ഞു എന്നെ തന്നെ നോക്കി നിന്നു. ആ നോട്ടത്തിൽ നിന്നും കണ്ണെടുക്കാൻ ആവാതെ ഏതോ മായിക ലോകത്തെന്ന പോലെ ഞാൻ നിന്നു....  

അവൾ പതിയെ പതിയെ എന്റെ അരികിലേക്ക് നടന്നെത്തി..... 

ഓരോ കാൽവെപ്പിലും അവളുടെ കാലിലെ പാദസ്വര കിലുക്കം അവിടമാകെ മുഴങ്ങി നിന്നു..... മുട്ടോളം നീണ്ടു കിടക്കുന്ന അവളുടെ മുടിയിഴകൾ കാറ്റിൽ പാറി പറക്കുന്നു.... എന്റെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു.... ഇവളിനി വല്ല യക്ഷിയും ആയിരിക്കുമോ.... പക്ഷേ ഇത്രയും സുന്ദരി ആയ യക്ഷിയൊക്കെ ഉണ്ടായിരിക്കുമോ ..... ഉള്ളിലെ ഭയത്തിനും അപ്പുറം മറ്റേതോ ലോകത്തെന്ന പോലെ ഞാൻ അവിടെ തന്നെ നിന്നു പോയി .... 

അവളെന്റെ അടുത്തെത്തി.... ആ കണ്ണുകളിലേക്കു ഞാൻ സൂക്ഷിച്ചു നോക്കി.... അവളുടെ കണ്ണുകൾക്ക് വല്ലാത്തൊരു തീക്ഷ്ണത.... ആ കണ്ണുകളിൽ പ്രണയവും പ്രതികാരവും അലയടിക്കുന്നത് പോലെ തോന്നി..... 

ഏതോ മായാലോകത്തു എന്നപോലെ 

ഒന്നും മനസ്സിലാവാതെ ഞാൻ നിൽക്കവേ.... അവൾ മെല്ലെ തന്റെ വലതു കൈ ഉയർത്തി വിരലുകളാൽ എന്റെ മുടിയിൽ മെല്ലെ തഴുകി അതോടെ ഞാൻ ബോധം കെട്ട് നിലത്തേക്ക് വീണു....

പിറ്റേന്ന് നേരം പുലർന്നു സൂര്യരശ്മികൾ എന്റെ മുഖത്തേക്ക് അടിച്ചപ്പോൾ ആണ് ഞാൻ കണ്ണു തുറക്കുന്നത് .... പെട്ടെന്ന് എഴുന്നേറ്റു ഞാൻ ചുറ്റുപാടും നോക്കി....

അപ്പോഴാണ് ഞാൻ കിടക്കുന്നത് കാവിൽ ആണെന്ന് മനസ്സിൽ ആയത്... ഞാനപ്പോൾ ഇന്നലെ കിടന്നുറങ്ങിയത് കാവിൽ ആയിരുന്നോ..... എന്റെ ദേഹത്തു ഒക്കെ പാലപ്പൂക്കൾ വീണു കിടന്നിരുന്നു .... എന്നാലും 

തറവാട്ടിൽ കിടന്ന ഞാൻ എങ്ങനെ ഇവിടെത്തി..... 

 എത്ര ആലോചിച്ചിട്ടും എനിക്കൊരു എത്തും പിടിയും കിട്ടിയില്ല..... രാത്രി തറവാട്ടിൽ വെച്ച് ഒരു പെണ്ണിനെ കണ്ടത് മാത്രം ഓർമ്മയിൽ ഉണ്ട്..... പിന്നൊന്നും ഓർക്കാൻ കഴിയുന്നില്ല..... 

ആരായിരിക്കും ആ പെണ്ണ് ..... അവൾ പിന്നെ എങ്ങോട്ട് പോയി...... എന്തുകൊണ്ടാണ് എനിക്ക് ഒന്നും ഓർമ്മ വരാത്തത്...... 

ഒന്നും മനസ്സിലാവുന്നില്ല..... 

എന്തായാലും ഇനി ഇവിടിരുന്നാൽ എന്നെ കാണാതെ തിരക്കി നടന്നു എല്ലാവരും ഇവിടെത്തും. പിന്നെ അവരോടൊക്കെ നടന്ന കാര്യം പറയേണ്ടി വരും... അത് പറഞ്ഞാൽ ആരും വിശ്വസിച്ചെന്നു വരില്ല. പിന്നെ പൂജയും മന്ത്രവും വേണമെന്നൊക്കെ പറഞ്ഞു സമാധാനം തരില്ല.. അതുകൊണ്ട് പോയേക്കാം എന്നു വിചാരിച്ചു ഞാൻ എഴുന്നേറ്റു തറവാട്ടിലേക്ക് നടന്നു.....

 തറവാട്ടിലേക്ക് നടക്കും വഴിയാണ് വർഷങ്ങളായി പൂട്ടിക്കിടക്കുന്ന തറവാട് എന്റെ ശ്രദ്ധയിൽ പെട്ടത്....." മേനാശ്ശേരി തറവാട് "....

കുട്ടിക്കാലത്തെ യക്ഷികഥകളിൽ നിറഞ്ഞു നിന്നത് ഈ തറവാടാണ്..... നഷ്‌ടമായ പ്രണയത്തിന്റെ പകയിൽ എല്ലാവരെയും കൊന്നൊടുക്കുന്ന ഭീകരയായ ഒരു 

യക്ഷി ഇവിടെ ഉണ്ടെന്നും ഒരുപാട് ദുരൂഹ മരണങ്ങൾ ഇവിടെ നടന്നിട്ടുണ്ടെന്നും പിന്നീട് ഒരു ഭട്ടതിരി അവളെ തളച്ചെന്നും മുത്തശ്ശിയും അമ്മയും പറഞ്ഞു കേട്ടിട്ടുണ്ട്.... ഒരുപക്ഷേ എല്ലാം വെറും കെട്ടു കഥകൾ ആയിരിക്കും.. 

എന്തായാലും പകൽ പോലും അങ്ങോട്ടേക്ക് നോക്കുമ്പോൾ ഒരു പേടിയൊക്കെ തോന്നി പോവും.... കാരണം ചുറ്റും കാടുപിടിച്ചു ആളനക്കം ഇല്ലാതെ കിടക്കുകയാണ് ആ തറവാട്.... 

കുട്ടിക്കാലം തൊട്ടുള്ള ഒരാഗ്രഹം ആണ് അതിനുള്ളിൽ ഒന്നു കേറണമെന്നുള്ളത്.... അവിടെ തേൻ മധുരമൂറുന്ന മാമ്പഴം തരുന്ന മാവുണ്ടെന്നു കേട്ടിട്ടുണ്ട്.... അതുകൊണ്ട് തന്നെ ആ മാവിൽ നിന്നും മാമ്പഴം കഴിക്കാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് പക്ഷേ അമ്മയെയും അമ്മാവനെയും ഒക്കെ പേടിച്ചിട്ട് അതിനുള്ളിൽ കയറാൻ ശ്രമിച്ചിട്ടില്ല എന്തായാലും ഇനി ഇവിടെ നിന്നാൽ ശെരിയാവില്ല തറവാട്ടിൽ എല്ലാവരും എഴുന്നേറ്റ് കാണും വേഗം പോവാം എന്നു മനസ്സിൽ ഓർത്തു അവിടെ നിന്നും ഞാൻ വേഗം നടന്നു തറവാട്ടിൽ എത്തി.. 

"ഡാ നീ ഇത്ര രാവിലെ ഇതെവിടെ പോയതാ.... 

"ചുമ്മ ഒന്നു നടക്കാൻ ഇറങ്ങിയതാ അമ്മേ.... നാട്ടിൻ പുറത്തെ ഭംഗി ആസ്വദിക്കണമെങ്കിൽ വെളുപ്പിനെ എഴുന്നേറ്റ് നടന്നു കാണണമെന്ന് അമ്മ തന്നെ അല്ലെ എപ്പോളും പറയാറുള്ളത്.... അതുകൊണ്ട് ഞാൻ ഒന്ന് നടന്നു നോക്കിയതാ.... 

"ഉവ്വ ഉവ്വാ നീ പോയി ചായ കുടിക്കു.... 

ഞാൻ അകത്തേക്ക് കയറാൻ തുടങ്ങിയതും വാതിൽ പടിയിൽ എന്നെ തടഞ്ഞു കൊണ്ടു ദക്ഷ നിന്നു.... അവളെന്നെ സംശയ ദൃഷ്ടിയോടെ ഒരു നോട്ടം നോക്കി.... 

"എന്താടി ഉണ്ടക്കണ്ണുരുട്ടി നോക്കുന്നത്.... വഴിമാറടി ഞാൻ പോട്ടെ.... 

"സത്യം പറ രുദ്രേട്ട നിങ്ങൾ രാവിലെ വടക്കേലെ കുളക്കടവിൽ പോയതല്ലേ..... 

"കുളക്കടവിലോ എന്തിന്..? 

"കുളിസീൻ കാണാൻ..... 

"കുളി സീൻ കാണാൻ പോയത് നിന്റെ അച്ഛൻ വാസുദേവൻ.... ബാത്‌റൂമിൽ പോവാൻ മുട്ടി നിൽക്കുമ്പോഴാ അവളുടെ അമ്മുമ്മേടെ കുളിസീൻ.... വഴിമാറടി കോപ്പേ എന്നും പറഞ്ഞു അവളെ തള്ളി മാറ്റി ഞാൻ അകത്തേക്ക് പോയി....

"അതുകേട്ടവൾക്കു ചിരി വന്നു.... 

=================

 കുളിയും ഭക്ഷണം കഴിപ്പുമെല്ലാം കഴിഞ്ഞു ഞാൻ പുറത്തേക്കു ഇറങ്ങി.... 

വഴിയിൽ വെച്ച് അജുവിനെ കണ്ടു.... കുട്ടിക്കാലം മുതലുള്ള എന്റെ കളിക്കൂട്ടുകാരൻ ആണ് അജു... 

"ഡാ അളിയാ നീ എപ്പോൾ വന്നു.... 

"ഞാൻ ഇന്നലെ വന്നതേ ഒള്ളൂ.... 

"എന്തായാലും നീ നേരത്തെ വന്നത് നന്നായി.... നീ വരാൻ വേണ്ടി ഞാൻ വെയിറ്റ് ചെയ്യുവായിരുന്നു ഇത്തവണത്തെ ഉത്സവം നമുക്ക് അടിച്ചു പൊളിക്കണ്ടേ.... 

"പിന്നെ നമുക്ക് തകർത്തേക്കാം മോനെ .... 

"പിന്നെ നമ്മുടെ ദക്ഷയുടെ കാര്യം എന്തായി ഇത്തവണ എങ്കിലും അവളോട്‌ ഇഷ്ടമാണെന്നു നീ പറയുമോ .....? 

"മ്മം ഇത്തവണ ഉറപ്പായും പറയും .... അവളുമായിട്ടുള്ള കല്യാണം ഉറപ്പിക്കാൻ കൂടി വേണ്ടിയിട്ടാണ് ഇത്തവണ നേരത്തെ വന്നത്..... 


" ആഹാ അപ്പോൾ ചിലവുണ്ട് അളിയാ.... 

"ഓ തരാം.. ആദ്യം ഇന്നു വൈകിട്ട് രണ്ടെണ്ണം അടിക്കാൻ എന്താ വഴിയെന്നു പറ ..... എത്ര നാളായി നാടൻ കള്ളിന്റെ രുചി ഒന്ന്‌ അറിഞ്ഞിട്ട്.... 

"അതിനെന്താ വൈകിട്ട് ഞാൻ സാധനവുമായി വരാം.... തറവാടിന്റെ അപ്പുറത്തെ ചായിപ്പിൽ കൊണ്ടു വെച്ചാൽ പോരെ ...... 

"മം നീ കൊണ്ടു വരുന്നതൊക്കെ കൊള്ളാം ആ പിശാശ് കാണരുത്.... 

"ആര് ദക്ഷയോ..... ഹഹഹ നിനക്കപ്പോൾ അവളെ പേടിയുണ്ടല്ലേ.... 

"എങ്ങനെ പേടിക്കാതെ ഇരിക്കും അവളറിഞ്ഞാൽ പിന്നെ ഈ നാട് മുഴുവൻ അറിയും.......

"നീ പേടിക്കേണ്ട അവളെന്നല്ല ഒരാളും കാണാതെ കുപ്പി കൊണ്ടു വരുന്ന കാര്യം ഞാൻ ഏറ്റു..

 നമ്മൾ ഇതെത്ര കൊല്ലമായി തുടങ്ങിയിട്ട്..... അളിയാ

ഇപ്പോൾ ഞാൻ പോണു കുറച്ചു തിരക്കുണ്ട് വൈകിട്ട് കാണാം.... 

"ഓക്കെ ഡാ....

 "എന്താ രണ്ടും കൂടി ഇവിടെ ഒരു ഗൂഢാലോചന.... 

ആ ചോദ്യം കേട്ട് ഞെട്ടി തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് ദക്ഷയെ.... 

ഈശ്വരാ ഈ പിശാശ് എല്ലാം കേട്ടോ ആവോ.... 

"എന്താ മോനെ മുഖത്തൊരു പരിഭ്രമം..... 

"നീ നിന്റെ കാര്യം നോക്കടി പെണ്ണെ.... 

"ഹാ ചൂടാവല്ലേ മാഷേ ഞാൻ ചുമ്മാ ചോദിച്ചതാ.... 

"ഉവ്വ നീ ഇതെവിടെ പോവാണ്.... 

"ഞാൻ ഒരാളെ കാണാൻ ഇറങ്ങിയതാണ്.... 

"ആരെ കാണാൻ.... 

"അതു ഏട്ടനോട് പറയേണ്ട കാര്യമില്ല.... 

"ഓ ആയിക്കോട്ടെ എന്നുപറഞ്ഞു ദേഷ്യം കേറി ഞാൻ മുന്നോട്ടു നടന്നു.... 

എന്റെ പിന്നാലെ മൂളിപ്പാട്ടും പാടി അവളും നടന്നു.... 

"ഡി പോത്തേ ആരെയോ കാണാൻ ഉണ്ടെന്നു പറഞ്ഞിട്ട് നീ എന്തിനാ എന്റെ പിന്നാലെ നടക്കുന്നത്.... 

"അയ്യടാ പിന്നാലെ നടക്കാൻ പറ്റിയൊരു സാധനം.. ഒന്നു പോടാ വായിനോക്കി.... 

"വായിനോക്കി നിന്റെ മറ്റവനാടി കോപ്പേ.... 

"ദേ ഏട്ടാ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ.... 

"ദേഷ്യം പിടിപ്പിച്ചാൽ നീ എന്നെ അങ്ങു ഒലത്തുമോ ..... 

"ഹാ വേണ്ടി വന്നാൽ അതും ചെയ്യും.... 

"എങ്കിൽ ഒലത്തി കാണിക്കടി എന്നും പറഞ്ഞു ഞാൻ അവളുടെ മുന്നിലേക്ക്‌ നിന്നു.... 

"പെട്ടെന്ന് ഹായ് ശ്രീയേട്ടൻ എന്നു പറഞ്ഞവൾ പുഞ്ചിരിച്ചു കൊണ്ട് എന്നെ തട്ടിമാറ്റി മുന്നോട്ടു പോയി...... 


ഞാൻ തിരിഞ്ഞു നോക്കുമ്പോൾ മുണ്ടും ഷർട്ടും ഒക്കെ അണിഞ്ഞൊരുത്തൻ എന്റെ എതിരെ നടന്നു വരുന്നുണ്ട്.... കാണാൻ തരക്കേടില്ല....

എന്നാലും ഇവൾ എന്തിനാ അവനെ കണ്ടിട്ട് ഇങ്ങനെ കിടന്നു ഓടുന്നത്....  

അവൾ അവന്റെ അടുത്തെത്തിയതും അവനും ഒന്നു ചിരിച്ചു പിന്നെ അവർ തമ്മിൽ എന്തൊക്കെയോ സംസാരിച്ചു തുടങ്ങി.... അത്‌ കാണാത്ത മട്ടിൽ ഞാൻ ആകാശത്തേക്ക് ഒക്കെ ഒന്നു നോക്കി.... പിന്നെ പതിയെ ഞാൻ ഏറു കണ്ണിട്ടു നോക്കുമ്പോൾ 

അവൾ അവന്റെ അടുത്ത് ചേർന്ന് നിന്നു ചിരിച്ചു കളിച്ചു സംസാരിക്കുന്നു..... ഇവൾ ഇത്രയും ചിരിച്ചു കളിച്ചു സംസാരിക്കാൻ മാത്രം 

ഏതാണാവോ ആ തെണ്ടി.... ഇനി അവൻ അവളുടെ കാമുകൻ എങ്ങാനും ആയിരിക്കുമോ....??

എന്റെ ശിവനേ..... എന്റെ നെഞ്ചിൽ കൂടി ഒരു മിന്നൽ പാഞ്ഞു പോയി......

തുടരും... 

Comments

Popular posts from this blog

ചെമ്പട്ട് | ഭാഗം : 1 | ശിവ

മയിൽപ്പീലിക്കാവ് | ഭാഗം : 1 | ശിവ

മയിൽപ്പീലിക്കാവ് | ഭാഗം : 2 | ശിവ